Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതിരുവല്ലയിലെ വിവാദം;...

തിരുവല്ലയിലെ വിവാദം; തോറ്റത് പി.ജെ. കുര്യന്‍

text_fields
bookmark_border
തിരുവല്ല: നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസഫ് എം. പുതുശേരിക്കെതിരെ വന്‍ പടയൊരുക്കം നടത്തിയെങ്കിലും ഒടുവില്‍ തോല്‍വിയേറ്റു വാങ്ങിയത് പടനയിച്ച പി.ജെ. കുര്യന്‍. പുതുശേരിയെക്കൊണ്ട് മാപ്പ് പറയിച്ച് ഒടുവില്‍ കുര്യന്‍ മുഖം രക്ഷിക്കുകയായിരുന്നു. ഒരുകാര്യവും ഇല്ലാതെ വിവാദമുണ്ടാക്കിയതിലൂടെ എല്‍.ഡി.എഫിന് ഗുണമുണ്ടാക്കുക മാത്രമാണ് ചെയ്തത്. തിരുവല്ലയില്‍ പുതുശേരി വിജയിക്കും എന്ന് ഇടതു പക്ഷക്കാര്‍ പോലും പറയുന്നിടത്ത് കാര്യങ്ങള്‍ എത്തിയപ്പോഴാണ് കുര്യന്‍ വിവാദമുണ്ടാക്കിയത്. ഇപ്പോള്‍ ഇടതു പക്ഷം പ്രതീക്ഷ വീണ്ടെടുത്തത് മാത്രമാണ് മിച്ചമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. മാര്‍ത്തോമ സഭയുടെ വക്കാലത്ത് ഏറ്റെടുത്താണ് പുതുശേരിക്കെതിരെ കുര്യന്‍ രംഗത്തിറങ്ങിയതെന്ന ആരോപണമാണ് ഉയര്‍ന്നത്. സഭക്കും പേരുദോഷം ഏല്‍പിച്ചെന്ന ആക്ഷേപവും കുര്യനെതിരെ ഉയരുന്നു. ജില്ലയില്‍ എ ഗ്രൂപ്പിന്‍െറ തലതൊട്ടപ്പനാണ് കുര്യന്‍. എന്നാല്‍, പുതുശേരിക്കെതിരായ നീക്കത്തില്‍ എ വിഭാഗത്തിന്‍െറ പിന്തുണപോലും കുര്യന് ലഭിച്ചില്ല. പാര്‍ട്ടിക്കുള്ളിലും മുന്നണിയിലും എതിര്‍പ്പുകള്‍ ശക്തമായി ഉയര്‍ന്നതോടെ കുര്യന്‍ പിന്തിരിയാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. കെ.പി.സി.സി പ്രസിഡന്‍റ് വിചാരിച്ചിട്ടുപോലും പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നം എന്തിന്‍െറ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഒത്തുതീര്‍പ്പാക്കിയതെന്ന് കുര്യന്‍ വ്യക്തമാക്കണമെന്ന ആവശ്യവുമായി ഐ ഗ്രൂപ് രംഗത്തുവന്നിട്ടുണ്ട്. തിരുവല്ലയില്‍ പുതുശേരി തോറ്റാല്‍ അതിന്‍െറ ഉത്തരവാദിത്തം കുര്യന്‍െറ പിടലിയിലാകുന്ന സ്ഥിതിയാണുള്ളത്. വെറുതെ വിവാദമുണ്ടാക്കുകയും ഒടുവില്‍ സുല്ലിടുകയും ചെയ്തതോടെ തകര്‍ന്നത് കുര്യന്‍െറ പ്രതിച്ഛായയാണ്. സംഭവം ജില്ലയില്‍ അദ്ദേഹത്തിനുണ്ടായിരുന്ന അപ്രമാദിത്വത്തിനും മങ്ങലേല്‍പിച്ചു. കഴിഞ്ഞ കാലങ്ങളില്‍ പി.ജെ. കുര്യന്‍െറ പിടിവാശികള്‍ക്ക് വഴങ്ങിയതിന്‍െറ ഫലമായി പാര്‍ട്ടിക്കുണ്ടായ നാണക്കേടുകളും ഇതോടൊപ്പം ചര്‍ച്ചയായി. ജില്ലയില്‍ പീലിപ്പോസ് തോമസ് അടക്കം പ്രമുഖര്‍ പാര്‍ട്ടിവിടാന്‍ കാരണമായത് കുര്യന്‍െറ പിടിവാശികളായിരുന്നു. തനിക്ക് മുകളില്‍ ഒരാളും ജില്ലയില്‍നിന്ന് ഉയര്‍ന്നുവരാന്‍ കുര്യന്‍ അനുവദിച്ചിട്ടില്ല എന്ന ആരോപണം നേരത്തേ അദ്ദേഹത്തിനെതിരെയുണ്ട്. കുര്യന്‍െറ അപ്രീതിക്ക് പാത്രമായ കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡന്‍റ് റെജി ചാക്കോ രണ്ടു തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരേ വിമതനായിനിന്ന് വിജയം കണ്ടതും ഇത്തവണ പ്രസിഡന്‍റായതുമൊക്കെ ചൂണ്ടിക്കാണിച്ചാണ് എതിര്‍പക്ഷം ആഘോഷിച്ചത്. പ്രത്യേകിച്ച് ഒരു കാരണവും പറയാതെ പൊടുന്നനെ പുതുശേരിയെ അംഗീകരിച്ച് കുര്യന്‍ പിന്‍വാങ്ങിയത് കെ.