Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅടൂരിലെ തെരഞ്ഞെടുപ്പ്...

അടൂരിലെ തെരഞ്ഞെടുപ്പ് പരാജയം: എ, ഐ ഗ്രൂപ്പ് പോര് രൂക്ഷമാകുന്നു

text_fields
bookmark_border
അടൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അടൂരില്‍ വന്‍ പരാജയം നേരിട്ടതിനെച്ചൊല്ലി അടൂരില്‍ ഗ്രൂപ്പുതിരിഞ്ഞ് കോണ്‍ഗ്രസ് നേതാക്കളുടെ പോര്. തെരഞ്ഞെടുപ്പില്‍ ഇരു ഗ്രൂപ്പിലെയും സ്ഥാനാര്‍ഥികളെ പരസ്പരം പാരവെച്ചവര്‍ തെരഞ്ഞെടുപ്പിനുശേഷം പരസ്യമായി വിഴുപ്പലക്കല്‍ തുടരുന്നത് കെ.പി.സി.സി നേതൃത്വം ഗൗരവമായി കാണുന്നതായും അറിയുന്നു. കെ.പി.സി.സി സെക്രട്ടറി പഴകുളം മധു, ഡി.സി.സി സെക്രട്ടറി പഴകുളം ശിവദാസന്‍, ഡി.സി.സി ട്രഷറര്‍ തേരകത്ത് മണി തുടങ്ങിയ പ്രബലരുടെ തട്ടകമാണ് അടൂര്‍. പാര്‍ട്ടി നേരിട്ട പരാജയം ഏറ്റെടുത്ത് കോണ്‍ഗ്രസ് പ്രാദേശിക, ഉന്നത നേതൃത്വം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥി, യുവജനസംഘടനകള്‍ രംഗത്തത്തെി. ഇതോടെ ഗ്രൂപ്പുകള്‍ പരസ്യപ്രസ്താവന നടത്തി മത്സരിക്കുന്ന കാഴ്ചയാണ് അടൂരില്‍. അടൂരിലെ കോണ്‍ഗ്രസ് നേതൃത്വം ഒന്നടങ്കം രാജിവെക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റ് മനു തയ്യില്‍, പാര്‍ലമെന്‍റ് സെക്രട്ടറി ജി. മനോജ് എന്നിവര്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് കെ.പി.സി.സി പ്രസിഡന്‍റിന് ഇവര്‍ പരാതി നല്‍കി. മത്സരരംഗത്തുനിന്ന് മാറി നിന്ന് പാര്‍ട്ടിയെ നയിച്ച് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിഞ്ഞില്ല. പാര്‍ട്ടി ബ്ളോക് പ്രസിഡന്‍റും മണ്ഡലം പ്രസിഡന്‍റും മത്സരരംഗത്തുനിന്ന് ഒഴിഞ്ഞുമാറി നിന്ന് മാതൃക കാട്ടിയില്ളെന്ന് യൂത്ത്കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ബ്ളോക് പ്രസിഡന്‍റിന്‍െറയും കൂട്ടരുടെയും അധികാരമോഹമാണ് പാര്‍ട്ടിയുടെ കനത്ത പരാജയത്തിന് കാരണമെന്ന് അവര്‍ പറഞ്ഞു. 10 വര്‍ഷത്തിലധികം ബ്ളോക് പ്രസിഡന്‍റായി തുടരുന്നവര്‍ തല്‍സ്ഥാനം രാജിവെക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പരാജയപ്പെട്ടു. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കൂടുതല്‍ ഭൂരിപക്ഷം അടൂരിലായിരുന്നു. ഇപ്പോള്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനിലും ബ്ളോക് പഞ്ചായത്തിലും എല്ലാ ഗ്രാമപഞ്ചായത്തിലും കോണ്‍ഗ്രസ് തുടര്‍ച്ചയായി ഭരിച്ചിരുന്ന അടൂര്‍ നഗരസഭയിലും പാര്‍ട്ടി പരാജയപ്പെട്ടു. ഈ നേതൃത്വം തുടരുകയാണെങ്കില്‍ നിയമസഭ തെരഞ്ഞെടുപ്പിലും സ്ഥിതി വ്യത്യസ്തമായിരിക്കുകയില്ല. മഹിള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് കുഞ്ഞൂഞ്ഞമ്മ ജോസഫിനെ കാലുവാരി പരാജയപ്പെടുത്താനും ശ്രമം നടന്നു. നഗരസഭ ചെയര്‍മാനും പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കി മാതൃക കാട്ടേണ്ടതായിരുന്നുവെന്ന അഭിപ്രായവും ശക്തമാണെന്നും കെ.പി.സി.സി പ്രസിഡന്‍റിന് നല്‍കിയ പരാതിയില്‍ മനുവും മനോജും ചൂണ്ടിക്കാട്ടുന്നു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പെരിങ്ങനാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പരിധിയിലെ വാര്‍ഡുകളില്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് ഉണ്ടായതെന്നും ഇവിടുത്തെ കോണ്‍ഗ്രസ് നേതൃത്വം രാജിവെക്കണമെന്നും ഐ.എന്‍.ടി.യു.