Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2016 3:44 PM IST Updated On
date_range 28 Feb 2016 3:44 PM ISTത്രിതല പഞ്ചായത്തുകളില്‍ പദ്ധതി രൂപവത്കരണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നു
text_fieldsbookmark_border
പന്തളം: ത്രിതല പഞ്ചായത്തുകളില്‍ പുതിയ സാമ്പത്തിക വര്‍ഷത്തെ പദ്ധതി രൂപവത്കരണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നു. 2016-17 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ രൂപവത്കരിക്കേണ്ട ഗ്രാമസഭകള്‍ ചേരാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന സമയപരിധി മാര്‍ച്ച് എട്ടുവരെയാണ്. ഇതിന് മുമ്പായി എല്ലാവാര്‍ഡുകളിലും അയല്‍സഭകളും വാര്‍ഡ് വികസന സമിതികളും രൂപവത്കരിക്കണമെന്നാണ് ചട്ടം. ഭൂരിപക്ഷം പഞ്ചായത്തുകളിലും അയല്‍ സഭകളുടെ രൂപീകരണം പൂര്‍ത്തിയാക്കാനായിട്ടില്ല. 50 മുതല്‍ 100 വരെ വീടുകളെ ഉള്‍പ്പെടുത്തിയാണ് അയല്‍സഭകള്‍ക്ക് രൂപംനല്‍കേണ്ടത്. വാര്‍ഡില്‍ രൂപവത്കരിക്കുന്ന അയല്‍സഭകളാണ് അതാത് പ്രദേശത്തെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് രൂപംനല്‍കേണ്ടത്. നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നാല്‍ ഈ പ്രവര്‍ത്തനങ്ങളാകെ നിലക്കും. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതികളുടെ കാലത്തുതന്നെ അയല്‍സഭകളും വാര്‍ഡ് സഭകളും രൂപവത്കരിക്കണമെന്ന നിര്‍ദേശം ഉണ്ടായിരുന്നതാണ്. അന്ന് ഇത് പൂര്‍ത്തീകരിക്കാന്‍ പഞ്ചായത്ത് സമിതികള്‍ക്കായില്ല. പുതിയ പഞ്ചായത്ത് ഭരണസമിതികള്‍ നിലവില്‍ വന്ന് മൂന്ന് മാസത്തിനകം ഗ്രാമസഭകള്‍ ചേരണമെന്ന നിയമവും പാലിക്കാനാകാത്ത സ്ഥിതിയാണുള്ളത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനു മുമ്പായി ബജറ്റ് അവതരണത്തിനുള്ള തിരക്കിലാണ് ത്രിതല പഞ്ചായത്ത് സമിതികള്‍. ഇത് ഗ്രാമസഭകള്‍ ചേരുന്ന പ്രവര്‍ത്തനത്തെയും ബാധിക്കാനാണ് സാധ്യത. 29നുമുമ്പ് ബജറ്റ് പൂര്‍ത്തീകരിക്കാനുള്ള ശ്രമമാണ് പഞ്ചായത്ത് സമിതികള്‍ നടത്തുന്നത്. പുതുതായി അധികാരത്തില്‍ വന്ന ഭരണസമിതികള്‍ക്ക് ബജറ്റ് തയാറാക്കുന്നതിനെക്കുറിച്ച് പഠിക്കാനും സാവകാശം ലഭിച്ചില്ളെന്ന് ആക്ഷേപമുണ്ട്. 2016-17 സാമ്പത്തികവര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ അയല്‍സഭകള്‍ ചേര്‍ന്ന് തയാറാക്കി വാര്‍ഡ് സഭകളുടെ അംഗീകാരത്തോടെ പഞ്ചായത്ത് വികസനസമിതിയില്‍ അവതരിപ്പിക്കണം. വികസനസമിതി 12 വര്‍ക്കിങ് ഗ്രൂപ്പുകളായി തിരിഞ്ഞ് പദ്ധതികള്‍ ക്രോഡീകരിച്ച് പഞ്ചായത്ത് ഭരണസമിതിക്ക് സമര്‍പ്പിക്കണം. പഞ്ചായത്ത് ഭരണസമിതിയുടെ അംഗീകാരത്തോടെ പദ്ധതി നിര്‍ദേശങ്ങള്‍ ഗ്രാമസഭകളില്‍ അവതരിപ്പിച്ച് അംഗീകാരം വാങ്ങണമെന്നാണ് നിയമം. ഭൂരിപക്ഷം പഞ്ചായത്തുകളിലും അയല്‍സഭാ രൂപവത്കരണം പോലും പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സാഹചര്യമുള്ളപ്പോള്‍ വരുംവര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകാനാണ് സാദ്ധ്യത. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നാല്‍ ഗ്രാമസഭകള്‍ ചേരാന്‍ കഴിയില്ല. പിന്നീട് പദ്ധതി രൂപവത്കരണ പ്രവര്‍ത്തനങ്ങള്‍ മേയ്മാസത്തിനുശേഷം മാത്രമേ തുടങ്ങാന്‍ കഴിയൂ എന്നതാണ് സാഹചര്യം. മേയ് മാസത്തില്‍ പദ്ധതി രൂപവത്കരണം തുടങ്ങി ഡി.പി.സികളുടെ അംഗീകാരത്തോടെ പദ്ധതി നടപ്പാക്കാന്‍ വരുന്ന സാമ്പത്തിക വര്‍ഷം മൂന്നുമാസം പോലും ലഭിക്കാത്ത സാഹചര്യമുണ്ടാകുമെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളില്‍ മാര്‍ച്ച് മാസത്തില്‍ തയാറാക്കുന്ന പദ്ധതികള്‍ക്ക് മേയ് മാസത്തോടെ അംഗീകാരം ലഭിച്ചാലും ശരാശരി എഴുപത് ശതമാനം വരെയാണ് പദ്ധതികള്‍ പൂര്‍ത്തീകരിക്കാറെന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story