റീസര്‍വേക്ക്​ പ്രത്യേക സംഘത്തെ നിയോഗിക്കണം -ജില്ല വികസന സമിതി

05:01 AM
01/12/2019
പത്തനംതിട്ട നഗരസഭയിലെ മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിന് പ്രത്യേക യോഗം ചേരും പത്തനംതിട്ട: ജില്ലയിലെ റീസര്‍വേ നടപടി വേഗം പൂര്‍ത്തിയാക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് കലക്ടര്‍ പി.ബി. നൂഹിൻെറ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല വികസന സമിതി യോഗം അഭ്യര്‍ഥിച്ചു. വീണ ജോര്‍ജ് എം.എല്‍.എയാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. പത്തനംതിട്ട വില്ലേജിലെ റീസര്‍വേ നടപടി പൂര്‍ത്തിയാക്കേണ്ടത് അനിവാര്യമാണ്. പുറമ്പോക്ക് സ്ഥലം കണ്ടെത്തണം. പുതുതായി സര്‍ക്കാര്‍ ഓഫിസുകള്‍ നിര്‍മിക്കുന്നതിന് സ്ഥലം കണ്ടെത്തുന്നതിന് റീസര്‍വേ നടപടി വേഗം പൂര്‍ത്തിയാക്കണം. പത്തനംതിട്ട നഗരസഭയിലെ മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിന് പ്രത്യേക യോഗം ചേരുമെന്നും എം.എല്‍.എ പറഞ്ഞു. അയിരൂര്‍ പഞ്ചായത്തിലെ ഞുങ്ങുതറ, വടശ്ശേരിക്കര പഞ്ചായത്തിലെ നരിക്കുഴി, കലശകുഴി എന്നിവിടങ്ങളില്‍ അംഗന്‍വാടികള്‍ നിര്‍മിക്കുന്നതിനുള്ള നടപടി വേഗമാക്കണമെന്ന് രാജു എബ്രഹാം എം.എല്‍.എ നിര്‍ദേശിച്ചു. പമ്പാ ജലസേചന പദ്ധതിയുടെ സ്ഥലം ഇതിനായി വിട്ടുകിട്ടുന്നതിനുള്ള നടപടി പൂര്‍ത്തീകരിക്കണം. മൈനിങ് ആന്‍ഡ് ജിയോളജി വിഭാഗത്തിൻെറ പരിഗണനയിലുള്ള അപേക്ഷ വേഗത്തില്‍ തീര്‍പ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റാന്നി നിയോജകമണ്ഡലത്തിലെ കരികുളം, മുക്കുഴി, കോട്ടൂപ്പാറ എന്നിവിടങ്ങളിലെ പട്ടയവിതരണത്തിനുള്ള നടപടികളും വിലയിരുത്തി. മല്ലപ്പുഴശ്ശേരി മരുതൂര്‍ക്കടവില്‍ പമ്പാ നദീ തീരത്ത് സംരക്ഷണ ഭിത്തി നിര്‍മിക്കുന്നതിന് 30 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് മേജര്‍ ഇറിഗേഷന്‍ വിഭാഗം തയാറാക്കി സമര്‍പ്പിച്ചു. പ്രളയ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് പദ്ധതികള്‍ സമര്‍പ്പിച്ച മല്ലപ്പുഴശ്ശേരി, റാന്നി അങ്ങാടി, റാന്നി പെരിനാട്, വടശ്ശേരിക്കര, ആറന്മുള, അരുവാപ്പുലം, കുളനട, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ പദ്ധതികള്‍ നിര്‍മാണത്തിൻെറ വിവിധ ഘട്ടങ്ങളിലാണെന്നും അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് നിര്‍ദേശം നല്‍കിയെന്നും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങളിലെ അസി. എന്‍ജിനീയര്‍മാരുടെ ചുമതലയിലുള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ജില്ല പഞ്ചായത്ത് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ഇക്കാര്യം അവലോകനം ചെയ്യണം. സീതത്തോട്-പ്ലാപ്പള്ളി-നിലക്കല്‍ റോഡില്‍ ബി.എം ബി.സി ചെയ്യുന്നതിന് മുമ്പ് കുടിവെള്ള പൈപ്പ് ഇടണം. റോഡ് വെട്ടിപ്പൊളിക്കുന്നതിലൂടെ ഉണ്ടാകാനിടയുള്ള വലിയ ധനനഷ്ടം ഇതിലൂടെ ഒഴിവാക്കാം. കിഫ്ബി പദ്ധതിയിലെ വികസന പദ്ധതികളുടെ പുരോഗതി ബന്ധപ്പെട്ട ഓഫിസര്‍മാര്‍ ഉറപ്പാക്കണം. കുറുമ്പന്‍മൂഴി, അരയാഞ്ഞിലിമണ്‍ എന്നിവിടങ്ങള്‍ പ്രളയകാലത്ത് ഒറ്റപ്പെടുന്നത് കണക്കിലെടുത്ത് ഇവിടേക്ക് എത്രയും വേഗം പാലം നിര്‍മിക്കണമെന്ന് സര്‍ക്കാറിന് കത്ത് നല്‍കുമെന്നും കലക്ടര്‍ പറഞ്ഞു. എ.ഡി.എം അലക്‌സ് പി.തോമസ്, ജില്ല പ്ലാനിങ് ഓഫിസര്‍ വി. ജഗല്‍കുമാര്‍, ജില്ലതല ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുത്തു.
Loading...