എം. മാണിയുമായി ചില ധാരണയില്‍ എത്തിയതിനെ തുടര്‍ന്നാണെന്ന അഭ്യൂഹം പരന്നിട്ടുണ്ട്. ബി.ജെ.പി സര്‍ക്കാറിന് കീഴില്‍ ഉപരാഷ്ട്രപതി സ്ഥാനം ലക്ഷ്യമിടുന്ന കുര്യനെ മാണി ഗ്രൂപ് പിന്തുണക്കുമെന്നാണ് അതിലൊന്ന്. പുതുശേരി തിരുവല്ലയില്‍ ജയിച്ചു വന്നാല്‍ പിന്നെ മണ്ഡലം അദ്ദേഹത്തിന്‍െറ കൈകളിലാകും എന്ന ചിന്താഗതിയും കരുക്കള്‍ നീക്കാന്‍ അദ്ദേഹത്തിന് പ്രേരണയായി. കുര്യന്‍െറ പോക്കുകണ്ടാണ് മാണിഗ്രൂപ്പില്‍നിന്ന് വിക്ടര്‍ ടി. തോമസും പുതുശേരിക്കെതിരെ പരസ്യ നിലപാടുമായി രംഗത്തു വന്നത്. പുതുശേരിയെ സമ്മര്‍ദ തന്ത്രത്തിലൂടെ നീക്കുമ്പോള്‍ പകരം തനിക്ക് ഇവിടെ മത്സരിക്കാന്‍ അവസരം ലഭിക്കുമെന്നായിരുന്നു വിക്ടര്‍ കരുതിയത്. കുര്യന്‍െറ നിലപാട് മാറ്റത്തോടെ വിക്ടറും കെണിയില്‍ വീണു. പ്രശ്നം രൂക്ഷമായപ്പോള്‍ കെ.പി.സി.സി നേതൃത്വം കുര്യനെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. സുധീരന്‍ പി.ജെ. കുര്യനുമായി നടത്തിയ അനുനയശ്രമം പരാജയപ്പെടുകയായിരുന്നു. കാതോലിക്ക ബാവ, എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍, ജോസ് കെ. മാണി, ഉമ്മന്‍ ചാണ്ടി തുടങ്ങിയവരൊക്കെ ഇടപെട്ടിട്ടും കുര്യന്‍ നിലപാട് കടുപ്പിച്ച് നില്‍ക്കുകയായിരുന്നു. പുതുശേരി വിഷയവുമായി ബന്ധപ്പെട്ട് വി.എം. സുധീരനുമായി നടത്തിയ ചര്‍ച്ചയില്‍ പരിഹരിക്കാനാകാത്ത എന്ത് പ്രശ്നമാണ് മാണിയുമായി നടത്തിയ ചര്‍ച്ചയില്‍ ഒത്തുതീര്‍ത്തത് എന്നറിയാന്‍ മണ്ഡലത്തിലെ സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആഗ്രഹമുണ്ടെന്ന് കോണ്‍ഗ്രസ് ബ്ളോക് കമ്മിറ്റി പ്രസിഡന്‍റ് രാജേഷ് ചാത്തങ്കരി പറഞ്ഞു. യു.ഡി.എഫും കെ.പി.സി.സി നേതൃത്വവും സ്വീകരിച്ച ഒൗദ്യോഗിക നിലപാടിന് വിരുദ്ധമായി വിമതസ്വരം ഉയര്‍ത്തിയവരാണ് ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തതെന്നാണ് ബ്ളോക് കമ്മിറ്റിയുടെ അഭിപ്രായം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുശേരി യു.ഡി.എഫിന് എതിരായി നിലപാട് സ്വീകരിച്ചത് മൂലമാണ് വിക്ടര്‍ ടി. തോമസ് പരാജയപ്പെട്ടതെന്നതായിരുന്നു പി.ജെ. കുര്യന്‍ ഉന്നയിച്ച പ്രധാന ആരോപണം. അതില്‍ കഴമ്പില്ളെന്ന് ബോധ്യമായതിനാലാണ് കേരള കോണ്‍ഗ്രസ് നേതൃത്വം ഇക്കുറി ജോസഫ് എം. പുതുശേരിക്ക് സീറ്റ് നല്‍കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story