Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2016 5:57 PM IST Updated On
date_range 31 Jan 2016 5:57 PM ISTകുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ കൂടുതല്‍ തുക വേണം
text_fieldsbookmark_border
പത്തനംതിട്ട: രൂക്ഷമായ വരള്‍ച്ച ഭീഷണിയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ കൂടുതല്‍ തുക അനുവദിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടുന്ന പ്രമേയം കലക്ടര്‍ എസ്. ഹരികിഷോറിന്‍െറ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ കൂടിയ വികസന സമിതി യോഗം അംഗീകരിച്ചു. കെ.എസ്.ആര്‍.ടി.സിയില്‍ ഒഴിവുള്ള ഡ്രൈവര്‍ തസ്തികകള്‍ നികത്താന്‍ നടപടി വേണമെന്ന് സര്‍ക്കാറിനോട് അഭ്യര്‍ഥിക്കാനും യോഗം തീരുമാനിച്ചു. അഡ്വ.കെ. ശിവദാസന്‍ നായര്‍ എം.എല്‍.എ അവതരിപ്പിച്ച പ്രമേയം എം.എല്‍.എമാരായ അഡ്വ. മാത്യു ടി. തോമസ്, രാജു എബ്രഹാം, ചിറ്റയം ഗോപകുമാര്‍ എന്നിവരുള്‍പ്പെടെ ജനപ്രതിനിധികള്‍ പിന്താങ്ങി. തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ തുക നല്‍കി താല്‍ക്കാലിക കുടിവെള്ള വിതരണത്തിന് സംവിധാനമുണ്ടാക്കണം, പൈപ്പുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കണം, കുഴല്‍കിണറുകള്‍ നന്നാക്കണം, ജല, ഭൂഗര്‍ഭ വകുപ്പുകളുടെ പ്രവര്‍ത്തനം വരള്‍ച്ചാവേളയില്‍ കൂടുതല്‍ ഊര്‍ജിതമാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ എം.എല്‍.എമാര്‍ ഉന്നയിച്ചു. വെള്ളം പമ്പ് ചെയ്യുന്ന പ്രദേശങ്ങളില്‍ കെട്ടിനില്‍ക്കാതെ ഒഴുക്ക് സുഗമമാക്കുന്നതിനും അണക്കെട്ടുകള്‍ തുറക്കുന്നത് സംബന്ധിച്ചും പ്രത്യേക യോഗം കൂടുമെന്ന് കലക്ടര്‍ അറിയിച്ചു. പൈപ്പ് ലൈനുകള്‍ നീട്ടുന്നതിനും കുഴല്‍കിണറുകള്‍ നന്നാക്കുന്നതിനും പുതിയവ കുഴിക്കുന്നതിനും ഊന്നല്‍ നല്‍കണമെന്ന് അഡ്വ.കെ. ശിവദാസന്‍ നായര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. കരുവാറ്റ പൈപ്പ് ലൈന്‍ പണി ത്വരിതപ്പെടുത്തണം, അടൂര്‍ തോട്ടുവ, കൊടുമണ്‍ എന്നിവിടങ്ങളിലെ ജലനിരപ്പ് താഴുന്നതിനാല്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നും ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ അറിയിച്ചു. തിരുവല്ല നഗരസഭാ പ്രദേശത്ത് ശുദ്ധജല വിതരണം തടസ്സപ്പെടുന്നതിന് പരിഹാരം വേണം. ആഞ്ഞിലിമൂട് ഭാഗത്ത് കെ.എസ്.ടി.പി റോഡ് പണി നടക്കുമ്പോള്‍ ഒരാഴ്ചത്തേക്ക് ജലവിതരണം മുടങ്ങുമെന്നത് ആശങ്കയുണ്ടാക്കുന്നതായും വേനല്‍ക്കാലത്ത് ജലവിതരണം തടസ്സപ്പെടുത്തരുതെന്നും മാത്യു ടി. തോമസ് എം.എല്‍.എ അറിയിച്ചു. ഉപയോഗരഹിതമായ കുഴല്‍കിണറുകള്‍ ഉപയോഗ്യമാക്കണം, കുഴിക്കാന്‍ അനുമതി ലഭിച്ച ഇടങ്ങളില്‍ കുഴല്‍ക്കിണറുകള്‍ ഉടന്‍ പൂര്‍ത്തിയാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ രാജു എബ്രഹാം എം.എല്‍.എ ഉന്നയിച്ചു. പെരുന്തേനരുവി റോഡില്‍ ഒരു കി.മീ. പണി പൂര്‍ത്തിയാകാത്തത് പൂര്‍ത്തിയാക്കണം. മൂന്നു പ്രാവശ്യം ഫോട്ടോ എടുത്തിട്ടും ആധാര്‍ കാര്‍ഡ് ലഭിക്കാത്തതായി ലഭിച്ച പരാതിയില്‍ പരിഹാരം വേണം. അട്ടത്തോട് പട്ടികവര്‍ഗ കോളനിയില്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ നിര്‍മാണത്തിനുള്ള നടപടി ഊര്‍ജിതമാവണം, കുറുമ്പന്‍മൂഴി കമ്യൂണിറ്റി ഹാള്‍ പണി പൂര്‍ത്തീകരിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. കിസുമം, മുക്കുഴി, കീഴ്മുറി തുടങ്ങി ഏഴു സ്ഥലങ്ങളില്‍ അര്‍ഹരായവര്‍ക്ക് മാര്‍ച്ചില്‍ നടക്കുന്ന പട്ടയമേളയില്‍ പട്ടയം നല്‍കുമെന്നും വടശേരിക്കര ഡി.