Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2015 4:49 PM IST Updated On
date_range 6 Oct 2015 4:49 PM ISTചെമ്പന്‍മുടി ജനകീയസമരം അട്ടിമറിച്ചു; പാറമട പ്രവര്‍ത്തനം തുടങ്ങി
text_fieldsbookmark_border
വടശേരിക്കര: പാറമടയുടെ പ്രവര്‍ത്തനം തുടങ്ങി. ജനശ്രദ്ധയാകര്‍ഷിച്ച നാറാണംമൂഴി പഞ്ചായത്തിലെ ചെമ്പന്‍മുടി പാറമട വിരുദ്ധ സമരം ആസൂത്രിതമായി പൊളിച്ചു. ജനം അടച്ചുപൂട്ടിയ പാറമടയിലെ ക്രഷര്‍ യൂനിറ്റ് പ്രവര്‍ത്തിച്ചുതുടങ്ങി. ജനകീയ പ്രതിഷേധത്തെ പൊളിച്ചടുക്കാന്‍ പാറമട ലോബിയോടൊപ്പം ചരടുവലി നടത്തിയ സമരസമിതി നേതാക്കള്‍ക്കെതിരെ ജനരോഷം ഉയര്‍ന്നുതുടങ്ങി. പാരിസ്ഥിതിക ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിച്ച് ചെമ്പന്‍മുടിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പാറമടകളും ക്രഷര്‍ യൂനിറ്റും രണ്ടരവര്‍ഷം മുമ്പാണ് നാട്ടുകാര്‍ അടച്ചുപൂട്ടി പ്രത്യക്ഷസമരം ആരംഭിക്കുന്നത്. അന്നുമുതല്‍ ഉദ്യോഗസ്ഥ-രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പാറമട തുറക്കാന്‍ ശ്രമം നടന്നെങ്കിലും നാട്ടുകാരുടെ ചെറുത്തുനില്‍പുമൂലം നടന്നില്ല. തുടക്കംമുതല്‍ തന്നെ പാറമടലോബിയുമായി ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്ന കോണ്‍ഗ്രസ് പ്രാദേശിക നേതാവുകൂടിയായ ഒരു സമരസമിതി നേതാവും കൂട്ടാളികളും നടത്തിയ ശ്രമങ്ങളാണ് ഇപ്പോള്‍ ജനകീയ ചെറുത്തുനില്‍പിനെ പരാജയപ്പെടുത്തി പ്രവര്‍ത്തനം തുടങ്ങാനുള്ള സാഹചര്യം സൃഷ്ടിച്ചതെന്ന് പറയപ്പെടുന്നു. പാറമട സമരം നടക്കുമ്പോഴേ പഞ്ചായത്ത് പ്രസിഡന്‍റാകാന്‍ കച്ചകെട്ടിയിരുന്ന നേതാവ് സമരം പൊളിക്കാന്‍ കൂട്ടുനിന്നെന്ന് മനസ്സിലാക്കിയ കോണ്‍ഗ്രസ് നേതൃത്വം ഇദ്ദേഹത്തെ മത്സരരംഗത്തുനിന്ന് ഒഴിവാക്കി. ഇതോടെ സീറ്റ് തരപ്പെടുത്താനായി ഈ മുന്‍സമരസമിതി നേതാവ് സി.പി.ഐയെയും സി.പി.എമ്മിനെയും സമീപിച്ചെങ്കിലും ജനരോഷം കണക്കിലെടുത്ത് ഇരുകൂട്ടരും മടക്കിയയച്ചതായാണ് വിവരം. ചെമ്പന്‍മുടി ജനകീയസമരം ജനശ്രദ്ധയാകര്‍ഷിക്കുകയും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും കെ.ആര്‍. ഗൗരിയമ്മയും മാധവ് ഗാഡ്ഗിലുമൊക്കെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി എത്തിയപ്പോഴൊക്കെ ഈ സമരസമിതി നേതാവിനും കൂട്ടാളികള്‍ക്കുമെതിരെ വ്യാപകആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍, അതൊക്കെ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്‍െറ സഹായത്തോടെ ഒതുക്കിത്തീര്‍ക്കാന്‍ ഇവര്‍ക്കായി. സമരം പൊളിക്കാന്‍ പാറമടലോബിയുമായി ചേരുന്നു എന്നാരോപണം ഉന്നയിച്ചവര്‍ക്കെതിരെ ഇവര്‍ ഭീഷണിയും മുഴക്കിയിരുന്നു. ഇത്തരത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകനെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന കേസും നിലവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story