Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജില്ലയിലെ സ്കൂളുകളിൽ...

ജില്ലയിലെ സ്കൂളുകളിൽ സീൽ-ഇറ്റ് സൗജന്യ ദന്തക്ഷയ പ്രതിരോധ ചികിത്സ പദ്ധതി തുടങ്ങുന്നു

text_fields
bookmark_border
പത്തനംതിട്ട: ഇളംതലമുറയുടെ ആരോഗ്യ സംരക്ഷണത്തിൻെറ ഭാഗമായി ജില്ലയിലെ സ്കൂളുകളിൽ വിദ്യാർഥികൾക്കായി സീൽ-ഇറ്റ് എന്ന സൗജന്യ ദന്തക്ഷയ പ്രതിരോധ ചികിത്സ പദ്ധതി ആരംഭിക്കുന്നു. ജില്ല പഞ്ചായത്ത് കോഴഞ്ചേരി ഡിവിഷനും തിരുവല്ല പുഷ്പഗിരി കോളജ് ഓഫ് ഡൻെറൽ സയൻസസ് മെഡിസിറ്റിയും കൈകോർത്താണ് ഈ നൂതന പദ്ധതി നടപ്പാക്കുന്നത്. പതിനഞ്ചിൽപരം വിദഗ്ധ ഡോക്ടർമാരുടെ സംഘം അതത് സ്കൂളുകളിൽ നേരിട്ടെത്തി ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ സൗജന്യമായി ദന്തപരിശോധനയും രോഗനിർണയവും നടത്തി ചികിത്സ ലഭ്യമാക്കുന്ന പരിപാടിയാണിത്. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ നടത്തിയ പഠനത്തിൽ കുട്ടികളിൽ ഭൂരിഭാഗം പേരിലും ദന്തക്ഷയം സംഭവിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പലവിധ കാരണങ്ങളാൽ ഉണ്ടാകുന്ന ഇത്തരം രോഗങ്ങൾക്ക് പരിഹാരം കാണാനും ദന്തസംരക്ഷണത്തെപ്പറ്റി രക്ഷിതാക്കളിലും കുട്ടികളിലും അവബോധം സൃഷ്ടിക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. കുട്ടികളിൽ ആറാമത്തെ വയസ്സു മുതലാണ് പുതിയ അണപ്പല്ലുകൾ മുളച്ചുവരുന്നത്. ജീവിതകാലം മുഴുവൻ നിലനിൽക്കേണ്ട ഇവ മുളച്ചുവരുമ്പോൾ തന്നെ പ്രതലത്തിൽ കാണപ്പെടുന്ന ആഴത്തിലുള്ള കുഴികൾ പല്ലുകളിൽ പോട് ഉണ്ടാക്കുന്നതിന് കാരണമാകാറുണ്ട്. ഭാവിയിൽ ഗുരുതര ദന്തരോഗത്തിനും പല്ലുകളുടെ നാശത്തിനും ഇടവരുത്തുന്ന ഇത്തരം കുഴികൾ ലാമിനേറ്റ് സീലൻറ് ഉപയോഗിച്ച് അടച്ച് പോടിനുള്ള സാധ്യത ഗണ്യമായി കുറക്കാൻ സഹായിക്കുന്ന ചികിത്സരീതിയാണ് അവലംബിക്കുന്നത്. നാല് അണപ്പല്ലുകളിൽ ഈ ചികിത്സ ലഭ്യമാക്കാൻ 1000 മുതൽ 1500 വരെ ചെലവ് വരാറുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ഇത് പലപ്പോഴും താങ്ങാൻ കഴിയില്ല. ഇതുമൂലം കുട്ടികളുടെ പല്ലുകളിലെ കേടുപാടുകൾ ശ്രദ്ധയിൽപെട്ടാൽ പോലും അവഗണിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ആറു മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യമായും മറ്റുള്ള വിദ്യാർഥികൾക്ക് കുറഞ്ഞ നിരക്കിലും ചികിത്സ ലഭ്യമാക്കുന്നതാണ് സീൽ-ഇറ്റ് പദ്ധതി. 2020 മാർച്ച് 31 വരെയാണ് ആശുപത്രിയിൽ ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. പുഷ്പഗിരി ആശുപത്രിയുടെ വജ്രജൂബിലി ആഘോഷത്തിൻെറ ഭാഗമായാണ് ഇത്തരമൊരു നടപടി. ജില്ലയിൽ ആദ്യമായി ജില്ല പഞ്ചായത്ത് കോഴഞ്ചേരി ഡിവിഷനിലെ എൽ.പി മുതൽ ഹയർ സെക്കൻഡറി വിഭാഗം വരെ എല്ലാ സ്കൂളുകളിലും പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വൈസ് പ്രസിഡൻറ് ജോർജ് മാമ്മൻ കൊണ്ടൂർ അറിയിച്ചു. ഡിവിഷനിലെ എകദേശം എണ്ണായിരത്തിൽപരം വിദ്യാർഥികൾക്ക് ഇതിൻെറ പ്രയോജനം ലഭിക്കും. തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ തടിയൂർ കാർമൽ കോൺവൻെറ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പദ്ധതിയുടെ ഡിവിഷൻതല ഉദ്ഘാടനം ആഗസ്റ്റ് അഞ്ചിന് രാവിലെ 9.30ന് ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത നിർവഹിക്കും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോർജ് മാമ്മൻ കൊണ്ടൂർ അധ്യക്ഷത വഹിക്കും. ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ പത്തനംതിട്ട: മൈലപ്ര ഗ്രാമപഞ്ചായത്തിലെ ശേഷിക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ ആഗസ്റ്റ് ആറ് മുതല്‍ എട്ട് വരെ രാവിലെ 10 മുതല്‍ കൃഷിഭവന്‍ ഹാളില്‍ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു. കര്‍ഷക സുരക്ഷ കര്‍മസേനയില്‍ ഒഴിവ് പത്തനംതിട്ട: കൃഷി വകുപ്പിൻെറ കീഴില്‍ കോന്നി ബ്ലോക്ക് പഞ്ചായത്ത് സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ അഗ്രോ സൻെററിലേക്ക് (കര്‍ഷക സുരക്ഷ കര്‍മസേന) യോഗ്യരായവരെ തെരഞ്ഞെടുക്കുന്നു. കാര്‍ഷിക മേഖലയില്‍ താൽപര്യവും പ്രവൃത്തിപരിചയവുമുള്ള, 18നും 56നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. കോന്നി ബ്ലോക്ക് പഞ്ചായത്തിൻെറ പരിധിയലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷ ഈ മാസം 10ന് മുമ്പ് കോന്നി കൃഷി അസി. ഡയറക്ടറുടെ ഓഫിസിലോ മോഡല്‍ അഗ്രോ സര്‍വിസ് സൻെററിലോ നല്‍കണം.
Show Full Article
TAGS:LOCAL NEWS 
Next Story