സി യുവജനവിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി മേലൂട് അഭിലാഷ് ആവശ്യപ്പെട്ടു. ബി.ജെ.പിയുടെ വോട്ട് എല്ലാ വാര്‍ഡുകളിലും ഗണ്യമായി വര്‍ധിച്ചതാണ് കോണ്‍ഗ്രസിന്‍െറ പരാജയ കാരണം. യാഥാര്‍ഥ്യം ഇതായിരിക്കെ കോണ്‍ഗ്രസ് നേതൃത്വം ഇടതുപക്ഷത്തിനെതിരെ ആരോപണം ഉന്നയിക്കുന്നത് വിരോധാഭാസമാണെന്നും അഭിലാഷ് കുറ്റപ്പെടുത്തി. ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രമാദമായ കേസില്‍ ബി.ജെ.പി ജില്ലാ നേതാവിനെയും പുലിത്തോല്‍ കേസില്‍ ബി.ജെ.പി പ്രവര്‍ത്തകനെയും സംരക്ഷിക്കുന്ന നിലപാടാണ് മണ്ഡലത്തിലെ കെ.പി.സി.സി നേതാവ് സ്വീകരിച്ചത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയുടെ കിഴക്കന്‍ പ്രദേശത്ത് മത്സരിക്കാന്‍ അവസരം ലഭിച്ചാല്‍ രഹസ്യ സഹായം കിട്ടുമെന്ന വ്യാമോഹമാണ് പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും വഞ്ചിച്ച് ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ നേതാവിനെ പ്രേരിപ്പിച്ചതെന്ന് അഭിലാഷ് ആരോപിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജില്ലയിലെ ഭൂരിഭാഗം മണ്ഡലം കമ്മിറ്റികളും പുന$സംഘടിപ്പിച്ചപ്പോള്‍ പെരിങ്ങനാട് മണ്ഡലം കമ്മിറ്റി പുന$സംഘടിപ്പിക്കാന്‍ തയാറായില്ല. ഇതുമൂലം നിലവിലെ നേതൃത്വം ഉത്തരവാദിത്തരഹിത പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. കെ.പി.സി.സിയുടെ സര്‍ക്കുലര്‍ പ്രകാരമുള്ള സ്ഥാനാര്‍ഥി നിര്‍ണയ സമിതിയോ മണ്ഡലം കമ്മിറ്റിയോ ഇവിടെ കൂടിയില്ല. നേതാക്കന്മാരുടെ സങ്കുചിത താല്‍പര്യങ്ങള്‍ക്ക് പാര്‍ട്ടിയെ ഉപയോഗപ്പെടുത്തിയതാണ് പെരിങ്ങനാട് മണ്ഡലത്തിലെ പരാജയത്തിന് കാരണമെന്ന് യൂത്ത് കോണ്‍ഗ്രസ് അടൂര്‍ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് ജോസ് പെരിങ്ങനാട് ആരോപിച്ചു. അടൂര്‍ നഗരസഭയില്‍ സ്ഥാനങ്ങളിലത്തെുന്നതിന് പരസ്പരം കാലുവാരിയെന്നും ജോസ് കുറ്റപ്പെടുത്തി. പാര്‍ട്ടി ജില്ലാ നേതൃത്വം ഇതു സംബന്ധിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡന്‍റായിരിക്കുമ്പോള്‍ ‘ഗാന്ധിഗ്രാമം’ പദ്ധതി തുടങ്ങിയ കടമ്പനാട്, പാണ്ടിമലപ്പുറം ഉള്‍പ്പെടെയുള്ള പ്രദേശത്തെ തോല്‍വിയും കെ.പി.സി.സി സെക്രട്ടറിയുടെ വാര്‍ഡിലടക്കം ബി.ജെ.പി സ്ഥാനാര്‍ഥികള്‍ വിജയിച്ചതും ജില്ലാ പഞ്ചായത്ത് ഏനാത്ത് ഡിവിഷനില്‍ പ്രദേശവാസികളായ മഹിള കോണ്‍ഗ്രസ് നേതാക്കളെ പരിഗണിക്കാഞ്ഞത് കടമ്പനാട്, ഏനാത്ത്, ഏറത്ത് മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് ദോഷം ചെയ്തതും അന്വേഷണ വിധേയമാക്കണമെന്നും ജോസ് ആവശ്യപ്പെട്ടു. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകതയും കാലുവാരലുമാണ് ഡി.സി.സി ജനറല്‍ സെക്രട്ടറിയുടെ പരാജയകാരണമെന്ന് കെ.എസ്.യു അടൂര്‍ നിയമസഭാ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് റിനോ പി. രാജന്‍ കുറ്റപ്പെടുത്തി. സ്വന്തം താല്‍പര്യങ്ങള്‍ക്കുവേണ്ടി പാര്‍ട്ടി തീരുമാനം ബലികഴിച്ച് ജനകീയ മുഖങ്ങളെ തഴഞ്ഞ് ചിലയാളുകളെ കെട്ടിയിറക്കിയതിന്‍െറ പരിണതഫലമാണ് കോണ്‍ഗ്രസിന്‍െറ കനത്ത പരാജയത്തിന് കാരണമെന്നും ജാള്യം മറയ്ക്കാനാണ് ബ്ളോക് പ്രസിഡന്‍റിനെതിരെ ആക്ഷേപം ഉന്നയിക്കുന്നതെന്നും ഇതേക്കുറിച്ച് കെ.പി.സി.സി ഉന്നതാധികാര സമിതി അന്വേഷിക്കണമെന്നും കെ.എസ്.യു ജില്ലാ ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story