Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sept 2018 11:35 AM IST Updated On
date_range 4 Sept 2018 11:35 AM ISTഉരുൾപൊട്ടൽ മേഖലയിൽ 'സെസ്' വിദഗ്ധർ എത്തിയില്ല; ചുമതല ജിയോളജി വിഭാഗത്തിന്
text_fieldsbookmark_border
മഞ്ചേരി: അപകടകരമാംവിധം മല ഇടിയുകയോ പ്രകൃതി ദുരന്തത്തിന് സാധ്യത കാണുകയോ ചെയ്താൽ പരിശോധിച്ച് നടപടി നിർദേശിക്കേണ്ട സെൻറർ ഫോർ എർത്ത് സ്റ്റഡീസ് (സെസ്) നടത്തുന്ന പ്രവർത്തനങ്ങൾ മലപ്പുറത്ത് പൂർത്തിയാക്കുന്നത് ജിയോളജി വകുപ്പ്. വേണ്ടത്ര ജിയോളജിസ്റ്റുകളും ജീവനക്കാരുമില്ലാത്തതിനാൽ ഇതുതന്നെ പൂർത്തിയാക്കാനായിട്ടില്ല. മല ഇടിയാൻ സാധ്യതയുള്ള ഭാഗങ്ങളിലും വിണ്ടുനിൽക്കുന്ന പ്രദേശങ്ങളിലും ജിയോളജി വകുപ്പ് റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പരിശോധന നടത്തിയിരുന്നു. ജില്ലയിൽ പരിശോധിക്കേണ്ട മുഴുവൻ ഭാഗങ്ങളിലും ഇത് പൂർത്തിയായിട്ടില്ല. ക്വാറികൾക്ക് നിയന്ത്രണം വന്ന ശേഷം എല്ലാ ദിവസവും ആ ദിവസത്തെ സ്ഥിതി കലക്ടർ വഴി സർക്കാറിനെ ധരിപ്പിക്കുന്നുണ്ട്. അതേസമയം, വിശദ പരിശോധനക്ക് മുമ്പ് ക്വാറികൾക്ക് പ്രവർത്തനാനുമതി നൽകാനാണ് തിരക്കിട്ട ആലോചന. ഊർങ്ങാട്ടിരി, കരുവാരകുണ്ട്, ചാലിയാർ, കാളികാവ്, വഴിക്കടവ് പഞ്ചായത്തുകളിലാണ് ഏറെ നാശമുണ്ടായത്. ഉരുൾപൊട്ടലിൽ സംസ്ഥാനത്തുതന്നെ പ്രധാന മേഖലയാണ് നിലമ്പൂർ, ഏറനാട് താലൂക്കുകൾ. ഏഴു താലൂക്കുള്ള മലപ്പുറത്ത് ജിയോളജിക്ക് ഒരു ജില്ല ഒാഫിസറാണ്. ക്വാറി തുടങ്ങുന്നതിനുള്ള അപേക്ഷകൾ പരിശോധിക്കേണ്ടതും സ്ഥലപരിശോധനയടക്കം കാര്യങ്ങളും ഈ ഒാഫിസാണ് ചെയ്യേണ്ടത്. അപകടാവസ്ഥയിൽ ഉള്ള ചില പ്രദേശങ്ങൾ സന്ദർശിച്ച് കുടുംബങ്ങളെ മാറ്റേണ്ടതുണ്ടോ എന്ന പരിശോധനയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ നടത്തിയത്. വലിയതോതിൽ കൃഷിയും ഭൂമിയും നശിച്ച് ജില്ലയിൽ ഉരുൾപൊട്ടലുണ്ടായ ഊർങ്ങാട്ടിരി, കരുവാരകുണ്ട് മേഖലകളിൽ കരിങ്കൽഖനനം നടന്നിരുന്നു. ഇവ സംബന്ധിച്ച് ഇനിയും വിശദ പരിശോധന നടത്തേണ്ടതുണ്ട്. സെൻറർ ഫോർ എർത്ത് സ്റ്റഡീസിന് വിപുലമായ പരിശോധന യൂനിറ്റുകളും വിദഗ്ധരും ഇല്ലാത്തതിനാലാണ് ഇത് സംബന്ധിച്ച് പരിശോധന ജിയോളജി വിഭാഗം നടത്തിയത്. ഉരുൾപൊട്ടലുണ്ടായ ഭാഗങ്ങളിൽനിന്ന് സർക്കാർ പ്രതിനിധികളോട് തദ്ദേശിയർ ആവശ്യപ്പെട്ടത് ഭൂമിശാസ്ത്രപരമായ കാരണങ്ങൾ വിശദപഠനത്തിന് വിധേയമാക്കണമെന്നും ക്വാറികളുടെ പ്രവർത്തനം ഉരുൾപൊട്ടലിന് ഹേതുവായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നുമാണ്. ഇക്കാര്യം പരിശോധിക്കേണ്ടതും സെസ് വിദഗ്ധരാണ്. രണ്ടുദിവസം തുടർച്ചയായി മഴ പെയ്താൽ നിലവിൽ അനുമതിയുള്ള കരിങ്കൽ, ചെങ്കൽക്വാറികൾ നിർത്തിവെക്കാൻ വില്ലേജ് ഒാഫിസർക്കുതന്നെ അധികാരമേൽപിച്ച് സംസ്ഥാന ദുരന്തനിവാരണ വിഭാഗം മേയ് 28ന് സർക്കുലർ പുറത്തിറക്കിയിരുന്നു. ആ അധികാരം ജില്ലയിൽ എവിടെയും വിനിയോഗിച്ചിട്ടില്ല. വെള്ളപ്പൊക്കവും ഉരുൾപൊട്ടൽ ഭീഷണിയുമുണ്ടായതോടെ കലക്ടർ നടപ്പാക്കിയ നിയന്ത്രണമാണ് ഇപ്പോഴുള്ളത്. ഇ. ഷംസുദ്ദീൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story