വെള്ളമില്ലാതെ 80 ഏക്കര്‍ കൃഷി നശിച്ചു

14:53 PM
07/01/2017

പത്തിരിപ്പാല: ലെക്കിടിമംഗലം തെക്കും ചെറാട് പാടശേഖരത്തില്‍ 80 ഏക്കര്‍ നെല്‍കൃഷി ഉണങ്ങിനശിച്ചു. കുട്ടാടംപാടം, പുഞ്ചപ്പാടം, പടിഞ്ഞാറന്‍പാടം, കുന്നത്താട്ട് പാടം തുടങ്ങി 93 കര്‍ഷകരുടെ കൃഷിയാണ് വെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് പൂര്‍ണമായും നശിച്ചത്. രണ്ടാഴ്ച മുമ്പുവരെ മുളഞ്ഞൂര്‍ തോട്ടിലെ തടയണയില്‍നിന്ന് താല്‍ക്കാലികമായി കൃഷിഭൂമിയിലേക്ക് വെള്ളം പമ്പ് ചെയ്തിരുന്നു. എന്നാല്‍, തോടും തടയണയും വറ്റിയതോടെയാണ് പ്രശ്നം രൂക്ഷമായത്.
ഈ വഴി കനാലില്ലാത്തതിനാല്‍ മലമ്പുഴ വെള്ളം എത്താറില്ല. പിന്നെ കാഞ്ഞിരപ്പുഴ ഡാമാണ് ആശ്രയം. കാഞ്ഞിരപ്പുഴയില്‍നിന്ന് മുളഞ്ഞൂര്‍ തോട്ടിലൂടെയാണ് വെള്ളം എത്തിക്കാറുള്ളത്. എന്നാല്‍, ഇത്തവണ ലഭിച്ചില്ല. നെല്‍ക്കതിര്‍ വരാറായ സമയത്താണ് വെള്ളം ലഭിക്കാതെ കരിയുന്നത്. ഇനി വെള്ളം ലഭിച്ചാല്‍തന്നെ ഒട്ടും പ്രയോജനവും ലഭിക്കില്ല.
പലരും ഉണങ്ങിയ നെല്‍പാടത്ത് പശുക്കളെ കൊണ്ടുവന്ന് തീറ്റിക്കുന്ന അവസ്ഥയാണിപ്പോള്‍. ബാങ്ക് ലോണെടുത്തും സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തിയുമാണ് ഇത്തവണ പലരും രണ്ടാം വിളയിറക്കിയത്.
ഏക്കറിന് 25,000 രൂപ ചെലവിട്ടാണ് കൃഷിയിറക്കിയതെന്ന് കര്‍ഷകര്‍ പറയുന്നു. ബാങ്കില്‍നിന്ന് കടമെടുത്ത വായ്പ തിരിച്ചടക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്.
നശിച്ച കൃഷിയിടം കൃഷിവകുപ്പിലെ ഉന്നത സംഘമത്തെി നാശനഷ്ടം വിലയിരുത്തണമെന്നും ഉടന്‍ ധനസഹായം അനുവദിക്കണമെന്നും സമിതി ഭാരവാഹികളായ സുരേന്ദ്രന്‍, എം.കെ. സുകുമാരന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
മേഖലയില്‍ ലിഫ്റ്റ് ഇറിഗേഷന്‍ സ്ഥാപിച്ച് കാര്‍ഷിക ജലക്ഷാമത്തിന് ഉടന്‍ പരിഹാരം കാണണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.

COMMENTS