Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവള്ളുവനാടന്‍...

വള്ളുവനാടന്‍ ക്ഷേത്രോത്സവങ്ങള്‍ പാരമ്യതയിലേക്ക്

text_fields
bookmark_border
ഷൊര്‍ണൂര്‍: അയ്യപ്പന്‍ വിളക്കുത്സവങ്ങളും ചെറു പൂരങ്ങളും താലപ്പൊലികളുമായി തുടക്കമിട്ട വള്ളുവനാടന്‍ ക്ഷേത്രോത്സവങ്ങള്‍ പാരമ്യതയിലേക്ക് കടക്കുന്നു. ‘കണ’തൊട്ട് ‘മുള’വരെ എന്ന പഴമക്കാരുടെ ചൊല്ലിനെ അന്വര്‍ഥമാക്കുംവിധം കണയം ശ്രീ കുറുംബക്കാവില്‍ തുടങ്ങി വല്ലപ്പുഴ മുളയങ്കാവില്‍ സമാപിക്കുന്ന വള്ളുവനാടന്‍ ക്ഷേത്രോത്സവങ്ങള്‍ക്ക് മുന്നോടിയായുള്ള തോല്‍പ്പാവക്കൂത്ത്, കളമെഴുത്ത്പാട്ട് എന്നിവക്ക് പലയിടത്തും കൊടിക്കൂറ ഉയര്‍ന്നു കഴിഞ്ഞു. കേരളത്തില്‍ മുമ്പ് നിലവിലുണ്ടായിരുന്ന മറ്റ് നാട്ടുരാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഏറെ പാരമ്പര്യം നിലനിന്നിരുന്ന നാട്ടുരാജ്യമാണ് വള്ളുവനാട്. തൊട്ടു തൊട്ടു കിടക്കുന്ന ഗ്രാമങ്ങളില്‍ രണ്ടും മൂന്നും ക്ഷേത്രോത്സവങ്ങള്‍ നടക്കുന്ന ഗ്രാമങ്ങള്‍ വരെയുണ്ട്. മുന്‍ തലമുറ വരും തലമുറക്ക് കൈമാറിപ്പോയ അനുഭവവേദ്യമായ തരത്തിലുള്ള വരദാനം കൂടിയാണ് വള്ളുവനാടന്‍ ക്ഷേത്രോത്സവങ്ങള്‍. ക്ഷേത്രോത്സവ കാലത്ത് മുപ്പത്തിമുക്കോടി ദേവതകളും ഗ്രാമങ്ങളിലുണ്ടാകുമെന്നാണ് ഐതിഹ്യം. കാര്‍ഷികവൃത്തിക്ക് ഏറെ പ്രാധാന്യമുള്ള വള്ളുവനാട്ടില്‍ മകരക്കൊയ്ത്ത് കഴിഞ്ഞ് കര്‍ഷകനും തൊഴിലാളികളും സമ്പദ്സമൃദ്ധിയിലും ഐശ്വര്യത്തിലും നില്‍ക്കുന്ന അവസരത്തില്‍ നടക്കുന്നതായതിനാല്‍ ഈ ക്ഷേത്രോത്സവങ്ങള്‍ കൊയ്ത്തുത്സവങ്ങളായും അറിയപെടുന്നു. ക്ഷേത്രോത്സവങ്ങളിലെ പ്രധാന കെട്ടുകാഴ്ചയായ ഇണക്കാളകള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഏറെ പണച്ചെലവും ദിവസങ്ങള്‍ നീണ്ട പ്രയത്നവും വേണ്ട ഇണക്കാളകളുടെ അവസാന മിനുക്ക് പണിയിലാണ് വള്ളുവനാടന്‍ ഗ്രാമങ്ങളിലുള്ളവര്‍. പൂതന്‍, തിറ, കാവടി, വിവിധ വേഷങ്ങള്‍ക്കായുള്ള കോപ്പുകള്‍ എന്നിവയും ഒരുങ്ങാനുള്ള അവസാന ഘട്ടത്തിലാണ്. ഫെബ്രുവരി 12, 13 തീയതികളില്‍ നടക്കുന്ന കണയം ശ്രീ കുറുംബക്കാവിലെ ഉച്ചാറല്‍ വേലയോടെയാണ് ക്ഷേത്രോത്സവങ്ങള്‍ പാരമ്യതയിലേക്ക് കടക്കുക. ചെര്‍പ്പുളശ്ശേരി പുത്തനാല്‍ക്കല്‍ ഉത്സവവും ഇത്തവണ തലേന്നും പിറ്റേന്നുമായി നടക്കും. വിദേശികളടക്കമുള്ളവരും ഉത്സവം കാണാനത്തൊറുണ്ട്. ചിനക്കത്തൂര്‍, പരിയാനംപറ്റ, ചേറമ്പറ്റ, കടപ്പറമ്പത്ത്, അങ്ങാടിക്കടവ്, തൃപ്പുറ്റ, കയിലിയാട്, ആര്യങ്കാവ്, ചാത്തന്‍ കണ്ടാര്‍, കാളികാവ്, തൂത, ആമക്കാവ്, ചാലിശ്ശേരി, എളവാതുക്കല്‍, തൃശൂര്‍ ജില്ലയിലെ ചേലക്കര, കോഴിമാംപറമ്പ്, കുടപ്പാറ, വാഴാലി അടക്കമുള്ള പൂരങ്ങള്‍ക്കായി വള്ളുവനാട്ടുകാര്‍ കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുകയാണ്. തലയെടുപ്പുള്ള ഗജവീരന്മാര്‍, വാദ്യ കലാരംഗത്തെ കുലപതികള്‍ നയിക്കുന്ന തായമ്പക, മേളം, പഞ്ചവാദ്യം, കഥകളി, തുള്ളല്‍, കൂത്ത്, നൃത്തനൃത്യങ്ങള്‍ അടക്കമുള്ള ആധുനിക തലമുറക്ക് ഹരം പകരുന്ന ഗാനമേള എന്നിവയൊക്കെയും ഈ ക്ഷേത്രോത്സവങ്ങളെ വേറിട്ട് നിര്‍ത്തുന്ന പ്രധാന സംഗതികളാണ്. മാനത്ത് വര്‍ണഭംഗിയും ഗാംഭീര്യ ശേഷിയും പ്രകടമാക്കുന്ന വെടിക്കെട്ടാണ് മറ്റൊരു പ്രധാന ആകര്‍ഷണീയത. വെടിക്കെട്ട് വിദൂര ദേശങ്ങളില്‍ നിന്നുള്ളവരെപ്പോലും വള്ളുവനാട്ടിലേക്ക് ആകര്‍ഷിക്കുന്നതാണ്. മുന്‍ കാലങ്ങളില്‍ പൊതു മാര്‍ക്കറ്റായിവരെ പൂരപ്പറമ്പുകള്‍ മാറിയിരുന്നു. ഇപ്പോഴും ഒട്ടനവധി നാട്ടു വിഭവങ്ങളടക്കം പൂരപ്പറമ്പുകളില്‍ നിന്ന് ലഭിക്കും. അസഹിഷ്ണുത വളര്‍ന്നു വരുന്നെന്ന് നാം ആശങ്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ പോലും പല ക്ഷേത്രോത്സവങ്ങളും മതസൗഹാര്‍ദവും മറ്റും ഊട്ടിയുറപ്പിക്കുന്നതും ജാതി സമവാക്യങ്ങള്‍ ഒന്നുമല്ളെന്ന് ഓര്‍മപ്പെടുത്തുന്നതുമാണെന്ന പ്രത്യേകതയും വെളിവാക്കുന്നതായി നിലകൊള്ളുന്നതാണ്.
Show Full Article
TAGS:LOCAL NEWS 
Next Story