Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅന്ന് ശബ്ദപ്രചാരക...

അന്ന് ശബ്ദപ്രചാരക തലവന്‍; ഇന്ന് മുഖ്യപത്രാധിപര്‍

text_fields
bookmark_border
അടൂര്‍: മൂന്നു പതിറ്റാണ്ടിലേറെയായി സംസ്ഥാനത്തെ തെരഞ്ഞെടുപ്പുകള്‍ക്ക് രാഷ്ട്രീയ നിറം നോക്കാതെ സ്ഥാനാര്‍ഥികളുടെ വിജയത്തിന് അഹോരാത്രം ഉച്ചഭാഷിണി പ്രചാരണം നടത്തിയ പുനലൂര്‍ കൃഷ്ണന്‍ കുട്ടി ഇന്ന് മറ്റൊരു രംഗത്തെ ‘തലൈവന്‍’. പുനലൂര്‍ നഗരസഭയില്‍ ആരംപുന്ന കൃഷ്ണപ്രഭയില്‍ ജി. കൃഷ്ണന്‍കുട്ടി അടൂര്‍ മഹാത്മാ ജനസേവനകേന്ദ്രത്തിലെ ‘മാഹാത്മ്യം’ ജീവകാരുണ്യ മാസികയുടെ ചീഫ് എഡിറ്ററാണ്. 1981ല്‍ പുനലൂരില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന കാവ്യകേളി മാസികയുടെ അമരക്കാരനുമായിരുന്നു ഇദ്ദേഹം. പഴയകാല ചലച്ചിത്രനടന്മാരുടെ ഉറ്റ സ്നേഹിതന്‍ കൂടിയായിരുന്ന ഇദ്ദേഹം കാവ്യകേളിയുടെ അസ്തമയത്തോടെ ഉപജീവനമാര്‍ഗത്തിനാണ് അനൗണ്‍സ്മെന്‍റ് തെരഞ്ഞെടുത്തത്. കൊല്ലം ജില്ലയിലെ നിയമസഭ, പാര്‍ലമെന്‍റ്, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ പ്രഫഷനല്‍ അനൗണ്‍സറായിരുന്നു കൃഷ്ണന്‍കുട്ടി. 1977ല്‍ പുനലൂര്‍ നിയോജകമണ്ഡലത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച വക്കം ഭരതന്‍ (സി.പി.എം), 1984ല്‍ പി.കെ. ശ്രീനിവാസന്‍ (സി.പി.ഐ), 1987ല്‍ വി. സുരേന്ദ്രന്‍പിള്ള (കേ.കോ.), 1996ല്‍ പി.കെ. ശ്രീനിവാസന്‍െറ മരണത്തെ തുടര്‍ന്ന് മത്സരിച്ച ഭാരതിപുരം ശശി (കോണ്‍.), 2001ല്‍ ഹിദുര്‍ മുഹമ്മദ്, 2006ല്‍ എം.വി. രാഘവന്‍ (സി.എം.പി), 2011ല്‍ ജോണ്‍സന്‍ എബ്രഹാം (കോണ്‍.) എന്നിവരുടെ വിജയത്തിനായി പ്രഫഷനല്‍ അനൗണ്‍സറായി. ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ കൊടിക്കുന്നില്‍ സുരേഷ്, പീതാംബരക്കുറുപ്പ്, എന്‍.കെ. പ്രേമചന്ദ്രന്‍ എന്നിവര്‍ക്കു വേണ്ടി പലതവണ ശബ്ദപ്രചാരണത്തില്‍ സജീവമായിരുന്ന കൃഷ്ണന്‍കുട്ടി പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ സംസ്ഥാനത്തുടനീളം സഞ്ചരിച്ചു. ഇന്നും ഓര്‍മയില്‍ പച്ചപിടിച്ചു നില്‍ക്കുന്നത് 1977ലെ തെരഞ്ഞെടുപ്പാണെന്ന് കുട്ടി പറയുന്നു. അന്ന് അടിയന്തരാവസ്ഥ കാലം. കേന്ദ്രത്തില്‍ ഇന്ദിര ഗാന്ധിയും സഞ്ജയ് ഗാന്ധിയും നാടടക്കി ഭരിച്ചു. ’77ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സി.