Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2016 3:46 PM IST Updated On
date_range 13 Feb 2016 3:46 PM ISTബജറ്റില്‍ ജില്ല: പ്രഖ്യാപനങ്ങള്‍ക്ക് പഞ്ഞമില്ല
text_fieldsbookmark_border
പാലക്കാട്: നടപ്പാക്കുന്ന പക്ഷം ജില്ലക്ക് ഏറെ ഗുണകരമായ നിരവധി പദ്ധതികളും വാഗ്ദാനങ്ങളും അടങ്ങുന്ന സംസ്ഥാന ബജറ്റില്‍ കാര്‍ഷിക മേഖലയുടെ പരിപോഷണത്തിന് ഉതകുന്ന പ്രഖ്യാപനങ്ങളും. ഭരണകക്ഷി അംഗങ്ങള്‍ പ്രതിനിധീകരിക്കുന്ന നിയോജകമണ്ഡലങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയെന്ന ആക്ഷേപത്തിന് ഇടയാക്കുന്നുണ്ടെങ്കിലും തെരഞ്ഞടുപ്പ് മുന്നില്‍ കണ്ടുള്ള ജനപ്രിയ ബജറ്റില്‍ നിരവധി പദ്ധതികള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് നഗരത്തിലെ ലിങ്ക് റോഡുകളുടെ പൂര്‍ത്തീകരണത്തിനായി ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ വനിതാ പോളി ടെക്നിക് ആരംഭിക്കും. മിനി സിവില്‍ സ്റ്റേഷന്‍ വേണമെന്ന തൃത്താലക്കാരുടെ ചിരകാല അഭിലാഷം നടപ്പാക്കുമെന്ന് ബജറ്റ് പ്രഖ്യാപനത്തിലുണ്ട്. അഗ്രഹാരങ്ങളുടെ പുനരുദ്ധാരണത്തിന് 50 കോടി രൂപ ബജറ്റില്‍ നീക്കി വെച്ചതും പാലക്കാടിന് അനുഗ്രഹമാകും. ആകെ 200 അഗ്രഹാരങ്ങളുടെ പുനരുദ്ധാരണത്തിനാണ് തുക നീക്കി വെച്ചത്. കല്‍പാത്തി അഗ്രഹാരത്തില്‍ ഇതിനകം പൈതൃക ഗ്രാമം പദ്ധതി നിലവിലുണ്ട്. ഇതിന്‍െറ പോരായ്മകള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് പുതിയ പുനരുദ്ധാരണ പദ്ധതി വരുന്നത്. മറ്റ് അഗ്രഹാരങ്ങളുടേയും ശോച്യാവസ്ഥക്ക് ഇതോടെ അറുതിയാവുമെന്നാണ് പ്രതീക്ഷ. പാരമ്പര്യ കളിമണ്‍പാത്ര നിര്‍മാണ തൊഴിലാളികളുടെ ഉല്‍പന്നങ്ങള്‍ക്ക് നികുതി ഒഴിവ് പ്രഖ്യാപിച്ചത് ഈ മേഖലയില്‍ ഏറെപ്പേര്‍ ഉപജീവനം നയിക്കുന്ന ജില്ലക്ക് നേട്ടമാണ്. പാലക്കാട് സ്റ്റേഡിയം നവീകരണത്തിന് തുക വകയിരുത്തിയിട്ടുണ്ട്. സി.പി. മുഹമ്മദ് എം.എല്‍.