Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഏനാദിമംഗലം...

ഏനാദിമംഗലം ഗ്രാമവാസികള്‍ക്ക് ദാഹമകറ്റാന്‍ വെള്ളമില്ല

text_fields
bookmark_border
അടൂര്‍: വേനല്‍ കടുത്തതോടെ ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. ജല അതോറിറ്റിയുടെ വെള്ളം താഴ്ന്ന പ്രദേശങ്ങളില്‍ മാത്രമാണ് എത്തുന്നത്, ഇതാകട്ടെ വല്ലപ്പോഴുമാണ്. പാറക്കെട്ടുകളുള്ള ഭാഗത്താണ് മുന്‍കാലങ്ങളില്‍ കുടിവെള്ളക്ഷാമം അനുഭവപ്പെട്ടിരുന്നതെങ്കില്‍ താഴ്ന്ന പ്രദേശങ്ങളും ഇപ്പോള്‍ വരള്‍ച്ച നേരിടുകയാണ്. ഗ്രാമത്തിലെ ഭൂരിപക്ഷം നെല്‍വയലുകളും റവന്യൂ അധികൃതരുടെ ഒത്താശയോടെ ഭൂമാഫിയകള്‍ നികത്തിയത് താഴ്ന്ന പ്രദേശങ്ങളിലും വരള്‍ച്ചക്കുകാരണമായി. കുറുമ്പകര, കുന്നിട, ചായലോട്, പാലക്കോട്, മരുതിമൂട്, മാരൂര്‍, പാറക്കാല, ഒഴുകുപാറ, മണ്ണാറ്റൂര്‍, മൈനാമണ്‍, പൂതങ്കര, ചാപ്പാലില്‍, മുരുപ്പേല്‍തറ, മുരുകന്‍കുന്ന്, വാലായത്തില്‍പടി, മങ്ങാട് എന്നിവിടങ്ങളില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഈ സ്ഥലങ്ങളിലെ കിണറുകളിലെ ജലനിരപ്പ് വളരെ താഴ്ന്ന നിലയിലാണ്. കനാലില്‍ വെള്ളം തുറന്നുവിടുമ്പോള്‍ സമീപപ്രദേശങ്ങളിലെ കിണറുകളില്‍ ജലനിരപ്പുയരുമായിരുന്നു. എന്നാല്‍, കനാലില്‍ വെള്ളമില്ലാത്തതിനാല്‍ ജനങ്ങള്‍ ആശങ്കയിലാണ്. 1993ല്‍ ജലസേചന മന്ത്രിയായിരുന്ന ബേബിജോണ്‍ തറക്കല്ലിട്ട കൂടല്‍-ഏനാദിമംഗലം ശുദ്ധജല പദ്ധതി ഇതുവരെയും പൂര്‍ത്തീകരിച്ച് കമീഷന്‍ ചെയ്തിട്ടില്ല. നാലുവര്‍ഷം മുമ്പ് നടപ്പാക്കിയ ഏനാദിമംഗലം പദ്ധതിയും ലക്ഷ്യം കണ്ടില്ല. ലോകബാങ്കിന്‍െറ സഹായത്തോടെ കൂടല്‍-ഏനാദിമംഗലം പദ്ധതിയുടെ 75 ശതമാനം പണിയും പൂര്‍ത്തിയാക്കിയിരുന്നതാണ്. അച്ചന്‍കോവിലാറ്റിലെ മാരൂര്‍ കടവില്‍ നിന്ന് വെള്ളം ശേഖരിച്ച് മുറിഞ്ഞകല്ലിലെ സംഭരണിയില്‍ എത്തിച്ചശേഷം രണ്ട് ഗ്രാമപഞ്ചായത്തുകളിലും വിതരണം ചെയ്യാനായിരുന്നു ഉദ്ദേശ്യം. 