Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2020 5:00 AM IST Updated On
date_range 20 Jun 2020 5:00 AM ISTകേരളത്തിലെ രക്ഷിതാക്കൾക്ക് കേന്ദ്രീയ വിദ്യാലയയുടെ ഫീസ് കുടിശ്ശിക പ്രഹരം
text_fieldsbookmark_border
തൃശൂർ: കേരളത്തിലെ കേന്ദ്രീയ വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് കോവിഡ് പ്രതിസന്ധികൾക്കിടെ ഫീസ് കുടിശ്ശിക പ്രഹരം. ഫീസ് വർധന ചോദ്യം ചെയ്ത് കേരളത്തിലെ രക്ഷിതാക്കൾ സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി കേരള ഹൈകോടതിയുടെ സ്റ്റേ നീക്കിയതോടെ 2015 മുതലുള്ള കുടിശ്ശിക പിരിക്കാൻ നടപടിയായി. ജൂലൈയിലെ ടേം ഫീസിനൊപ്പം കുടിശ്ശികയിലെ ആദ്യ ഗഡുവും അടക്കാൻ രക്ഷിതാക്കൾക്ക് കെ.വി എറണാകുളം റീജ്യൻ സ്കൂളുകൾ മുഖേന നിർദേശം നൽകി. ജൂലൈ, ഒക്ടോബർ, 2021 ജനുവരി എന്നിങ്ങനെ മൂന്ന് ഗഡുക്കളായി വൻ തുകയാണ് അടക്കേണ്ടി വരിക. 2014ലാണ് കേന്ദ്രീയ വിദ്യാലയങ്ങളിൽ ഫീസ് ഇരട്ടിയാക്കിയത്. കേരളത്തിലെ സ്കൂളുകളിലെ രക്ഷിതാക്കളുടെ കൂട്ടായ്മ ഇത് ചോദ്യം ചെയ്ത് ഹൈകോടതിയിൽ ഹരജി നൽകി. കേന്ദ്രീയ വിദ്യാലയത്തിന് ആവശ്യത്തിന് ഫണ്ടുള്ളപ്പോൾ ഫീസ് എന്തിന് വർധിപ്പിക്കുന്നുവെന്ന് ചോദിച്ച് ഹൈകോടതി വർധന സ്റ്റേ ചെയ്തു. അതോടെ കേരളത്തിൽ മാത്രം പഴയ ഫീസ് ഘടന നിലനിൽക്കുകയും മറ്റ് സംസ്ഥാനങ്ങളിൽ വർധിപ്പിച്ച തുക ഈടാക്കുകയും ചെയ്തു. കേന്ദ്രീയ വിദ്യാലയ സംഘാതൻ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടർന്നാണ് സമീപകാലത്ത് സ്റ്റേ നീക്കിയത്. വർധിപ്പിച്ച തുക ഈടാക്കാൻ പറ്റാത്തതിനാൽ ഫണ്ടിന് ക്ഷാമമുണ്ടെന്ന പേരിൽ ഇക്കാലമത്രയും കേരളത്തിലെ കേന്ദ്രീയ വിദ്യാലയങ്ങളിൽ പഠനാനുബന്ധ പദ്ധതികളൊന്നും നടന്നില്ല. മലയാളം, ഒരുവിദേശ ഭാഷ എന്നിവ പഠിപ്പിക്കാനുള്ള അധ്യാപകരെ ഫണ്ടില്ലെന്ന കാരണത്താൽ നിയമിച്ചിട്ടില്ല. വാർഷികം അടക്കമുള്ള മറ്റ് പരിപാടികൾ പേരിനാണ് നടത്തിയത്. ഫലത്തിൽ സേവനം ലഭിക്കാത്ത കാലത്തെ ഫീസ് കുടിശ്ശികയാണ് രക്ഷിതാക്കൾ ഒടുക്കേണ്ടി വരുന്നത്. ഫീസ് തുക തിരികെ കിട്ടുന്നവരുണ്ടെങ്കിലും അതല്ലാത്ത വിദ്യാർഥികളും ധാരാളമുണ്ട്. അതിൽ ഭൂരിഭാഗവും കോവിഡ് കാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയുമാണ്. ക്ലാസുകൾ ഓൺലൈനായി മാത്രം നടക്കുന്ന കാലമായിട്ടും ഏപ്രിലിൽ പതിവുപോലെ ഈ അധ്യയനവർഷത്തെ ആദ്യ ടേം ഫീസ് ഈടാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story