Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightചരിത്രത്തിലേക്ക്...

ചരിത്രത്തിലേക്ക് വീണ്ടും ചൂളംവിളിച്ചോടും

text_fields
bookmark_border
പാലക്കാട്: ഏഴ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് രണ്ട് സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ചിരകാലാഭിലാഷമായ പാലക്കാട്-പൊള്ളാച്ചി പാതയില്‍ വീണ്ടും ചൂളംവിളി ഉയരുന്നത്. പാതയില്‍ തിങ്കളാഴ്ച വീണ്ടും വണ്ടിയോടി തുടങ്ങുന്നതോടെ കേരളത്തിലെയും തമിഴ്നാട്ടിലെയും പിന്നാക്ക കാര്‍ഷിക ഗ്രാമങ്ങളെ ബന്ധിപ്പിച്ചുള്ള 56 കി.മീ പാതയുടെ ചരിത്രത്തില്‍ പുതിയ അധ്യായത്തിന് തുടക്കമാവും. പോത്തനൂര്‍-പൊള്ളാച്ചി സെക്ഷനില്‍ തീവണ്ടിയോട്ടം തുടങ്ങുന്നതിനോടനുബന്ധിച്ച് 1915 ഒക്ടോബര്‍ 15നാണ് പൊള്ളാച്ചി ജങ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ സ്ഥാപിതമായത്. 1928 നവംബര്‍ 19ന് പാത ദിണ്ടിക്കലിലേക്ക് നീട്ടി. 1932 ഏപ്രില്‍ ഒന്നിനാണ് പൊള്ളാച്ചി-പാലക്കാട് മീറ്റര്‍ ഗേജ് പാത കമീഷന്‍ ചെയ്തത്. പൊള്ളാച്ചി ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് പാലക്കാട്ടേക്ക് മീറ്റര്‍ ഗേജ് പാത നിര്‍മിച്ചത് ഏഴര പതിറ്റാണ്ട് മുമ്പാണ്. മധ്യകേരളത്തിലെയും പാലക്കാടിന് കിഴക്കുള്ള പിന്നാക്ക തമിഴ് ഗ്രാമങ്ങളുടെയും സാമൂഹിക, സാമ്പത്തിക രംഗത്ത് വിപ്ളവകരമായ മാറ്റത്തിന് വഴിതെളിയിച്ചത് ഈ മീറ്റര്‍ ഗേജ് പാതയാണ്. പ്രദേശത്തെ കാര്‍ഷിക, വ്യാപാര മേഖലയില്‍ വലിയ ചലനമാണ് പാത സൃഷ്ടിച്ചത്. രണ്ട് സംസ്ഥാനങ്ങളിലെ തീര്‍ഥാടക കേന്ദ്രങ്ങളെ പാത ബന്ധിപ്പിച്ചു. മേഖലയിലെ ഗ്രാമീണ ജീവിതത്തിന്‍െറ ഭാഗമായി മൂക്കാല്‍ നൂറ്റാണ്ടോളം കൂകിപ്പാഞ്ഞ മീറ്റര്‍ഗേജ് വണ്ടികള്‍ തമിഴന്‍െറയും മലയാളിയുടെയും ഇഴയടുപ്പത്തിന് വഴിതെളിയിച്ചു. പതിറ്റാണ്ടുകളോളം കല്‍ക്കരി വണ്ടിയായും പിന്നീട് ഡീസല്‍ എന്‍ജിനുമായി ഓടിയ തീവണ്ടികള്‍ മേഖലയിലെ നൂറുകണക്കിന് ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒന്നായിരുന്നു. 2008 ഡിസംബര്‍ പത്തിന് ബ്രോഡ്ഗേജ് ആക്കാനായി മീറ്റര്‍ ഗേജ് പാത പൊളിച്ചപ്പോള്‍ രണ്ട് വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തീകരിച്ച് സര്‍വിസ് പുന$സ്ഥാപിക്കുമെന്ന് റെയില്‍വേ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, അധികാരികളുടെ അനാസ്ഥമൂലം നവീകരണം ഏഴ് വര്‍ഷത്തോളം നീണ്ടു. 