25 ലക്ഷം രൂപയാണ് ഇതിന് ചെലവാക്കിയത്. ടാങ്ക് നിര്‍മിക്കാന്‍ സ്ഥലമില്ളെന്ന പേരില്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ജലസേചന മന്ത്രിയായിരുന്നപ്പോഴാണ് ഏനാദിമംഗലം പദ്ധതിയുടെ ഒന്നാംഘട്ടം നടപ്പാക്കിയത്. അടൂര്‍ ശുദ്ധജലവിതരണ പദ്ധതിയിലെ ചിരണിക്കല്‍ ട്രീറ്റ്മെന്‍റ് പ്ളാന്‍റില്‍നിന്ന് ഏഴംകുളം പ്ളാന്‍േറഷന്‍ ജങ്ഷന്‍ വരെയുള്ള 300 എം.എം വ്യാസമുള്ള പൈപ്പിനെ ബന്ധിപ്പിച്ച് 200 എം.എം വ്യാസമുള്ള പി.വി.സി പൈപ്പ് കെ.പി റോഡിന്‍െറ വടക്കുഭാഗത്ത് മരുതിമൂട് വരെ സ്ഥാപിച്ച് കൂടല്‍-ഏനാദിമംഗലം ശുദ്ധജലവിതരണ പദ്ധതിക്കായി സ്ഥാപിച്ചിരുന്ന പൈപ്പുമായി ബന്ധിപ്പിച്ചാണ് ജലമത്തെിച്ചത്. ഇരുപതോളം പൊതുടാപ്പുകളും വാട്ടര്‍ കണക്ഷനുകളും നല്‍കി. ഗ്രാമപഞ്ചായത്തിന്‍െറ മറ്റുഭാഗങ്ങളില്‍ ജലമത്തെിക്കുന്നതിന് പാതയുടെ തെക്കുവശത്തും പൈപ്പ് സ്ഥാപിച്ചു. ആറുലക്ഷം രൂപയായിരുന്നു അടങ്കല്‍ തുക. ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളം എത്തിക്കുന്നതിന് ബൂസ്റ്റര്‍ സ്റ്റേഷനുകളും സംഭരണികളും സ്ഥാപിക്കാന്‍ 378 ലക്ഷം രൂപയുടെ പദ്ധതി നബാര്‍ഡിന് സമര്‍പ്പിച്ചെങ്കിലും പ്രാവര്‍ത്തികമായില്ല. ഏനാദിമംഗലത്ത് കുടിവെള്ളവിതരണം ഉദ്ഘാടനം മുതല്‍തന്നെ അവതാളത്തിലാണ്. പൈപ്പുപൊട്ടലും ജലം പാഴാകലും തുടര്‍ന്നതോടെ ജലവിതരണം പൂര്‍ണമായും മുടങ്ങുക പതിവായി. പൊതുടാപ്പുകള്‍ മിക്കതും നശിച്ചു. പ്ളാന്‍േറഷന്‍ മുക്കിലെ വാല്‍വ് തുറന്നെങ്കില്‍ മാത്രമേ ഏനാദിമംഗലത്ത് വെള്ളം എത്തുകയുള്ളു. വെള്ളം ഇവിടേക്ക് ഒഴുക്കാത്തതിനാല്‍ പറക്കോട്, ഏഴംകുളം ഭാഗങ്ങളില്‍ സമ്മര്‍ദം കൂടി പൈപ്പുപൊട്ടല്‍ പതിവാണ്. പറക്കോട് ബ്ളോക് പഞ്ചായത്ത് വര്‍ഷങ്ങള്‍ക്കുമുമ്പ് പണി പൂര്‍ത്തീകരിച്ച സ്കിന്നര്‍പുരം, മങ്ങാട് കുടിവെള്ളപദ്ധതികള്‍ പ്രാവര്‍ത്തികമായില്ല. രാജീവ്ഗാന്ധി ദേശീയ കുടിവെള്ള പദ്ധതി പ്രകാരം കമുകുംതോട്-കാഞ്ഞിവേലില്‍ കോളനി, വേടമല-പെരുന്തോയിക്കല്‍, മഞ്ഞപ്പുറം കോളനി, മുരുപ്പേല്‍തറ, മങ്ങാട് മാട്ടുമേപ്പ് കോളനി, ഇളമണ്ണൂര്‍ ലക്ഷംവീട് കോളനി, മുല്ലമ്പൂര് കോളനി, കാട്ടുകാല, കുന്നിട മൈനാമണ്‍ എന്നിവിടങ്ങളില്‍ ചെറുകിട പദ്ധതികള്‍ നിലവിലുണ്ട്. എന്നാല്‍, പലയിടത്തും പദ്ധതി പ്രവര്‍ത്തനം അവതാളത്തിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story