ടി.പി.സി അമിനിറ്റി സെന്‍റര്‍ നിര്‍മാണം പൂര്‍ത്തീകരിച്ചതായും രാജു എബ്രഹാം എം.എല്‍.എക്ക് മറുപടി ലഭിച്ചു. കോഴഞ്ചേരി-നാരങ്ങാനം റോഡ്, മാരാമണ്‍ കണ്‍വെന്‍ഷന്‍ നഗര്‍ റോഡ് എന്നിവിടങ്ങളിലെ വെള്ളക്കെട്ട് മാരാമണ്‍ കണ്‍വെന്‍ഷന് മുമ്പായി പരിഹരിക്കണമെന്ന് അഡ്വ.കെ. ശിവദാസന്‍ നായര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ദിവസം 25 ശസ്ത്രക്രിയവരെ നടന്നിരുന്ന കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ അനസ്തറ്റിസ്റ്റ് ഇല്ലാത്തത് പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ജില്ലയിലെ ആശുപത്രികളിലെ ഒഴിവ് നികത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എട്ട് അസി. സര്‍ജന്മാര്‍, മൂന്നു സിവില്‍ സര്‍ജന്‍ എന്നീ ഒഴിവുകള്‍ നികത്തി. മറ്റ് ഒഴിവുകള്‍ നികത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നടപടിയെടുക്കുന്നതായി ഡി.എം.ഒ അറിയിച്ചു. ആറന്മുള, പത്തനംതിട്ട സിവില്‍ സ്റ്റേഷനുകളിലെ ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാന്‍ നടപടിയായി വരുന്നതായി കലക്ടര്‍ അറിയിച്ചു. പന്നിക്കുഴി പാലത്തിന് സമീപമുള്ള കുഴി ഗതാഗത തടസ്സം സൃഷ്ടിക്കുന്നതും പുതിയ പാലത്തിലൂടെ യാത്ര അപകടകരമാവുന്നതും പഴയ പാലം അടച്ചിട്ടിരിക്കുന്നതും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി മാത്യു ടി. തോമസ് എം.എല്‍.എ അറിയിച്ചു. ഇതു സംബന്ധിച്ച് പ്രശ്ന പരിഹാരത്തിനായി കലക്ടര്‍, സബ്കലക്ടര്‍ ഡോ. ശ്രീറാം വെങ്കിട്ടരാമനെ ചുമതലപ്പെടുത്തി. തിരുവല്ല മുത്തൂര്‍ അങ്കണവാടിക്ക് സമീപത്തെ എല്‍.പി സ്കൂളില്‍ താല്‍ക്കാലിക സംവിധാനം ഏര്‍പ്പെടുത്താന്‍ ഡി.പി.ഐയുടെ അനുവാദം ഉടന്‍ ലഭിക്കുമെന്ന് ആര്‍.ഡി.ഒ എം.എല്‍.എയെ അറിയിച്ചു. തിരുവല്ല റെയില്‍വേ സ്റ്റേഷനിലെ ഒന്നാം പ്ളാറ്റ്ഫോമില്‍ പ്രധാന വണ്ടികള്‍ എത്താത്തതിനാല്‍ എസ്കലേറ്റര്‍ സ്ഥാപിക്കാന്‍ നടപടി വേണം തുടങ്ങിയ ആവശ്യങ്ങളും എം.എല്‍.എ ഉന്നയിച്ചു. അടൂര്‍ ഗവ. ആശുപത്രിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കലക്ടര്‍ വിളിച്ചുകൂട്ടിയ യോഗത്തിലെ തീരുമാനങ്ങള്‍ നടപ്പാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. കൊടുമണ്‍ അങ്ങാടിക്കല്‍ പ്രദേശത്ത് കാട്ടുപന്നി ശല്യം തടയുന്നത് ശക്തമാക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. കൊടുമണ്‍ പ്രദേശത്ത് പെട്ടിക്കടകളില്‍ അധികൃത മദ്യവില്‍പന തടയുക, പള്ളിക്കലില്‍ അനധികൃതമായി മണ്ണെടുക്കുന്നത് തടയുക, കെ.പി റോഡ് ചന്ദനപ്പള്ളി വളവില്‍ അപകട മേഖല ബോര്‍ഡും സിഗ്നല്‍ ലൈറ്റും സ്ഥാപിക്കുക എന്നിവക്കൊപ്പം ജല അതോറിറ്റിയും മരാമത്തും റോഡ് പണികളില്‍ കൂടിയാലോചനകള്‍ വേണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്‍റ് തോപ്പില്‍ ഗോപകുമാര്‍, പന്തളം നഗരസഭാ വൈസ് ചെയര്‍മാന്‍ ഡി. രവീന്ദ്രന്‍, ജില്ലാ പ്ളാനിങ് ഓഫിസര്‍ പി.ജെ. ആമിന തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story