Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2016 4:53 PM IST Updated On
date_range 15 Aug 2016 4:53 PM ISTഅവഗണന മടുത്തു, മുതലമടയിലെ ആദിവാസികള്‍ സമരത്തിലേക്ക്
text_fieldsbookmark_border
കൊല്ലങ്കോട്: മുതലമടയിലെ ആദിവാസി കോളനികള്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി വീണ്ടും സമരത്തിലേക്ക്. ഗോവിന്ദാപുരം മുതല്‍ ചുള്ളാര്‍ഡാം കുണ്ടിലകുളമ്പ് വരെ കോളനികളിലെ കുടുംബങ്ങളാണ് കുടിവെള്ളം, റോഡ്, വീട്, ശൗച്യാലയം എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യപ്പെട്ട് സമരത്തിനിറങ്ങുന്നത്. 2015 ഫെബ്രുവരിയില്‍ മുതലമട ഒന്ന്, രണ്ട് വില്ളേജുകളില്‍ ആദിവാസികള്‍ ഉപരോധ സമരം നടത്തിയതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ 2015 മാര്‍ച്ച് 21ന് ആദിവാസി നേതാക്കളെ ചര്‍ച്ചക്ക് വിളിച്ചിരുന്നു. ശൗച്യാലയം അനുവദിക്കാനും വീടില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഭവന പദ്ധതികളില്‍ ഉള്‍പ്പെടുത്തി വീട് അനുവദിക്കാനും കോളനികളില്‍ സര്‍വേ നടത്തി കുടിവെള്ള പദ്ധതി തുടങ്ങാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കും ജല അതോറിറ്റിക്കും നിര്‍ദേശം നല്‍കാനും അന്നത്തെ യോഗത്തില്‍ തീരുമാനമായിരുന്നു. എന്നാല്‍, 22 വീടുകള്‍ക്കുള്ള ഫണ്ട് മാത്രമാണ് പാസായത്. ശേഷിക്കുന്ന 160ലേറെ വീടുകള്‍ക്കുള്ള അപേക്ഷകളില്‍ നടപടികളൊന്നും ആയിട്ടില്ളെന്ന് പട്ടികവര്‍ഗ മഹാസഭയുടെ സെക്രട്ടറിയും കുണ്ടിലകുളമ്പ് സ്വദേശിയുമായ രാജു പറയുന്നു. ചുള്ളിയാര്‍ഡാമിനടുത്തുള്ള കുണ്ടിലക്കുളമ്പില്‍ എറവാളന്‍, മലസര്‍ വിഭാഗത്തില്‍പ്പെടുന്ന 23 കുടുംബങ്ങളാണ് വഴിയും വെളിച്ചവുമില്ലാതെ ബുദ്ധിമുട്ടുന്നത്. സ്വകാര്യ വ്യക്തിയുടെ കാരുണ്യത്തിലാണ് നിലവില്‍ വരമ്പിലൂടെ ഇവര്‍ കോളനിയിലേക്ക് പോകുന്നത്. കഴിഞ്ഞവര്‍ഷത്തെ സമരത്തെ തുടര്‍ന്ന്, കോളനിയിലെ അഞ്ച് കുടുംബങ്ങള്‍ക്ക് ഭവന നിര്‍മാണ പദ്ധതിയില്‍ വീടിന് പാസാക്കിയെങ്കിലും നിര്‍മാണ വസ്തുക്കള്‍ കൊണ്ടുപോകാന്‍ സ്വകാര്യ വ്യക്തികള്‍ വഴി നല്‍കിയില്ല. തുടര്‍ന്ന് സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ പണിസാമഗ്രികള്‍ തലചുമടായി എത്തിച്ചാണ് പ്രാഥമിക നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്. കുണ്ടിലകുളമ്പ് കോളനിയില്‍ രോഗികളെ മുളയില്‍ തുണികെട്ടി അതില്‍ ഇരുത്തിയും കസേരയില്‍ ഇരുത്തി തൂക്കിയെടുത്തുമാണ് കിലോമീറ്റര്‍ കടന്ന് പ്രധാന റോഡിലത്തെിക്കുന്നത്. മിനുക്കംപാറ, ആട്ടയാമ്പതി, കരടിക്കുന്ന്, മീങ്കര തുടങ്ങിയ പ്രദേശങ്ങളിലെ ആദിവാസി ഊരുകളും അടിസ്ഥാന സൗകര്യത്തിനായി സമരത്തിനിറങ്ങേണ്ട ഗതിക്കേടിലാണ്. 2015ല്‍ ജില്ലാ കലക്ടര്‍ നല്‍കിയ ഉറപ്പ് പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആഗസ്റ്റ് 16ന് മുതലമട ഒന്ന്, രണ്ട് വില്ളേജ് ഓഫിസുകള്‍ ഉപരോധിക്കുമെന്ന് കുണ്ടിലകുളമ്പ് കോളനിവാസികള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story