വളാഞ്ചേരി: സ്ത്രീയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ സാഹസികമായി പിടികൂടി യുവാക്കൾ. ദേശീയ പാതയിൽ വളാഞ്ചേരി വട്ടപ്പാറ എസ്.എൻ.ഡി.പി ഓഫിസിന് സമീപം ബൈക്കിലെത്തിയവർ സ്ത്രീയുടെ മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട വെന്നിയൂർ സ്വദേശിയായ നസീർ അബു (29), പൂക്കിപ്പറമ്പ് സ്വദേശിയായ കെ.ടി. ഷഹദ് (20) എന്നിവരാണ് പ്രതികളെ പിന്തുടർന്ന് പിടികൂടിയത്.
കോട്ടക്കലിലെ സ്വകാര്യ സ്ഥാപനത്തിലെ സെയിൽസ് എക്സിക്യൂട്ടീവുകളായി ജോലി ചെയ്യുന്ന ഇവർ ജോലി ആവശ്യാർഥം പട്ടാമ്പിയിലേക്ക് പോവുകയായിരുന്നു. അപ്പോഴാണ് വട്ടപ്പാറയിൽ സ്ത്രീയുടെ കരച്ചിൽ കേട്ടതും മാല പൊട്ടിച്ച് കടക്കാൻ ശ്രമിച്ചവരെ കാണുകയും ചെയ്തത്. ഇവർ അക്രമികളെ ബൈക്കിൽ കഞ്ഞിപ്പുര- മൂടാൽ ബൈപ്പാസ് റോഡിൽ അമ്പല പറമ്പിൽ പിടികൂടി. പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ ഒരാൾ ഓടി രക്ഷപ്പെടുകയും ചെയ്തു. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.