Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2016 5:32 PM IST Updated On
date_range 14 July 2016 5:32 PM ISTതകര്‍ന്ന ബസ്സ്റ്റാന്‍ഡില്‍ പാറപ്പൊടിയിട്ട് പരിഷ്കാരം; മൊത്തം കുളമായി
text_fieldsbookmark_border
പത്തനംതിട്ട: വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന ജില്ലാ ആസ്ഥാനത്തെ നഗരസഭ ബസ്സ്റ്റാന്‍ഡിന്‍െറ ശോച്യാവസ്ഥക്ക് പരിഹാരമില്ല. മാറിമാറി വന്ന നഗരസഭ ഭരണക്കാരും എം.എല്‍.എമാരും ഇപ്പോള്‍ ശരിയാക്കാമെന്ന് പറഞ്ഞതാണെങ്കിലും ബസ്സ്റ്റാന്‍ഡ് കുളമായിത്തന്നെ കിടക്കുന്നു. യാത്രക്കാരുടെ പ്രതിഷേധം ശക്തമാകുമ്പോള്‍ കുഴികളില്‍ പാറപൊടി വാരിയിട്ട് തല്‍ക്കാലം മുഖംരക്ഷിക്കാന്‍ നഗരസഭയും ശ്രമിക്കുന്നു. ഈ പാറപ്പൊടി ഇട്ട് എത്രകാലം ജനത്തെ പറ്റിക്കാമെന്നും അറിയില്ല. ഇതിന്‍െറ പേരിലും ചിലരുടെയെങ്കിലും കീശയിലേക്ക് കുറെ വീഴുന്നതായാണ് ജനസംസാരം. 2013 മേയ് 13നായിരുന്നു ബസ്സ്റ്റാന്‍ഡ് യാര്‍ഡ് ഉദ്ഘാടനം ചെയ്തത്. 48 ലക്ഷം രൂപ ചെലവിലായിരുന്നു യാര്‍ഡ് മെറ്റലിട്ട് ഉറപ്പിച്ച് ടാര്‍ ചെയ്തത്. ടാര്‍ ചെയ്ത് ഒരുമാസം തികയും മുമ്പേ യാര്‍ഡ് നിശ്ശേഷം തകര്‍ന്നു. പിന്നീട് സ്റ്റാന്‍ഡ് നന്നാക്കാന്‍ ആരും തുനിഞ്ഞില്ല. മണ്ണിട്ട് നന്നായി ഉറപ്പിക്കാത്തതാണ് വേഗത്തില്‍ പൊട്ടി തകരാന്‍ കാരണമായതെന്നായിരുന്നു കണ്ടത്തെല്‍. യാര്‍ഡ് നിര്‍മാണത്തിലെ അഴിമതിയും അന്നത്തെ പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടി. തകര്‍ന്ന യാര്‍ഡിലേക്ക് ബസുകള്‍ കയറിയിറങ്ങുമ്പോള്‍ ബസിന്‍െറ പ്ളേറ്റ് തകരുന്നത് ഉള്‍പ്പെടെ കേടുപാടുകള്‍ സംഭവിക്കുന്നതും പതിവായി. യാര്‍ഡ് നന്നാക്കണമെന്ന് നാനാഭാഗത്തുനിന്ന് മുറവിളി ഉയരുമ്പോഴും അധികൃതര്‍ കേട്ടഭാവം നടിച്ചില്ല. ഇതിനിടെ കുഴികളില്‍ വള്ളം ഇറക്കിയും വാഴ നട്ടും ചിത്രം വരച്ചും മത്സ്യങ്ങളെ നിക്ഷേപിച്ചുമൊക്കെ പലതരം പ്രതിഷേധങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നു. ഒരാഴ്ച മുമ്പ് അഞ്ചുലക്ഷം രൂപ മുടക്കി കുഴികളില്‍ പാറപ്പൊടിയും മെറ്റലും നിക്ഷേപിച്ചെങ്കിലും കനത്ത മഴയത്ത് അതും ഒലിച്ചുപോയി. ഇപ്പോള്‍ വീണ്ടും പഴയ അവസ്ഥയിലായി. സ്റ്റാന്‍ഡിലെ മൂത്രപ്പുരയുടെ അവസ്ഥയും ദയനീയമാണ്. ഏതുനിമിഷവും നിലംപൊത്താവുന്ന സ്ഥിതിയില്‍ നില്‍ക്കുന്നു. യാത്രക്കാര്‍ നില്‍ക്കുന്ന ഭാഗത്തെ സ്ഥിതിയും പരിതാപകരംതന്നെ. മഴയത്ത് കുടയുണ്ടെങ്കില്‍ മാത്രമേ ഇവിടെ നില്‍ക്കാന്‍ കഴിയൂ. മേല്‍ക്കൂര നിശ്ശേഷം തകര്‍ന്നു. തറയില്‍ വെള്ളം കെട്ടിക്കിടക്കുന്നത് കാരണം നില്‍ക്കാന്‍ വേറെ ഇടം കണ്ടത്തെണം. വൈദ്യുതി ബള്‍ബുകള്‍ ഒടിഞ്ഞുതൂങ്ങിക്കിടക്കുകയാണ്. വ്യാപാരികളും യാത്രക്കാരും മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ് സ്റ്റാന്‍ഡ് നിറയെ മാലിന്യക്കൂമ്പാരവുമാണ്. ഓടയില്‍ മാലിന്യങ്ങള്‍ നിറഞ്ഞ് കൊതുകും മറ്റും പെരുകുന്നു. സ്റ്റാന്‍ഡിനുള്ളില്‍ കാലുകുത്തുന്നവര്‍ക്ക് രോഗങ്ങളും ഉറപ്പാണ്. അത്രമാത്രം അറപ്പുളവാക്കുന്ന അവസ്ഥയാണ് ഇവിടം. ചുറ്റിനും വളര്‍ന്നുനില്‍ക്കുന്ന കാട്ടിലാണ് പ്രാഥമികാവശ്യങ്ങള്‍ നടത്തുന്നത്. ദുര്‍ഗന്ധം കാരണം മൂക്കുപൊത്തിയാണ് സ്റ്റാന്‍ഡില്‍ പ്രവേശിക്കേണ്ടത്. കടക്കെണികൊണ്ട് നട്ടം തിരിയുന്ന നഗരസഭക്ക് ഇനി സ്റ്റാന്‍ഡിന്‍െറ ശോച്യാവസ്ഥ പരിഹരിക്കാന്‍ കഴിയില്ളെന്ന് ഉറപ്പാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബസ്സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ളക്സ് നിര്‍മാണവുമായി ബന്ധപ്പെട്ട് കടമെടുത്ത പണം തിരിച്ചടക്കാന്‍ കഴിയാതെ വലയുകയാണ് അവര്‍. കടം എടുത്ത തുകയുടെ പലിശമാത്രം ദിവസം 16,000ത്തോളം രൂപ വേണ്ടിവരുന്നു. സ്ഥലം എം.എല്‍.എയില്‍ മാത്രമാണ് ഇനി അല്‍പം പ്രതീക്ഷയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story