2009 മേയ് 14നാണ് ദിണ്ടിക്കല്‍-പൊള്ളാച്ചി-കിണ്ണത്തുകടവ്-പോത്തനൂര്‍ സെക്ഷന്‍ ഗേജ്മാറ്റത്തിന് അടച്ചുപൂട്ടിയത്. സെക്ഷനിലെ മറ്റു ലൈനുകള്‍ നേരത്തേ കമീഷന്‍ ചെയ്തെങ്കിലും പൊള്ളാച്ചി-പാലക്കാട് പാതയുടെ പ്രവൃത്തിയാണ് വൈകിയത്. നീണ്ട മുറവിളികള്‍ക്കും പ്രതിഷേധങ്ങള്‍ക്കുംശേഷമാണ് പാതയുടെ പണി പൂര്‍ത്തീകരിച്ചത്. പൊള്ളാച്ചി ജങ്ഷന്‍ സ്റ്റേഷന്‍െറ ശതാബ്ദി ആഘോഷവും പാതയുടെ നവീകരണം പൂര്‍ത്തിയായതും ഒരേ സമയത്താണ്. കഴിഞ്ഞ ഒക്ടോബര്‍ 15നാണ് പൊള്ളാച്ചി സ്റ്റേഷന്‍ നൂറാം വാര്‍ഷികം ആഘോഷിച്ചത്. മീറ്റര്‍ ഗേജ് പാതയിലെ പ്രൗഢഗംഭീരമായ ബ്രിട്ടീഷ് നിര്‍മിത സ്റ്റേഷനുകളും പാതക്ക് ഇരുവശവുമുള്ള പച്ചപ്പും മൂലം പഴയ മീറ്റര്‍ ഗേജ് ലൈന്‍ നിരവധി ദക്ഷിണേന്ത്യന്‍ സിനിമകള്‍ക്ക് ഇഷ്ട ലൊക്കേഷനായിരുന്നു. തമിഴിലും മലയാളത്തിലുമിറങ്ങിയ നിരവധി പഴയ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ ചിത്രീകരിച്ചത് മനോഹരമായ ഈ പാതയിലാണ്. വരവേല്‍ക്കാന്‍ പാലക്കാട് ഒരുങ്ങി പാലക്കാട്: ട്രെയിനുകളെ വരവേല്‍ക്കാന്‍ പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷന്‍ ഒരുങ്ങി. 20 കോടിയുടെ വികസനമാണ് പാലക്കാട് ടൗണ്‍ സ്റ്റേഷനില്‍ പുതിയ പാതയുമായി ബന്ധപ്പെട്ട് സജ്ജമാക്കിയത്. 24 കോച്ചുകള്‍ക്ക് നിര്‍ത്താവുന്ന ഹൈലെവല്‍ പ്ളാറ്റ്ഫോം തയാറായി. ശാരീരിക വെല്ലുവളി നേരിടുന്നവര്‍ക്കുള്ള ഷെല്‍റ്റര്‍, കുടിവെള്ള സംവിധാനം, ഫൂട്ട്ഓവര്‍ ബ്രിഡ്ജ് തുടങ്ങിയവ നിര്‍മിച്ചു. ചരക്കുവണ്ടികള്‍ നിര്‍ത്താന്‍ അധിക ലൈനുകള്‍ സജ്ജമാക്കി. ഒൗപചാരികത ഒന്നുമില്ലാതെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ 4.30ന് സര്‍വിസ് തുടങ്ങുന്നത്. ഡിവിഷന്‍തല ഉദ്യോഗസ്ഥര്‍ മാത്രമേ വണ്ടിക്ക് പച്ചക്കൊടി കാട്ടാന്‍ എത്തുകയുള്ളൂ. ആറിന് പൊള്ളാച്ചിയില്‍നിന്ന് ആദ്യ ട്രെയിന്‍ ടൗണ്‍ സ്റ്റേഷനില്‍ എത്തും. തൂത്തുക്കുടിയില്‍നിന്ന് കൊങ്കണിലേക്ക് വഴി പാലക്കാട്: പൊള്ളാച്ചി പാത ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തുരങ്കമായ തൂത്തുക്കുടിയില്‍നിന്ന് രാജ്യത്തിന്‍െറ ഇതരഭാഗങ്ങളിലേക്കുള്ള ചരക്ക് നീക്കം എളുപ്പമാക്കും. മധുരയില്‍നിന്ന് പൊള്ളാച്ചിവഴി ഷൊര്‍ണൂരിലത്തെുമ്പോള്‍ 140 കിലോമീറ്റര്‍ ലാഭിക്കാം. ഇപ്പോള്‍ തൂത്തുക്കുടിയില്‍നിന്ന് ഉത്തരേന്ത്യയിലേക്കുള്ള ചരക്ക് നീക്കം ആന്ധ്രവഴിയാണ്. പൊള്ളാച്ചി പാത യാഥാര്‍ഥ്യമാകുന്നതോടെ ഇവ കൊങ്കണ്‍ വഴിയാകും. യാത്രാവണ്ടികളുടെ കുറവ്, പരിമിതമായ ലെവല്‍ ക്രോസുകള്‍, വളരെ കുറച്ച് സ്റ്റേഷനുകള്‍ എന്നിവയും ചരക്കുവണ്ടികള്‍ക്ക് ഈ പാത പ്രിയങ്കരമാകും. എല്ലാ സ്റ്റേഷനുകളിലും മൂന്ന് നിര പാളങ്ങളുണ്ട്. തെക്കന്‍ തമിഴ്നാടിന് കൊച്ചി തുറമുഖവുമായി ബന്ധപ്പെട്ട് വന്‍ വാണിജ്യ ഗതാഗത്തിനും പാത പ്രയോജനപ്പെടും. ഒൗപചാരിക ഉദ്ഘാടനം വൈകും പാലക്കാട്: പാതയുടെ ഉദ്ഘാടനം അടുത്ത പാര്‍ലമെന്‍റ് സമ്മേളനത്തിന് മുമ്പുണ്ടാകുമെന്നാണ് സൂചന. ഇതിനുശേഷം പുതിയ വണ്ടികളുടെ പ്രഖ്യാപനം പ്രതീക്ഷിക്കുന്നുണ്ട്. ഈ വര്‍ഷം ഏപ്രിലില്‍ പാത സജ്ജമായിരുന്നെങ്കിലും സുരക്ഷാ പരിശോധന വൈകിയതും പിന്നീട് തദ്ദേശഭരണ തെരഞ്ഞെടുപ്പിന്‍െറ പെരുമാറ്റചട്ടം നിലവില്‍വന്നതുമാണ് വിനയായത്. ഒക്ടോബര്‍ അഞ്ച്, ആറ് തീയതികളിലായിരുന്നു പാലക്കാട്-പൊള്ളാച്ചി ബ്രോഡ്ഗേജ് പാതയുടെ സുരക്ഷാ പരിശോധന. മണിക്കൂറില്‍ 80 കി.മീ വേഗത്തില്‍ ട്രെയിന്‍ സര്‍വിസിന് സുരക്ഷാ കമീഷണര്‍ അനുമതി നല്‍കിയിരുന്നു. ട്രെയിനുകള്‍ക്ക് പാലക്കാട് ടൗണ്‍, പുതുനഗരം, വടവന്നൂര്‍, കൊല്ലങ്കോട്, മുതലമട, മീനാക്ഷിപുരം, ആനമല റോഡ്, പൊള്ളാച്ചി ജങ്ഷന്‍ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. എല്ലാ സ്റ്റേഷനിലും സ്റ്റേഷന്‍ മാസ്റ്റര്‍, അസി. സ്റ്റേഷന്‍ മാസ്റ്റര്‍ എന്നിവര്‍ ചുമതലയേറ്റു. മറ്റു ജീവനക്കാരുടെ നിയമനവും പൂര്‍ത്തിയായി. ഗേറ്റുകളിലും ജീവനക്കാരായി. തീര്‍ഥാടകരുടെ ഇഷ്ടലൈന്‍ മുതലമട: പാലക്കാട്-പൊള്ളാച്ചി സര്‍വിസ് പഴനി-മധുര-ഏര്‍വാടി തീര്‍ഥാടനകേന്ദ്രങ്ങളിലേക്കുള്ള ഭക്തജനങ്ങളുടെ യാത്ര എളുപ്പമാക്കും. പാലക്കാട്ടുനിന്ന് പഴനിയിലേക്കും ഏര്‍വാടി, നാഗൂര്‍, മധുര, രാമേശ്വരം എന്നിവിടങ്ങളിലേക്കും ഭക്തജനങ്ങള്‍ പോയിരുന്നത് പാലക്കാട്-പൊള്ളാച്ചി ലൈന്‍ വഴിയായിരുന്നു. പാത നവീകരണത്തിന് അടച്ചതോടെ തീര്‍ഥാടകര്‍ ബസ് മാര്‍ഗവും മറ്റുമാണ് ലക്ഷ്യസ്ഥാനത്ത് എത്തിയിരുന്നത്. നിര്‍ത്തിവെച്ച രാമേശ്വരം ട്രെയിന്‍ പുനരാരംഭിക്കണമെന്നും തീര്‍ഥാടകര്‍ ആവശ്യപ്പെടുന്നുണ്ട്. പൊള്ളാച്ചി ചെന്നൈ ട്രെയിന്‍ പാലക്കാട്ടേക്ക് ദീര്‍ഘിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story