നഗരസഭ കൗൺസിൽ യോഗം: പരസ്യ ബോർഡിനെ ചൊല്ലി തർക്കം

06:38 AM
12/09/2018
പാലക്കാട്: നഗരത്തിലെ ലഫ്റ്റനൻറ് കേണൽ നിരഞ്ജൻ റോഡിൽ സ്വകാര്യ പരസ്യ കമ്പനി നഗരസഭയുടെ അനുമതിയില്ലാതെ ബോർഡ് സ്ഥാപിച്ചതിനെ ചൊല്ലി നഗരസഭ കൗൺസിൽ യോഗത്തിൽ സെക്രട്ടറിയും കൗൺസിലർമാരും തമ്മിൽ തർക്കം. ബി.ജെ.പി കൗൺസിലർ എൻ. ശിവരാജനാണ് വിഷയം അവതരിപ്പിച്ചത്. ഇദ്ദേഹത്തിന് പിന്തുണയുമായി മറ്റ് പാർട്ടികളിലെ കൗൺസിലർമാരും എത്തി. എന്നാൽ, മുമ്പുള്ള പരാതിയിൽ പരസ്യ കമ്പനിക്ക് കോടതിയിൽനിന്ന് സ്റ്റേ ലഭിച്ചതിനാൽ എടുത്തുമാറ്റുന്നതിന് ഉദ്യോഗസ്ഥർക്ക് സാങ്കേതിക ബുദ്ധിമുട്ടുണ്ടെന്ന് സെക്രട്ടറി കൗൺസിൽ യോഗത്തിൽ അറിയിച്ചു. എന്നാൽ, ഇപ്പോൾ സ്ഥാപിച്ച ബോർഡുകൾക്ക് കോടതി സ്റ്റേ ബാധിക്കില്ലെന്ന് കൗൺസിലർമാർ പറഞ്ഞു. തർക്കത്തിനൊടുവിൽ കൗൺസിലി‍​െൻറ തീരുമാനപ്രകാരം പൊളിച്ചുമാറ്റാമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. പരസ്യ കമ്പനിയെ സഹായിക്കുന്ന ഉദ്യോഗസ്ഥർ നഗരസഭയിലുണ്ടെന്നും അവരാണ് സഹായങ്ങൾ ചെയ്തു നൽകുന്നതെന്നും യോഗത്തിൽ ശിവരാജൻ ആരോപിച്ചു. പരസ്യ കമ്പനിയെ കരിമ്പട്ടികയിൽപെടുത്തണമെന്നും കൗൺസിലർമാർ യോഗത്തിൽ ആവശ്യപ്പെട്ടു. സമീപത്തെ കെട്ടിടം തകർന്നതിനെ തുടർന്ന് മുനിസിപ്പൽ സ്റ്റാൻഡിൽ ബസുകൾ കയറാത്തതും യോഗത്തിൽ ചർച്ചയായി. സ്റ്റാൻഡിൽ ബസുകൾ കയറാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു. സ്റ്റാൻഡിൽ പ്രവേശിക്കാത്ത ബസുകൾ നഗരത്തിൽ കയറുന്നത് തടയുമെന്നും ബസ്സ്റ്റാൻഡിൽ കയറാൻ ട്രാഫിക് പൊലീസ് അനുമതി നൽകിയില്ലെങ്കിൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി. എ. കുമാരി, അബ്ദുൽ ശുക്കൂർ, എസ്.ആർ. ബാലസുബ്രഹ്മണ്യൻ, ബി. സുഭാഷ്, പി. സ്മിതേഷ് എന്നിവർ സംസാരിച്ചു.
Loading...
COMMENTS