Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sept 2015 6:03 PM IST Updated On
date_range 15 Sept 2015 6:03 PM ISTയുവ തലമുറക്ക് സാമൂഹിക പ്രതിബദ്ധത നഷ്ടപ്പെട്ടു –ടി.എന്‍. കണ്ടമുത്തന്‍
text_fieldsbookmark_border
പാലക്കാട്: യുവതലമുറക്ക് സാമൂഹിക പ്രതിബദ്ധത നഷ്ടപ്പെട്ടിരിക്കയാണെന്നും പാലിയേറ്റിവ് പ്രവര്‍ത്തനം ജില്ലയില്‍ വിപൂലീകരിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി.എന്‍.കണ്ടമുത്തന്‍. ജില്ലാ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്തിന്‍െറ ആഭിമുഖ്യത്തില്‍ സമഗ്ര പാലിയേറ്റിവ് പരിചരണ പദ്ധതി പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. എട്ട് മക്കള്‍ ഉണ്ടായിട്ടും 80 വയസ്സുകാരിയായ അമ്മയെ തൊഴുത്തില്‍ തള്ളിയ സംഭവം മാധ്യമങ്ങളില്‍ വന്നതിനെ അദ്ദേഹം പരാമര്‍ശിച്ചു. ഈ വര്‍ഷം പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍ക്ക് പതിനേഴര ലക്ഷം രൂപ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായി പാലക്കാട് ജില്ലയിലാണ് പാലിയേറ്റിവ് പ്രവര്‍ത്തനം ആരംഭിച്ചത്. പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍ക്കായി എം.ബി. രാജേഷ് എം.പിയോട് ഒരു ജീപ്പ് ആവശ്യപ്പെട്ടപ്പോള്‍ ആംബുലന്‍സ് അനുവദിച്ചു. ആശ വര്‍ക്കര്‍മാരുടെ പ്രവര്‍ത്തനത്തെയും അദ്ദേഹം അഭിനന്ദിച്ചു. ജില്ലയില്‍ 2008ല്‍ ആരംഭിച്ച പാലിയേറ്റിവ് പ്രവര്‍ത്തനം ഇന്ന് എല്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റികളിലും താലൂക്കുകളിലും നടപ്പാക്കാനായതിന്‍െറ ചാരിതാര്‍ഥ്യമുണ്ട്. ചടങ്ങില്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. രാധ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുബൈദ ഇസ്ഹാഖ്, പഞ്ചായത്ത് പ്രസിഡന്‍റുമാരായ കാര്‍ത്യായനി, ഷീജ മണികണ്ഠന്‍, ഡി.എം.ഒ ഡോ. വേണുഗോപാല്‍, ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ. അനൂപ്, ഡോ. ശ്രീഹരി, ഡോ. അഫ്സല്‍ എന്നിവര്‍ സംബന്ധിച്ചു. പാലിയേറ്റിവ് പ്രവര്‍ത്തനം ആരംഭിച്ച കണ്ണാടി പഞ്ചായത്തിലെ അന്നത്തെ ഡി.എം.ഒയായിരുന്ന ഡോ. നാസറിനെയും ജന്മനാ കൈകളില്ലാത്ത പ്രണവിനെയും ചടങ്ങില്‍ ആദരിച്ചു. കാലുകൊണ്ട് തിരി തെളിയിച്ച് പ്രണവ് പാലക്കാട്: കാലുകൊണ്ട് നിലവിളക്ക് കത്തിക്കുന്ന പ്രണവ് സമഗ്ര പാലിയേറ്റിവ് പരിചരണ പദ്ധതി പ്രഖ്യാപന ചടങ്ങിലെ നൊമ്പരക്കാഴ്ചയായി. ആലത്തൂര്‍ കാട്ടുശ്ശേരി ബാലസുബ്രഹ്മണ്യന്‍െറയും സ്വര്‍ണകുമാരിയുടെയും രണ്ടാമത്തെ മകനായ പ്രണവിന് ജന്മനാ കൈകളില്ല. കൈകളില്ളെങ്കിലും കലാ-കായികരംഗത്തെ താരമാണ് പ്രണവ്. പത്താംക്ളാസ് പരീക്ഷക്ക് കാലുകൊണ്ട് പരീക്ഷയെഴുതി 85 ശതമാനം മാര്‍ക്ക് വാങ്ങിയാണ് പ്രണവ് വിജയം കൈവരിച്ചത്. ആലത്തൂര്‍ എ.എസ്.എം.എം. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ളസ് ടു കോമേഴ്സിന് പഠിക്കുകയാണ് പ്രണവ്. ലോക വികലാംഗദിനത്തില്‍ 50 മീറ്റര്‍ ഓട്ടത്തിലും നടത്തത്തിലും ഒന്നാം സ്ഥാനവും കോഴിക്കോട് നടന്ന സംസ്ഥാന മത്സരത്തില്‍ ഓട്ടത്തിലും ഒന്നാംസ്ഥാനം നേടി. കൈകളില്ളെങ്കിലും സൈക്കിള്‍ ചവിട്ടാനും പഠിച്ചുകഴിഞ്ഞു ഈ കൊച്ചുമിടുക്കന്‍. ഇതോടെ സ്വന്തം സൈക്കിള്‍ വേണമെന്നായി ആവശ്യം. തന്‍െറ നേട്ടങ്ങള്‍ക്കെല്ലാം കാരണക്കാര്‍ അച്ഛനും അമ്മയുമാണെന്നാണ് പ്രണവ് പറയുന്നത്. സാധാരണ വീടുകളില്‍ വികലാംഗരായ കുട്ടികള്‍ ജനിച്ചാല്‍ നാല് ചുവരുകള്‍ക്കുള്ളില്‍ തളച്ചിടുകയാണ് പതിവ്. അച്ഛനമ്മമാരുടെയും തന്‍െറയും ആത്മവിശ്വാസം കൊണ്ടാണ് തനിക്ക് എവിടെയും വിജയം നേടാനായതെന്നും എവറസ്റ്റ് കീഴടക്കിയ ടെന്‍സിങ്ങിന്‍െറയും ഹിലാരിയുടെയും വിജയത്തെ ഓര്‍മിപ്പിച്ചുകൊണ്ട് പ്രണവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story