എ പ്രതിനിധീകരിക്കുന്ന പട്ടാമ്പിയില്‍ പ്രധാന റോഡ് നവീകരണം ബജറ്റ് നിര്‍ദേശത്തിലുണ്ട്. പട്ടാമ്പി വഴിയുള്ള കുറ്റിപ്പുറം, ഷൊര്‍ണൂര്‍ റോഡ് നവീകരണത്തിന് തുക വകയിരുത്തിയിട്ടുണ്ട്. പശ്ചിമഘട്ട സംരക്ഷണത്തിന് 15 കോടി രൂപ നീക്കി വെച്ചതിന്‍െറ ആനുപാതിക പ്രയോജനം ലഭിക്കുമെങ്കിലും അട്ടപ്പാടിക്കായി പുതിയ പാക്കേജ് വേണമെന്ന ആവശ്യം പരിഗണിച്ചിട്ടില്ല. കാര്‍ഷിക മേഖലക്ക് കൈനിറയെ പാലക്കാട്: പുതിയ സംരംഭങ്ങളേക്കാള്‍ കൂടുതല്‍ കാര്‍ഷിക മേഖലയുടെ ഉണര്‍വിനായുള്ള പ്രഖ്യാപനങ്ങളാണ് കാര്‍ഷിക ജില്ലയായി പാലക്കാടിന് ഏറെ ഗുണകരമാവുക. ശരിക്കും നടുവൊടിഞ്ഞു നില്‍ക്കുന്ന കേര കര്‍ഷകരെ സഹായിക്കാന്‍ കിലോക്ക് 25 രൂപക്ക് പച്ചത്തേങ്ങ സംഭരിക്കുമെന്ന പ്രഖ്യാപനം ജില്ലയിലെ എല്ലാ പഞ്ചായത്തുകള്‍ക്കും ഗുണകരമാകും. നെല്‍കൃഷി വികസനത്തിനായി 35 കോടി രൂപ ബജറ്റില്‍ നീക്കി വെച്ചിട്ടുണ്ട്. കഴിഞ്ഞ വിള സീസണിലെ നെല്ല് സംഭരണ വിലയുടെ കുടിശ്ശിക ഇനിയും ലഭിക്കാത്ത കര്‍ഷകര്‍ ഡാം വെള്ളത്തെ ആശ്രയിച്ച് ഇറക്കിയ ഇത്തവണത്തെ കൃഷി രക്ഷപ്പെടുമോ എന്ന വേവലാതിയിലാണ്. ക്ഷീര കര്‍ഷകരുടെ പെന്‍ഷന്‍ 500 രൂപയില്‍ നിന്ന് 750 ആക്കിയതും കാര്‍ഷികമേഖലയെ പ്രോത്സാഹിപ്പിക്കും. കെ. അച്യുതന്‍ നിയമസഭയില്‍ പ്രതിനിധീകരിക്കുന്ന ചിറ്റൂര്‍ മണ്ഡലത്തില്‍ കാര്‍ഷിക കോളജ് ആരംഭിക്കുമെന്ന പ്രഖ്യാപനം ത്വരിതഗതിയില്‍ നടപ്പാക്കാന്‍ ശ്രമമുണ്ടാകുമെന്നാണ് സൂചന. എരുത്തേമ്പതി ഗ്രാമപഞ്ചായത്തിലാണ് ഇത് ആരംഭിക്കുക എന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഇവിടെ ആവശ്യത്തിന് ഭൂമിയുണ്ട്. ചിറ്റൂരിനോടൊപ്പം അമ്പലവയല്‍, കുമരകം എന്നിവിടങ്ങളിലും കാര്‍ഷിക കോളജ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വിഷരഹിത പച്ചക്കറി ഉല്‍പാദനത്തിനും സ്വയം പര്യാപ്തത നേടാനും ബജറ്റില്‍ നീക്കിവെച്ച 74.3 കോടി രൂപ ജില്ലയിലെ പച്ചക്കറി മേഖലക്ക് പ്രയോജനപ്പെടും. നീര ഉല്‍പാദനം കാര്യക്ഷമമാക്കാന്‍ അഞ്ച് കോടി രൂപയാണ് നീക്കി വെച്ചത്. കേര കൃഷി മേഖലയില്‍ ബജറ്റില്‍ പ്രഖ്യാപനം ക്രിയാത്മകമായ പ്രയോജനം ഉണ്ടാക്കുമെന്നാണ് കര്‍ഷകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍, എല്ലാ മേഖലകളിലും തിരിച്ചടി നേരിടുന്ന കാര്‍ഷിക മേഖലക്ക് മൊത്തത്തില്‍ പാക്കേജ് വേണമെന്ന ആവശ്യം നിറവേറിയിട്ടില്ല. കാര്‍ഷികാദായ നികുതി എടുത്തുകളയുമെന്ന പ്രഖ്യാപനവും കൈയടി നേടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story