Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jan 2016 3:36 PM IST Updated On
date_range 20 Jan 2016 3:36 PM ISTപത്തനംതിട്ടയില്‍ വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചു തുടങ്ങി
text_fieldsbookmark_border
പത്തനംതിട്ട: നഗരത്തിലെ വഴിയോരങ്ങളില്‍ അനധികൃത കച്ചവടം നടത്തുന്നവരെ നഗരസഭാ ഒഴിപ്പിച്ചു തുടങ്ങി. ഫെബ്രുവരി ഒന്നു മുതല്‍ നഗരത്തില്‍ ഗതാഗത പരിഷ്കരണം നടപ്പാക്കുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു. വഴിയോര കച്ചവടക്കാര്‍ ഒഴിഞ്ഞു പോകണമെന്നും അവര്‍ക്കായി മാര്‍ക്കറ്റില്‍ പ്രത്യേകം തയാറാക്കിയിട്ടുള്ള സ്ഥലത്ത് കച്ചവടം നടത്തണമെന്നും ആവശ്യപ്പെട്ട് നഗരസഭാ ചെയര്‍പേഴ്സണ്‍ രണ്ടാഴ്ച മുമ്പ് നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞ 15വരെ ഇതിനായി സമയവും അനുവദിച്ചു. നഗരസഭ നല്‍കിയ സമയപരിധിക്കുള്ളില്‍ ഒഴിഞ്ഞു പോകാതിരുന്നതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് ഒഴിപ്പിക്കല്‍ ആരംഭിച്ചത്. രണ്ടു ദിവസങ്ങളിലായി പൊലീസ് സ്റ്റേഷന്‍ റോഡ്, പഴയ സ്വകാര്യ ബസ്സ്റ്റാന്‍ഡ്, കുമ്പഴ റോഡ് എന്നിവിടങ്ങളിലെ വഴിയോര കച്ചവടക്കാരെയാണ് ഒഴിപ്പിച്ചത്. ആദ്യ ദിനം 25 പേരെ ഒഴിപ്പിച്ചതില്‍ നാലു പേര്‍ മാത്രമാണ് മലയാളികള്‍. ശേഷിക്കുന്നത് തമിഴ്നാട് സ്വദേശികളാണ്. ഇവരോട് മാര്‍ക്കറ്റില്‍ തയാറാക്കിയിട്ടുള്ള സ്ഥലത്തുവന്ന് കച്ചവടം ചെയ്യാന്‍ പറഞ്ഞെങ്കിലും ആരും ഇതുവരെ എത്തിയിട്ടില്ളെന്ന് ചെയര്‍പേഴ്സണ്‍ രജനി പ്രദീപ് പറഞ്ഞു. സ്വകാര്യ ബസ്സ്റ്റാന്‍ഡിലെ കച്ചവടം ഒഴിപ്പിച്ച ഭാഗം പേ ആന്‍ഡ് പാര്‍ക്കാക്കി മാറ്റുമെന്ന് വൈസ് ചെയര്‍മാന്‍ പി.കെ. ജേക്കബ് പറഞ്ഞു. ഇവിടെ വലിയ വാഹനങ്ങള്‍ക്കും ഇരുചക്ര-മുച്ചക്ര വാഹനങ്ങള്‍ക്കുമായി പ്രത്യേകം പാര്‍ക്കിങ് സ്ഥലം അടയാളപ്പെടുത്തി നല്‍കും. സ്വകാര്യ ബസുകള്‍ക്ക് കയറിയിറങ്ങിപ്പോകുന്നതിനായുള്ള സ്ഥലം മാത്രം മാറ്റിവെച്ച ശേഷമാകും പേ ആന്‍ഡ് പാര്‍ക്ക് ഒരുക്കുക. റിങ് റോഡിലെ സായാഹ്ന മത്സ്യവില്‍പനക്കാരെയും വരും ദിവസങ്ങളില്‍ ഒഴിപ്പിക്കും. ഇവരോട് ഒഴിഞ്ഞു പോകണമെന്ന് നേരത്തേ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ ഒഴിയാന്‍ ഇവര്‍ കൂട്ടാക്കിയിട്ടില്ല. ഒരു തവണ കൂടി മുന്നറിയിപ്പ് നല്‍കിയ ശേഷമാകും ഇവരെ ഒഴിപ്പിക്കുകയെന്ന് ചെയര്‍പേഴ്സണും വൈസ് ചെയര്‍മാനും പറഞ്ഞു. വന്‍തുക തറവാടക ഇനത്തില്‍ നഗരസഭക്ക് നല്‍കിയ ശേഷമാണ് മാര്‍ക്കറ്റ് സ്റ്റാളുകളില്‍ വ്യാപാരികള്‍ കച്ചവടം നടത്തുന്നത്. ഇവര്‍ക്ക് വന്‍ ഭീഷണിയായി മാറിയിരിക്കുകയാണ് വഴിയോര കച്ചവടക്കാര്‍. ഒരു വിധത്തിലുള്ള നികുതിയും വഴിയോര കച്ചവടക്കാര്‍ക്ക് ബാധകമല്ല. അതിനാല്‍തന്നെ ഇവര്‍ക്ക് മാര്‍ക്കറ്റിലുള്ളതിനെക്കാള്‍ വിലക്കുറവില്‍ സാധനങ്ങള്‍ നല്‍കുന്നതിനും കഴിയും. ഏറെ നാളുകളായി വ്യാപാരികള്‍ ഇതേപ്പറ്റി പരാതി പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നെന്ന് വൈസ്ചെയര്‍മാന്‍ പി.കെ. ജേക്കബ് പറഞ്ഞു. കൂടാതെ നടപ്പാത കൈയേറിയുള്ള പാര്‍ക്കിങ്ങും കച്ചവടവും കാരണം യാത്രക്കാര്‍ പെരുവഴിയിലൂടെ നടക്കേണ്ട ഗതികേടിലായിരുന്നു. വഴിയോര കച്ചവടം ഗതാഗതക്കുരുക്കിനും കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് നഗരസഭ വഴിയോര കച്ചവടം ഒഴിപ്പിക്കുന്നതിനും ഗതാഗത ക്രമീകരണം പരിഷ്കരിക്കുന്നതിനും തീരുമാനിച്ചത്. ഇതിനായി വ്യാപാരികളുമായി ഒരു വട്ടം ചര്‍ച്ച നടത്തിക്കഴിഞ്ഞു. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം ഒന്നിന് പുതിയ ഗതാഗത ക്രമീകരണം നടപ്പാക്കും. അനധികൃതമായി പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ക്ക് നേരെയും നടപടി സ്വീകരിക്കുന്നതാണെന്ന് നഗരസഭാധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story