Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2016 5:43 PM IST Updated On
date_range 3 Jan 2016 5:43 PM ISTകാട്ടാന ആക്രമണം: ഒരു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 27 പേര്‍
text_fieldsbookmark_border
കോയമ്പത്തൂര്‍: ജില്ലയില്‍ കഴിഞ്ഞ വര്‍ഷം കാട്ടാനകളുടെ ആക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടതായി വനം അധികൃതര്‍ അറിയിച്ചു. 2014ല്‍ 22 പേരും 2013ല്‍ 21 പേരും 2012ല്‍ 18 പേരുമാണ് മരിച്ചത്. ഓരോ വര്‍ഷവും കൊല്ലപ്പെടുന്ന മനുഷ്യരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഇതിന് പുറമെ കാട്ടാനകളുടെ ആക്രമണത്തില്‍ വന്‍ കൃഷിനാശമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജില്ലയില്‍ മേട്ടുപാളയം, ആനക്കട്ടി, തൊണ്ടാമുത്തൂര്‍, ആലാന്തുറ, താളിയൂര്‍, കോവൈപുതൂര്‍, പേരൂര്‍, ചെട്ടിപാളയം, മധുക്കര, വാള്‍പാറ തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ടാനശല്യം രൂക്ഷം. കാട്ടാനകളിറങ്ങുന്നത് പതിവായതോടെ വാള്‍പാറ തുടങ്ങിയ മേഖലകളില്‍ ജനങ്ങള്‍ കുടിയൊഴിഞ്ഞു പോവുകയാണ്. കഴിഞ്ഞ ദിവസം രണ്ട് കുട്ടിയാനകള്‍ ഉള്‍പ്പെട്ട എട്ടംഗ കാട്ടാനസംഘം കോയമ്പത്തൂര്‍-പാലക്കാട് ദേശീയപാതയിലെ സുഗുണാപുരം മൈല്‍ക്കല്ലിന് സമീപം റോഡ് മുറിച്ചുകടന്നിരുന്നു. ദേശീയപാതയിലെ സെന്‍റര്‍ മീഡിയന്‍ മറികടക്കാന്‍ കുട്ടിയാനകള്‍ക്ക് കഴിഞ്ഞില്ല. കുട്ടിയാനകളെ സഹായിക്കാന്‍ മറ്റ് ആനകള്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അതിനിടെ റോഡിന് ഇരുവശവും വാഹനങ്ങളുടെ നീണ്ടനിരയാണ് പ്രത്യക്ഷപ്പെട്ടത്. ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. വനം-പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയാണ് കാട്ടാനകളെ വനഭാഗത്തേക്ക് വിരട്ടിയോടിച്ചത്. കാട്ടാനകളുടെ വിഹാരം കണക്കിലെടുത്ത് വനാതിര്‍ത്തി പ്രദേശങ്ങളിലെ കര്‍ഷകര്‍ കൃഷിയിറക്കാന്‍ തയാറാകുന്നില്ല. വിളനാശത്തിന് കുറഞ്ഞ തുകയാണ് നഷ്ടപരിഹാരമായി സര്‍ക്കാറില്‍നിന്ന് ലഭിക്കുന്നത്. മേഖലയിലെ വനപ്രദേശങ്ങളില്‍ വ്യാപകമായ കൈയേറ്റം നടന്നതാണ് നാട്ടിന്‍പുറങ്ങളിലേക്കുള്ള ആനകളുടെ ഇറക്കം കൂട്ടിയത്. വനഭാഗങ്ങളില്‍ അനധികൃതമായി നിര്‍മിച്ച റിസോര്‍ട്ടുകള്‍, ആശ്രമങ്ങള്‍, ധ്യാന കേന്ദ്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അപ്പാര്‍ട്ട്മെന്‍റ് സമുച്ചയങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് വനം വകുപ്പ് ഈയിടെ റിപ്പോര്‍ട്ട് തയാറാക്കി സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. മുഴുവന്‍ മാനദണ്ഡങ്ങളും ലംഘിച്ചാണ് കെട്ടിടങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. ഇതുമൂലം ആനത്താരകള്‍ അപ്രത്യക്ഷമാവുകയായിരുന്നു. അനധികൃത കെട്ടിട നിര്‍മാണം സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചാലും കൃത്യമായ വിവരങ്ങള്‍ ലഭ്യമാവുന്നില്ളെന്ന് സാമൂഹിക സംഘടനാ പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നു. കാട്ടാനശല്യം നിയന്ത്രിക്കുന്നതിനും വനഭാഗങ്ങളിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കുന്നതിനും കടുത്ത നടപടി ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് എം.ഡി.എം.കെ ഉള്‍പ്പെടെയുള്ള കക്ഷികള്‍ സമര പരിപാടികള്‍ക്ക് ഒരുങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story