Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2019 5:00 AM IST Updated On
date_range 30 Aug 2019 5:00 AM ISTകോട്ടക്കുന്നിന് ചെരിവിൽ കഴിയുന്ന കുടുംബങ്ങളുടെ പുനരധിവാസം ഡി.ടി.പി.സിയുമായി നഗരസഭ ചർച്ചക്ക്
text_fieldsbookmark_border
മലപ്പുറം: അപകട ഭീഷണി നിലനിൽക്കുന്ന കോട്ടക്കുന്നിൻെറ ചെരിവിൽ താമസിക്കുന്ന 14 കുടുംബങ്ങളുടെ പുനരധിവാസം സംബന്ധിച്ച നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി) അധികൃതരെ കാണാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. ഇക്കാര്യത്തിൽ സർക്കാറിനും ഡി.ടി.പി.സിക്കും നഗരസഭക്കും ഉത്തരവാദിത്തമുണ്ടെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും വിലകൽപ്പിക്കണമെന്നും കൗൺസിലർമാർ വ്യക്തമാക്കി. ഇവരുടെ അടിയന്തര പുനരധിവാസത്തിന് സഹായം നൽകാനാവുമോയെന്നും മണ്ണിടിച്ചിൽ ഭീഷണി ഒഴിവാക്കാൻ എന്തുചെയ്യുമെന്നും ആരായാനാണ് കോട്ടക്കുന്ന് പാർക്കിൻെറ ഉടമസ്ഥാവകാശമുള്ള ടൂറിസം പ്രമോഷൻ കൗൺസിലിനെ സമീപിക്കുന്നത്. മൂന്നുപേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തോടെ സുരക്ഷിത സ്ഥാനത്തേക്ക് മാറിയ കോട്ടക്കുന്നിൻെറ ചെരിവിൽ താമസിക്കുന്ന കുടുംബങ്ങൾ ഇനിയും വീട്ടിലേക്ക് മടങ്ങിയിട്ടില്ലെന്ന് ചെറാട്ടുകുഴി വാർഡ് കൗൺസിലർ കല്ലിടുമ്പിൽ വിനോദ് പറഞ്ഞു. ഇടിഞ്ഞുവീണ മണ്ണ് വഴി തടസ്സപ്പെടുത്തി കുന്നുകൂടിക്കിടക്കുകയാണ്. വീണ്ടും മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്ന് ജിയോളജി വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ നഗരസഭ വിഷയം വിശദമായി പഠിക്കുകയും അധികാരികളെ ബോധ്യപ്പെടുത്തുകയും ചെയ്യണമെന്ന് വിനോദ് ആവശ്യപ്പെട്ടു. പ്രതിപക്ഷാംഗത്തെ പിന്തുണച്ചാണ് ഭരണപക്ഷത്തുനിന്ന് ഹാരിസ് ആമിയനും സംസാരിച്ചത്. ഡി.ടി.പി.സി ചെയർമാൻ കൂടിയായ ജില്ല കലക്ടറെയടക്കം കണ്ട് സംസാരിച്ചിട്ടുണ്ടെന്നും ദുരന്തസ്ഥലം സന്ദർശിക്കാൻ പോലും തയാറാവാത്ത ഡി.ടി.പി.സി സെക്രട്ടറിക്ക് പാർക്ക് വീണ്ടും തുറന്നുകൊടുക്കാനായിരുന്നു തിടുക്കമെന്ന് ഹാരിസ് കുറ്റപ്പെടുത്തി. നഗരസഭ മാത്രം ശ്രമിച്ചാൽ പരിഹാരം കാണാൻ കഴിയുന്ന വിഷയമല്ല ഇതെന്ന് പ്രതിപക്ഷത്തെ ഒ. സഹദേവൻ പറഞ്ഞു. ഇവരുടെ പുനരധിവാസമാണ് ലക്ഷ്യമെന്ന് ചെയർപേഴ്സൻ സി.എച്ച്. ജമീല വ്യക്തമാക്കി. സർക്കാറും ഡി.ടി.പി.സിയും വിഷയം ഗൗരവത്തിൽ എടുക്കുന്നില്ലെങ്കിൽ നഗരസഭ ഇതിന് നേതൃത്വം നൽകും. ഡി.ടി.പി.സി സെക്രട്ടറിയുമായും ജില്ല കലക്ടറുമായും ചർച്ച നടത്തുമെന്നും ചെയർപേഴ്സൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story