Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jan 2016 3:21 PM IST Updated On
date_range 12 Jan 2016 3:21 PM ISTമകരവിളക്ക്: വ്യൂ പോയന്‍റുകളില്‍ ശക്തമായ സുരക്ഷയൊരുക്കും
text_fieldsbookmark_border
പത്തനംതിട്ട: ശബരിമല മകരവിളക്കിന് ജില്ലാ ഭരണകൂടത്തിന്‍െറ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വിപുലമായ ക്രമീകരണം ഏര്‍പ്പെടുത്താന്‍ തീരുമാനമായി. കലക്ടര്‍ എസ്. ഹരികിഷോറിന്‍െറ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മകരവിളക്ക് മുന്നൊരുക്കം വിലയിരുത്താന്‍ അവലോകന യോഗം ചേര്‍ന്നു. മകരജ്യോതി ദര്‍ശനത്തിന് തീര്‍ഥാടകര്‍ എത്തുന്ന അഞ്ച് വ്യൂ പോയന്‍റുകളിലും പൊലീസ് കനത്ത സുരക്ഷയൊരുക്കും. ബുധനാഴ്ച പന്തളത്തു നിന്നാരംഭിക്കുന്ന തിരുവാഭരണ ഘോഷയാത്രക്ക് ശക്തമായ സുരക്ഷയൊരുക്കാന്‍ നടപടി സ്വീകരിച്ചതായി ജില്ലാ പൊലീസ് മേധാവി ടി. നാരായണന്‍ പറഞ്ഞു. തിരുവാഭരണം കടന്നുവരുന്ന സ്ഥലങ്ങളില്‍ വെളിച്ചക്കുറവുള്ളിടത്ത് 30 പെട്രോമാക്സുകള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. തിരുവാഭരണ ഘോഷയാത്ര വലിയാനവട്ടം വഴി വനത്തിലൂടെ കടന്നുപോകുമ്പോള്‍ മെഡിക്കല്‍ ടീമും അനുഗമിക്കും. ഘോഷയാത്ര എത്തുമ്പോള്‍ സ്വീകരിക്കുന്നതിന് പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ഇതു സുരക്ഷാ പ്രശ്നം സൃഷ്ടിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. അട്ടത്തോട്, ഇലവുങ്കല്‍, നെല്ലിമല എന്നിവിടങ്ങളില്‍ പൊതുമരാമത്ത് റോഡ്സ് വിഭാഗം നേതൃത്വത്തില്‍ ബാരിക്കേഡ് പണി പുരോഗമിക്കുന്നു. ആരോഗ്യ വകുപ്പ് നേതൃത്വത്തില്‍ കരിമലയില്‍ മെഡിക്കല്‍ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. ആരോഗ്യ വകുപ്പിന്‍െറ 30 ആംബുലന്‍സുകള്‍ക്ക് പുറമെ ദുരന്ത നിവാരണ വിഭാഗത്തിന്‍െറ ചുമതലയിലുള്ള 12 ആംബുലന്‍സുകളുടെ സേവനവുമുണ്ടാകും. അയ്യന്‍മല, പഞ്ഞിപ്പാറ, നെല്ലിമല എന്നിവിടങ്ങളില്‍ വനംവകുപ്പും ഫയര്‍ ഫോഴ്സും അസ്ക ലൈറ്റുകള്‍ സ്ഥാപിക്കും. മകരവിളക്കിനു മുന്നോടിയായി കെ.എസ്.ഇ.ബി പാണ്ടിത്താവളത്ത് 600 താല്‍ക്കാലിക ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പന്തളം, പ്ളാപ്പള്ളി, പമ്പ എന്നിവിടങ്ങളില്‍ ഫയര്‍ ഫോഴ്സിന്‍െറ സ്ക്യൂബ ടീം ക്യാമ്പ് ചെയ്യും. അയ്യന്‍മല, പഞ്ഞിപ്പാറ എന്നിവിടങ്ങളില്‍ 14ന് രാവിലെ മുതല്‍ ഫയര്‍ ഫോഴ്സ് ടീം ഉണ്ടാകും. കെ.എസ്.ആര്‍.ടി.സി പത്തനംതിട്ടയില്‍നിന്ന് 1000 ബസ്സര്‍വിസ് നടത്തും. മകരവിളക്കിനു 50 ബസുകള്‍ വീതം ഇവിടെ നിന്ന് പമ്പയിലേക്കയക്കും. മോട്ടോര്‍ വാഹന വകുപ്പിന്‍െറ 40 പട്രോളിങ് ടീം രംഗത്തുണ്ടാകും. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ വേണ്ട നടപടി ടീം സ്വീകരിക്കും. തിരുവല്ല സബ്കലക്ടര്‍ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍, അസി. കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍, ഡെപ്യൂട്ടി കലക്ടര്‍ ടി.വി. സുഭാഷ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story