Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2018 10:59 AM IST Updated On
date_range 23 May 2018 10:59 AM ISTഭാരതപ്പുഴ കൈയേറ്റം: അതിർത്തി നിർണയം നടത്തി
text_fieldsbookmark_border
ഷൊർണൂർ: കൊച്ചിപ്പാലത്തിന് സമീപം ഭാരതപ്പുഴയിൽ സ്ഥിരം തടയണ നിർമിച്ച ഭാഗത്തെ ഇരുകരകളിലുമുള്ള കൈയേറ്റങ്ങൾ അതിർത്തി തിരിച്ച് കോൺക്രീറ്റ് കുറ്റികൾ സ്ഥാപിച്ചു. ഇവിടെ പുഴയുടെ കരകളിൽ വ്യാപകമായി കൈയേറ്റം നടന്നിട്ടുണ്ടെന്ന് 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. തടയണയുടെ സംരക്ഷണഭിത്തികൾ പുഴയിലേക്കിറക്കി നിർമിച്ചത് കൂടുതൽ കൈയേറ്റങ്ങൾക്കിടയാക്കുമെന്നും ചൂണ്ടിക്കാണിച്ചിരുന്നു. തടയണയുടെ ഇരുകരകളിലും സർവേ നടത്താതെയാണ് തൃശൂർ ജില്ല ഇറിഗേഷൻ വകുപ്പ് നിർമാണം ആരംഭിച്ചത്. പ്രവൃത്തി അവസാനഘട്ടത്തിലായപ്പോഴും അധികൃതർ സർവേക്ക് തയാറായില്ല. വാർത്ത വരികയും പരിസ്ഥിതി പ്രവർത്തകർ വിവരാവകാശ നിയമപ്രകാരം ചോദ്യങ്ങളുന്നയിക്കുകയും ചെയ്തതോടെയാണ് അധികൃതർ സർവേ നടത്താൻ ഒറ്റപ്പാലം, തലപ്പിള്ളി താലൂക്ക് സർവേയർമാരോട് ആവശ്യപ്പെട്ടത്. രണ്ടാഴ്ച്ച മുമ്പ് ഇത് സംബന്ധിച്ച് കൈയേറ്റങ്ങൾ കണ്ടെത്തി താൽക്കാലികമായി കുറ്റികൾ സ്ഥാപിച്ച് റവന്യൂ സ്ഥലം വേർതിരിച്ചിടുകയും ചെയ്തു. ഈ ഭാഗത്താണിപ്പോൾ കോൺക്രീറ്റ് കുറ്റികൾ സ്ഥാപിച്ചിട്ടുള്ളത്. ഇറിഗേഷൻ വകുപ്പ് എ.ഇ.എം.യു. നിസാർ, സബ് എൻജിനീയർ കെ.എൽ. വർഗീസ്, തടയണ കരാറുകാരൻ ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് കുറ്റികൾ സ്ഥാപിച്ചത്. ഷൊർണൂർ നഗരസഭ ചെയർപേഴ്സൻ വി. വിമല, നഗരസഭ അംഗവും മുൻ ചെയർമാനുമായ എം. നാരായണൻ, വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡൻറ് പി. പത്മജ, പഞ്ചായത്ത് അംഗം ഗിരീഷ് എന്നിവരും സ്ഥലത്തെത്തിയിരുന്നു. ഭാരതപ്പുഴയിൽ നിർമിച്ച സ്ഥിരം തടയണയുടെ കരകളിൽ കൈയേറ്റങ്ങൾ നടന്ന സ്ഥലത്ത് കോൺക്രീറ്റ് കുറ്റി സ്ഥാപിച്ച് റവന്യൂ ഭൂമി വേർത്തിരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story