പി.ഐയും കേരള കോണ്‍ഗ്രസും മുസ്ലിംലീഗും ആര്‍.എസ്.പിയും ഒറ്റക്കെട്ടായി ഒരു മുന്നണിയിലും മറുഭാഗത്ത് ജനതാ പാര്‍ട്ടിയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും മാത്രവുമായിരുന്നു മത്സരിച്ചത്. പുനലൂര്‍ നിയോജക മണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ഥി വക്കം ഭരതന് വേണ്ടിയായിരുന്നു ശബ്ദപ്രചാരണം. മൈക്ക് പ്രചാരത്തിലാകും മുമ്പ് അലുമിനിയം മെഗാഫോണിലൂടെ തൊണ്ട പൊട്ടുമാറുച്ചത്തില്‍ സ്ഥാനാര്‍ഥിയുടെ ഗുണഗണങ്ങള്‍ വാഴ്ത്തി വോട്ട് അഭ്യര്‍ഥിച്ച് പാതിരാവോളം ഊടുവഴികളിലൂടെ കിലോമീറ്ററുകള്‍ നടന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് കൃഷ്ണന്‍കുട്ടി ഓര്‍മിക്കുന്നു. സ്റ്റീരിയോ സിസ്റ്റങ്ങളോ ചീറിപ്പായുന്ന പ്രചാരണ വാഹനങ്ങളോ ഫ്ളക്സ് ബോര്‍ഡുകളോ അന്ന് ഇല്ലായിരുന്നു. കുമ്മായം കലക്കി തൊട്ടികളില്‍ നിറച്ച് അതും ചുമന്ന് രാവെന്നോ പകലെന്നോ ഇല്ലാതെ വഴിവക്കിലെ ചുമരുകളില്‍ പ്രതിഫലേച്ഛ കൂടാതെ സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും വരക്കുന്ന പ്രവര്‍ത്തകരും ചെണ്ട കൊട്ടി താളമിട്ട് നദിയിലൂടെ വള്ളങ്ങളിലെ പ്രചാരണവും നാട്ടിന്‍പുറങ്ങളില്‍ നില്‍ക്കുന്ന ഏറ്റവും ഉയരമുള്ള കമുകുകള്‍ മുറിച്ച് പത്തും ഇരുപതും പേര്‍ ചുമന്ന് വാദ്യഘോഷങ്ങളോടെ കൊണ്ടുവന്ന് സ്ഥാപിക്കുന്ന കൊടിമരങ്ങളും ഇന്ന് ഓര്‍മ മാത്രം. സാങ്കേതിക വികാസം ഡിജിറ്റല്‍ ആംപ്ളിഫയര്‍ സിസ്റ്റത്തില്‍ എത്തിനില്‍ക്കുന്ന കാലഘട്ടത്തില്‍ അന്നത്തെ ഓര്‍മകള്‍ നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്നതായി കൃഷ്ണന്‍കുട്ടി പറഞ്ഞു. അന്ന് കൃഷ്ണന്‍കുട്ടി വോട്ട് അഭ്യര്‍ഥിച്ച സ്ഥാനാര്‍ഥികള്‍ മിക്കവരും പില്‍ക്കാലത്ത് പഞ്ചായത്ത് പ്രസിഡന്‍റും എം.എല്‍.എയും എം.പിയും സംസ്ഥാന-കേന്ദ്രമന്ത്രിമാരുമായി. വക്കം ഭരതന്‍െറയും 1996ല്‍ തെരഞ്ഞെടുപ്പ് ഫലം വരുന്നതിനുമുമ്പ് അന്തരിച്ച പി.