വോട്ടെടുപ്പിന് ഒരുക്കമായി; പോളിങ് സാമഗ്രി വിതരണം 10 മുതല്‍
text_fieldsപാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന് ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ബുധനാഴ്ച രാവിലെ പത്ത് മുതല്‍ സിവില്‍ സ്റ്റേഷനില്‍ പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിക്കുമെന്ന് കലക്ടര്‍ പി. മേരിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ ഉത്തരവില്‍ സാമഗ്രികള്‍ കൈപ്പറ്റാന്‍ രാവിലെ എട്ടിന് ഹാജരാകണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, പുതുക്കിയ ഉത്തരവ് പ്രകാരം പത്തിന് എത്തിയാല്‍ മതിയെന്നും ഉദ്യോഗസ്ഥര്‍ സഹകരിക്കണമെന്നും കലക്ടര്‍ അറിയിച്ചു.
രാവിലെ ഏഴുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. വൈകീട്ട് അഞ്ചിന് ബൂത്തില്‍ വരിയില്‍ നില്‍ക്കുന്നവരെ മുഴുവന്‍ വോട്ട് ചെയ്യാന്‍ അനുവദിക്കും.
ബുധനാഴ്ച രാവിലെ ആറിന് തന്നെ മോക്പോള്‍ നടത്തണമെന്ന് പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബൂത്തിന് നൂറുമീറ്റര്‍ പരിധിയില്‍ വോട്ട് പിടിത്തവും ഇരുനൂറ് മീറ്റര്‍ പരിധിയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്തും പാടില്ല. എത്തിപ്പെടാന്‍ പ്രയാസമുള്ള ബൂത്തുകളിലേക്ക് അധികം വോട്ട് യന്ത്രങ്ങള്‍ നല്‍കും. അഗളിയിലെ 12 ബൂത്തുകളിലേക്ക് പ്രത്യേക വാഹനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെ പകലും ഇരുട്ടായതിനാല്‍ പ്രത്യേക ലൈറ്റിങ് സംവിധാനം ഏര്‍പ്പെടുത്തി. ഏഴിന് 13 ബ്ളോക്ക് പഞ്ചായത്തുകളിലും ഏഴ് നഗരസഭകളിലുമായി 20 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുക.
പോളിങ് ഉദ്യോഗസ്ഥര്‍ക്കായി 954 വാഹനങ്ങള്‍ തയാറാക്കിയിട്ടുണ്ട്.
225 ബസ്, 191 മിനി ബസ് എന്നിവയും 538 ചെറുവാഹനങ്ങളുമുണ്ട്. പോളിങ് സാമഗ്രികളുടെ സ്വീകരണം, വിതരണം എന്നിവക്കായി 2500 ഉദ്യോഗസ്ഥരെയും സ്ട്രോങ് റൂം പരിപാലനത്തിന് 250 പേരെയും വോട്ടെണ്ണലിന് 900 പേരെയും നിയമിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അസിസ്റ്റന്‍റ് ജില്ലാ ഇലക്ട്രറല്‍ ഓഫിസറാണ്.
നിലവിലുള്ളതിന് പുറമെ ആറ് തഹസില്‍ദാര്‍മാരെ എക്സി. മജിസ്ട്രേറ്റുമാരായി അധികം നിയമിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പൊലീസ് മേധാവി എന്‍. വിജയകുമാര്‍, പൊതുനിരീക്ഷകന്‍ ഷെയ്ഖ് ഹൈദര്‍ ഹുസൈന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ആര്‍. വിജയകുമാര്‍ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.