പാ​ട്ട് ജീ​വി​ത​ത്തി​ന് ലോ​ക്ക്; അ​സീ​സി​ന് നോ​വി​െൻറ ഈ​ദ്

Thu, 05/21/2020 - 10:55

കോ​ങ്ങാ​ട്: കാ​ഴ്​​ച പ​രി​മി​തി​യു​ള്ള ഗാ​യ​ക​നാ​യ കോ​ങ്ങാ​ട് ചെ​റാ​യ മ​ഞ്ചേ​രി അ​സീ​സി​നും കു​ടും​ബ​ത്തി​നും പാ​ട്ട് ജീ​വി​ത​ത്തി​ന് ലോ​ക്ക് വീ​ണ​പ്പോ​ൾ ദു​രി​ത​പ​ർ​വം ബാ​ക്കി​യാ​യി. ആ​റ് പ​തി​റ്റാ​ണ്ടാ​യി തെ​രു​വി​​െൻറ പാ​ട്ടു​കാ​ര​നാ​യി ജീ​വി​ച്ച അ​സീ​സി​ന് പാ​ട്ടും സ​ഞ്ചാ​ര​വു​മാ​യി​രു​ന്നു ഓ​ർ​മ​വെ​ച്ച നാ​ൾ മു​ത​ൽ ജീ​വി​തം. നാ​ലാ​ൾ കൂ​ടു​ന്ന ക​വ​ല​ക​ളി​ൽ പാ​ട്ടു​പെ​ട്ടി​യും മൈ​ക്കു​മാ​യി ഓ​ട്ടോ​യി​ലെ​ത്തി വ​ഴി​യാ​ത്ര​ക്കാ​രെ പാ​ട്ട് കേ​ൾ​പ്പി​ച്ച് കി​ട്ടു​ന്ന നാ​ണ​യ​ങ്ങ​ളും നോ​ട്ടു​ക​ളു​മാ​യി​രു​ന്നു പ്ര​ധാ​ന വ​രു​മാ​ന മാ​ർ​ഗം. ലോക്​ഡൗണിൽ ഈ വരുമാനം നിലച്ചു.

ജി​ല്ല​ക്ക​ക​ത്തും പു​റ​ത്തും പ്ര​ധാ​ന സ്​​ഥ​ല​ങ്ങ​ളി​ലെ​ല്ലാം പാ​ടി​യി​ട്ടു​ണ്ട്. ഭാ​ര്യ റം​ല​യും അ​യ​ൽ​വാ​സി കൂ​ടി​യാ​യ ഓ​ട്ടോ ഡ്രൈ​വ​ർ ക​രീമും കൂ​ടെ​യു​ണ്ടാകും. മൈ​ക്ക് സെ​റ്റ് ക​യ​റ്റി​യ മു​ച​ക്ര വാ​ഹ​ന​ത്തി​ൽ കൊ​ച്ചു​ബോ​ർ​ഡും സ്​​ഥാ​പി​ച്ച് ക​റ​ങ്ങി സ​ന്ധ്യ മ​യ​ങ്ങി​യാ​ൽ ചെ​റാ​യ​യി​ലെ വീ​ട്ടി​ലെ​ത്തും. 

ചെ​റി​യ പെ​ൻ​ഷ​ൻ തു​ക​യാ​ണ് ഇപ്പോൾ ഏ​ക വ​രു​മാ​നം. ര​ണ്ട് മാ​സ​ത്തെ പെ​ൻ​ഷ​ൻ തു​ക ബ​ന്ധു​വി​ന് ചി​കി​ത്സ ചെ​ല​വി​ന് കൈ​മാ​റി. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ വീ​ട്ടി​ലെ​ത്തി​ച്ച കി​റ്റു​ക​ളാ​ണ് ആ​ശ്വാ​സം. മൂ​ന്ന് മാ​സം വീ​ട്ടി​ൽ ത​ന്നെ ക​ഴി​യു​ന്ന അ​സീ​സി​ന് കോ​വി​ഡ് കാ​ല​ത്തെ ഈ​ദ് നോ​വോ​ർ​മ​യാ​വു​ക​യാ​ണ്. പാ​ട്ട് കേ​ട്ട് കൂ​ടു​ന്ന ആ​ൾ​ക്കൂ​ട്ട​മാ​ണ് സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് അ​സീ​സെ​ന്ന ഗാ​യ​ക​നി​ൽ നി​ന്ന് അ​ക​ലു​ന്ന​ത്.