Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2016 5:36 PM IST Updated On
date_range 21 May 2016 5:36 PM ISTപട്ടാമ്പിയിലെ എട്ട് പഞ്ചായത്തുകളില്‍ ഏഴിലും മുഹ്സിന്‍ മുന്നില്‍
text_fieldsbookmark_border
പട്ടാമ്പി: ഒന്നര പതിറ്റാണ്ടിന്‍െറ നിയമസഭാ പ്രവര്‍ത്തനത്തിലൂടെ അനിഷേധ്യനായി ഉയര്‍ന്നുവന്ന സി.പി. മുഹമ്മദ് എം.എല്‍.എയെ തളച്ച് ജെ.എന്‍.യു സമരനായകന്‍ മുഹമ്മദ് മുഹ്സിന്‍ പട്ടാമ്പിയുടെ പുതിയ ഹീറോയായി. താലൂക്കുള്‍പ്പെടെ പട്ടാമ്പി മണ്ഡലത്തില്‍ കൊണ്ടുവന്ന നേട്ടങ്ങള്‍ തുണക്കുമെന്ന സി.പി. മുഹമ്മദ് എം.എല്‍.എയുടെ പ്രതീക്ഷകള്‍ അസ്ഥാനത്താക്കിയുള്ള ഇടതുമുന്നണി വിജയം രാഷ്ട്രീയത്തിനുപരി യുവത്വത്തിന്‍െറയും ക്ളീന്‍ ഇമേജിന്‍െറയും സ്വീകാര്യതയായാണ് വിലയിരുത്തപ്പെടുന്നത്. കെ.ഇ. ഇസ്മായില്‍ എന്ന റവന്യൂ മന്ത്രിയെ തറ പറ്റിച്ച് നിയമസഭയില്‍ കന്നി പ്രവേശം നടത്തിയ സി.പി. മുഹമ്മദ് മണ്ഡലത്തില്‍ ഹാട്രിക് പൂര്‍ത്തിയാക്കിയത് രാഷ്ട്രീയാതീതമായ ജനകീയ ബന്ധത്തിലൂടെയാണ്. എന്നാല്‍, ഡല്‍ഹിയില്‍ നിന്നുള്ള മുഹ്സിന്‍െറ ആദ്യവരവില്‍ തന്നെ മണ്ഡലത്തിലെ മാറ്റത്തിനുള്ള ആവേശം പ്രകടമായി. തുടര്‍ന്ന് സ്ഥാനാര്‍ഥി പ്രഖ്യാപനം തൊട്ട് മുഹസിന്‍ യുവജനങ്ങളുടെ ഹൃദയാവേശമായി. ഇതുവരെ മണ്ഡലം ദര്‍ശിച്ചിട്ടില്ലാത്ത പ്രചാരണ പ്രവര്‍ത്തനങ്ങളാണ് നടന്നത്. ഇസ്ലാം മതപണ്ഡിതന്‍ മാനു മുസ്ലിയാരുടെ പേരമകന്‍ എന്ന മുദ്ര മുതിര്‍ന്നവരിലും സ്വീകാര്യതയുണ്ടാക്കി. ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യകുമാര്‍ പട്ടാമ്പിയില്‍ വന്ന് മുഹ്സിനുവേണ്ടി വോട്ട് അഭ്യര്‍ഥിച്ചതോടെ മണ്ഡലം ശരിക്കും ഇളകിമറിഞ്ഞു. വികസനപ്രവര്‍ത്തനങ്ങളുടെ മാറ്റുരച്ചാല്‍ പട്ടാമ്പിക്ക് തന്നെ കൈയൊഴിയാനാകില്ളെന്ന സി.പി. മുഹമ്മദിന്‍െറ അമിത വിശ്വാസം സാധൂകരിക്കുന്നതായില്ല ജനവിധി. എട്ടു പഞ്ചായത്തുകളില്‍ ഏഴിലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മുന്നിലാണ്. യു.ഡി.എഫ് രണ്ടായിരത്തിലേറെ വോട്ടിന്‍െറ ഭൂരിപക്ഷം പ്രതീക്ഷിച്ച ലീഗ് കോട്ടയായ തിരുവേഗപ്പുറയില്‍ 439 വോട്ടുകള്‍ മാത്രമാണ് ലീഡ് എന്നത് ഭാവിയില്‍ ചര്‍ച്ച ചെയ്യപ്പെടും. പട്ടാമ്പി നഗരസഭയും യു.ഡി.എഫ് ഭരിക്കുന്ന വല്ലപ്പുഴ, കുലുക്കല്ലൂര്‍ പഞ്ചായത്തുകളും കൈവിട്ടതും ഫലത്തെ സ്വാധീനിച്ചു. വിളയൂരും കുലുക്കല്ലൂരും ഒപ്പത്തിനൊപ്പമത്തൊമെന്നത് ജലരേഖയായി. അവസാന നാളില്‍ പണം നല്‍കി വോട്ടറെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണവും സി.പിയെ ബാധിച്ചു. മുഹ്സിനാകട്ടെ സ്വന്തം പഞ്ചായത്തായ ഓങ്ങല്ലൂര്‍ 2007 വോട്ടാണ് ഭൂരിപക്ഷം നല്‍കിയത്. പട്ടാമ്പി നഗരസഭ 639, മുതുതല 1755, കൊപ്പം 1445, വിളയൂര്‍ 1136, കുലുക്കല്ലൂര്‍ 614, വല്ലപ്പുഴ 143 എന്നിങ്ങനെയും ഇടത് സ്ഥാനാര്‍ഥിക്കൊപ്പം നിന്നു. ഇ.എം.എസിന്‍െറ നാട്ടില്‍ ഇടതുപക്ഷം തിരിച്ചുവരണമെന്ന അദ്ദേഹത്തിന്‍െറ ആഹ്വാനം യാഥാര്‍ഥ്യമായി. 1967ല്‍ ഇ.എം.എസിനുണ്ടായ ചരിത്രവിജയത്തിന്‍െറ പുനരാവര്‍ത്തനമാണ് മുഹമ്മദ് മുഹ്സിനിലൂടെ സാക്ഷാത്കരിക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story