കെ. ശ്രീനിവാസന്‍െറയും വേര്‍പാട് തന്‍െറ ഹൃദയത്തെ മുറിവേല്‍പിച്ചതായി കുട്ടി പറഞ്ഞു. ഉച്ചഭാഷിണിയിലൂടെ അനൗണ്‍സര്‍ ഇടതടവില്ലാതെ പറയുന്ന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്കും പൊള്ളത്തരങ്ങള്‍ക്കും നല്ലതിനും ചീത്തക്കുമെല്ലാം ശ്രോതാക്കളായ വോട്ടര്‍മാര്‍മാരെ നല്ലതുപോലെ സ്വാധീനിക്കാന്‍ കഴിഞ്ഞിരുന്നു. അതുകൊണ്ടുമാത്രം വിശ്രമമില്ലാതെ രാവിലെ അഞ്ചിന് തുടങ്ങി രാത്രി 12വരെയും അനൗണ്‍സര്‍ക്ക് വിശ്രമമില്ലായിരുന്നു. നല്ല അനൗണ്‍സര്‍ക്ക് പൊന്നുവിലയുണ്ടായിരുന്ന കാലം. ഇന്ന് അര്‍ഥശൂന്യമായ പാരഡി പാട്ടുകളിലും സ്ഫുടതയില്ലാത്ത വാലാകോലാ അനൗണ്‍സ്മെന്‍റുകള്‍ക്കും സാക്ഷ്യം വഹിക്കുകയാണ് നാം. ശ്രോതാക്കളായ വോട്ടര്‍മാര്‍ ചെവിപൊത്തി ഇതെല്ലാം സഹിക്കുന്നു. പണത്തിനു വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണമാണ് ഇന്നു നടക്കുന്നതെന്നാണ് കൃഷ്ണന്‍കുട്ടിയുടെ പക്ഷം. തൊട്ടതിനും പിടിച്ചതിനും പണം കൊടുത്താലേ പ്രവര്‍ത്തകരെ കിട്ടൂ. അന്ന് പാര്‍ട്ടിക്കുവേണ്ടി പ്രതിഫലം പറ്റാതെ ആത്മാര്‍ഥമായി പണിയെടുക്കുന്ന പ്രവര്‍ത്തകരായിരുന്നു ഉണ്ടായിരുന്നത്. 77ല്‍ പുനലൂരില്‍ സി.പി.എം വാശിയോടെ ഒറ്റക്കു മത്സരിച്ചപ്പോള്‍ എതിരായി സര്‍വഘടകകക്ഷികളും ഉണ്ടായിട്ടും സി.പി.എം എതിര്‍സ്ഥാനാര്‍ഥിയോട് തോറ്റത് 3000 വോട്ടിനു മാത്രമാണ്. ഇന്ന് ഇടതു മുന്നണിയിലെ ഘടകകക്ഷികളെ എണ്ണാന്‍ പറ്റുമോ? എന്നിട്ടും പാര്‍ട്ടി ഊര്‍ധശ്വാസം വലിക്കുന്ന അവസ്ഥയല്ളേ എന്ന് കൃഷ്ണന്‍കുട്ടി ചോദിക്കുന്നു. സീറ്റിനും അധികാരത്തിനും വേണ്ടിയുള്ള മത്സരമാണ് ഇന്നു നടക്കുന്നത്. ചലച്ചിത്രലോകവുമായും ബന്ധമുണ്ട്. അന്തരിച്ച കൊട്ടാരക്കര ശ്രീധരന്‍നായര്‍, ശങ്കരാടി, ബാലന്‍ കെ. നായര്‍, കെ.പി. ഉമ്മര്‍, മാള അരവിന്ദന്‍, ആലുമൂടന്‍, എന്‍.എന്‍. ബാലകൃഷ്ണന്‍ എന്നിവരുമായി നല്ല അടുപ്പമുണ്ടായിരുന്ന കൃഷ്ണന്‍കുട്ടി നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, പൂജപ്പുര രവി, വി.ഡി. രാജപ്പന്‍, പ്രേംകുമാര്‍ എന്നീ നടന്മാരുമായി പഴയകാല സൗഹൃദം തുടരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story