തിരുവാറന്മുളയപ്പന് ഓണവിഭവങ്ങളുമായി തിരുവോണത്തോണി പുറപ്പെട്ടു

05:01 AM
11/09/2019
കോഴഞ്ചേരി: തിരുവാറന്മുളയപ്പന് ഓണവിഭവങ്ങളുമായി തിരുവോണത്തോണി ഉത്രാടസന്ധ്യയിൽ കാട്ടൂർ മഹാവിഷ്ണു ക്ഷേത്രകടവിൽനിന്ന് പുറപ്പെട്ടു. കുമാരനല്ലൂർ മങ്ങാട്ട് ഇല്ലത്തുനിന്ന് എത്തിയ നാരായണ ഭട്ടതിരിയെ കാട്ടൂർ മഹാവിഷ്ണു ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളും ദേവസ്വം ഉദ്യോഗസ്ഥരും തിരുവാറന്മുളയപ്പന് ഓണസദ്യക്കുള്ള വിഭവങ്ങളൊരുക്കുന്ന നായർ കുടുംബാംഗങ്ങളും ചേർന്ന് ആചാരപൂർവം വരവേൽപ് നൽകി. ചൊവ്വാഴ്ച വൈകീട്ട് കാട്ടൂർ ക്ഷേത്രത്തിൽ ദീപാരാധന തൊഴുത ശേഷം കാട്ടൂർ ദേശത്തെ അവകാശികളായ നായർ കുടുംബാംഗങ്ങൾ ആറന്മുളയപ്പന് തിരുവോണസദ്യക്കുള്ള വിഭവങ്ങളുമായി തോണിയേറി. ക്ഷേത്ര ശ്രീകോവിലിൽനിന്ന് ആറന്മുള കെടാവിളക്കിലേക്ക് പകരാനുള്ള ഭദ്രവും ഏറ്റുവാങ്ങി മങ്ങാട്ട് ഭട്ടതിരിയും തോണിയിലേറി. പ്രത്യേകം തയാറാക്കിയ പീഠത്തിൽ ദീപം സ്ഥാപിച്ചു. ആറന്മുള ക്ഷേത്രത്തിൽ ഈ ഭദ്രദീപമാണ് അടുത്ത ഒരുവർഷം തിരുവോണം വരെ കെടാവിളക്കിൽ തെളിയുന്നത്. കാട്ടൂരിൽനിന്ന് പുറപ്പെട്ട് അയിരൂർ മഠത്തിലെത്തിയ തോണിക്ക് ആദ്യ വരവേൽപ് ലഭിച്ചു. അവിടെ വിശ്രമത്തിന് ശേഷം പുലർച്ച 5.30ന് ആറന്മുള ക്ഷേത്രക്കടവിൽ എത്തും. തോണി എത്തുന്ന പ്രദേശങ്ങളിലെ പള്ളിയോടങ്ങൾ തോണിയെ അനുഗമിക്കും. പമ്പയുടെ ഇരുകരയിലും തോണിയെ വരവേൽക്കാനും ദർശിക്കാനും ഭക്തജനങ്ങൾ ദീപക്കാഴ്ചയൊരുക്കി കാത്തുനിന്നു. തോണിയെ കാട്ടൂരിൽനിന്ന് യാത്രയാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പദ്മകുമാർ, ആേൻറാ ആൻറണി എം.പി, രാജു എബ്രഹാം എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് അന്നപൂർണാദേവി, വൈസ് പ്രസിഡൻറ് ജോർജ് മാമ്മൻ കൊണ്ടൂർ, ആർ. കൃഷ്ണകുമാർ, ജെറി മാത്യു സാം, മാലേത്ത് സരളാദേവി എന്നിവരെത്തി. കാട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ നടപ്പന്തലിൻെറ സമർപ്പണവും ചൊവ്വാഴ്ച വൈകീട്ട് നടന്നു. ബുധനാഴ്ച പുലർച്ച അേഞ്ചാടെ ആറന്മുള പാർഥസാരഥി ക്ഷേത്രക്കടവിലെത്തുന്ന തോണിയെ ദേവസ്വം ഉദ്യോഗസ്ഥരും പള്ളിയോട സേവാസംഘവും ക്ഷേത്ര ഉപദേശക സമിതിയും ചേർന്ന് സ്വീകരിക്കും. ഭട്ടതിരിയിൽനിന്ന് ഏറ്റുവാങ്ങുന്ന ഭദ്രദീപം ക്ഷേത്ര മേൽശാന്തി ശ്രീകോവിലിലെ കെടാവിളക്കിലേക്ക് പകരും. തുടർന്ന് കാട്ടൂരിൽനിന്ന് കൊണ്ടുവന്ന ഓണവിഭവങ്ങൾ ക്ഷേത്ര ഭാരവാഹികൾ ഏറ്റുവാങ്ങും. ഉച്ചപൂജക്ക് ശേഷം ഓണസദ്യയുണ്ണുന്ന മങ്ങാട്ട് ഭട്ടതിരി ചെലവ് കഴിച്ചുള്ള പണം കാണിക്കയായി ഭഗവാന് സമർപ്പിച്ച ശേഷം കുമാരനല്ലൂരിലെ മങ്ങാട്ട് മഠത്തിലേക്ക് യാത്രയാകുന്നതോടെ ചടങ്ങുകൾ സമാപിക്കും.
Loading...