സഹകരണ ബാങ്കിൽനിന്ന്​ ഹാക്കർമാർ തട്ടിയ പണം തിരിച്ചുപിടിക്കാൻ ശ്രമം തുടങ്ങി

04:59 AM
11/09/2019
തളിപ്പറമ്പ്: തളിപ്പറമ്പ് അര്‍ബന്‍ കോഒാപറേറ്റിവ് ബാങ്ക് അക്കൗണ്ടില്‍നിന്ന് ഹാക്കര്‍മാര്‍ തട്ടിയെടുത്ത പണം തിരിച്ചുപിടിക്കാൻ ബാങ്ക് അധികൃതർ ശ്രമം ആരംഭിച്ചു. 79 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. ഇതിൽ ഐ.എഫ്.എസ്.സി കോഡ് തെറ്റിയതുമൂലം 15 ലക്ഷം രൂപ അർബൻ ബാങ്കിൽ തിരികെയെത്തി. കൂടാതെ പണം എത്തിയ ഇന്ത്യൻ ബാങ്കിലെ അക്കൗണ്ട് കണ്ടെത്തിയതിനാൽ 40 ലക്ഷം രൂപ തടഞ്ഞുവെക്കാനും സാധിച്ചിട്ടുണ്ട്. ഇനി 24 ലക്ഷം രൂപയാണ് കിട്ടാനുള്ളത്. പണം എത്തിയ മറ്റ് ബാങ്കുകളുമായി ബന്ധപ്പെട്ട് തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ബാങ്ക് അധികൃതർ. അർബൻ ബാങ്ക് ജനറല്‍ മാനേജറുടെ പരാതിയില്‍ തളിപ്പറമ്പ് പൊലീസ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണമാരംഭിച്ചു. നേത്രപാൽ സിങ്, രവികുമാർ, ടോഫൽ സിങ്, ആദിത്യ ട്രേഡേഴ്സ് ബംഗളൂരു, സൂരജ് ഗുപ്ത, ഹൻസ് നേർ അൻസാരി, റെലീഷ് കുമാർ, ഹരീന്ദ്രർ റാവട്ട്, വാരിഫ്, പ്രയാൺ ദേ എന്നീ ഉത്തരേന്ത്യന്‍ പേരുകളിലെ അക്കൗണ്ടുകളിലേക്ക് ഓണ്‍ലൈന്‍ വഴി പണം ട്രാന്‍സ്ഫറായതു കണ്ട് സംശയം തോന്നിയ ഐ.സി.ഐ.സി.ഐ ബാങ്ക് മാനേജറുടെ ഇടപെടലാണ് തട്ടിപ്പ് പുറത്താകാൻ കാരണം. അഞ്ചുലക്ഷത്തില്‍ താഴെയുള്ള തുകകളാണ് 16 വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് ഹാക്കര്‍മാര്‍ സമർഥമായി മാറ്റിയത്. രാജസ്ഥാൻ, ഡല്‍ഹി, ബിഹാർ, ബംഗാൾ, യു.പി, പഞ്ചാബ് എന്നീ സ്ഥലങ്ങളിലെ അക്കൗണ്ടുകളിലാണ് പണം പോയത്. അര്‍ബന്‍ ബാങ്ക് നല്‍കുന്ന അപേക്ഷയെന്ന വ്യാജേന ഹാക്കര്‍മാര്‍ നല്‍കിയ അക്കൗണ്ടുകളിലേക്ക് ഐ.സി.ഐ.സി.ഐ ബാങ്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. എന്നാൽ, അക്കൗണ്ടുടമകളുടെ വിചിത്രമായ പേരുകള്‍ ശ്രദ്ധയില്‍പെട്ട ഐ.സി.ഐ.സി.ഐ ബാങ്ക് മാനേജര്‍ തളിപ്പറമ്പ് അര്‍ബന്‍ ബാങ്ക് ജനറല്‍ മാനേജറെ ബന്ധപ്പെടുകയായിരുന്നു. പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സന്ദേശം നല്‍കിയില്ലെന്ന് അര്‍ബന്‍ ബാങ്ക് അധികൃതര്‍ പറഞ്ഞതോടെ ഐ.സി.ഐ.സി.ഐ ബാങ്ക് ഇടപാടുകള്‍ മരവിപ്പിച്ചു.
Loading...