Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2018 10:59 AM IST Updated On
date_range 1 May 2018 10:59 AM ISTഷൊർണൂർ സ്ഥിരം തടയണ നിർമാണം പൂർത്തിയായെങ്കിലും ജലവിതരണം പുനഃസ്ഥാപിച്ചില്ല
text_fieldsbookmark_border
ഷൊർണൂർ: സ്ഥിരം തടയണ നിർമാണം പൂർത്തിയായിട്ടും സമാധാനിക്കാനാകാതെ ഷൊർണൂരുകാർ വേവലാതിയിൽ. പമ്പിങ് ചെയ്യാനുള്ള മതിയായ വെള്ളം പുഴയിലുണ്ടെങ്കിലും വിതരണ ശൃംഖല താറുമാറായിക്കിടക്കുന്നതാണ് കാരണം. നിരവധി സ്ഥലങ്ങളിൽ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നത് പതിവാണ്. കാലപ്പഴക്കം ചെന്ന പൈപ്പുകൾ പൊട്ടിയാൽ ആഴ്ച്ചകൾ കഴിഞ്ഞാണ് നന്നാക്കുന്നത്. ഇതിനാൽ പൈപ്പ് പൊട്ടിയ ഭാഗത്ത് വെള്ളം ലഭിക്കുന്നില്ല. ഉയർന്ന പ്രദേശങ്ങളിലൊന്നും വെള്ളം ലഭിക്കുന്നില്ല. പുതിയ പൈപ്പ് ലൈനുകളും ശുദ്ധീകരണ പ്ലാൻറിനുമുള്ള 20 കോടി അടങ്കൽ തുകക്കുള്ള പ്രവൃത്തി ആരംഭിച്ചിട്ടുണ്ടെങ്കിലും പൂർത്തിയാകാൻ വർഷമെടുക്കും. പുതിയത് സ്ഥാപിക്കുമ്പോഴും പഴയ പൈപ്പ് ലൈൻ നിരവധി സ്ഥലത്ത് പൊട്ടുന്നുണ്ട്. പ്രധാന പൈപ്പ് ലൈൻ പൊട്ടുന്നതിനാൽ ആ പ്രദേശങ്ങളിലേക്കുള്ള കുടിവെള്ള വിതരണം പാടെ നിലക്കുകയാണ്. ഭാരതപ്പുഴയിൽ ജലലഭ്യത കുറഞ്ഞതോടെ മാസങ്ങൾക്ക് മുമ്പ് കുടിവെള്ള വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മൂന്ന് ദിവസം കൂടുമ്പോൾ വെള്ളം ലഭിക്കുമെന്ന് പറഞ്ഞ സ്ഥലങ്ങളിൽ ആഴ്ചകൾ പിന്നിട്ടിട്ടും കുടിവെള്ളം ലഭിക്കുന്നില്ല. പൈപ്പുകൾ വ്യാപകമായി പൊട്ടിയതോടെ സ്ഥിതി കൂടുതൽ ഗുരുതരമായി. ഈ സ്ഥിതിയിൽ ഷൊർണൂരിൽ പണി പൂർത്തിയായ തടയണയിൽ പൂർണമായ തോതിൽ വെള്ളം കെട്ടിനിന്നാലും ജല അതോറിറ്റിക്ക് ഒന്നും ചെയ്യാനാവാത്ത സാഹചര്യമാണുള്ളത്. തടയണയുടെ അടിത്തറയുടെ പണി പൂർത്തിയായത് മുതൽ വൃഷ്ടി പ്രദേശത്ത് വെള്ളം കെട്ടി നിൽക്കാൻ തുടങ്ങിയിരുന്നു. ഇവിടെ ജല അതോറിറ്റി മണൽചാക്കുകളിട്ട് നിർമിച്ച തടയണ കവിഞ്ഞും വെള്ളം കെട്ടി നിൽക്കുന്നുണ്ട്. അടുത്ത ആഴ്ച്ചയിൽ തടയണയുടെ ഷട്ടർ ഘടിപ്പിക്കും. ഇതിന് പിറകെ മലമ്പുഴ ഡാം തുറന്നു വിടാനുള്ള തീരുമാനവുമുണ്ട്. നിർമാണം പൂർത്തിയാകുന്നത് വരെ ഡാം തുറക്കരുതെന്ന് അധികൃതരോട് അഭ്യർതിച്ചിരുന്നതിനാലാണ് ഇതുവരെ തുറന്നു വിടാതിരുന്നത്. കഴിഞ്ഞ വേനലിൽ നാല് തവണ മലമ്പുഴ ഡാം തുറന്നു വിട്ടിരുന്നെങ്കിലും ഈ വർഷം ഒരു തവണ മാത്രമേ തുറന്നിട്ടുള്ളൂ. ഡാം തുറന്ന് തടയണ നിറഞ്ഞാലും അതിെൻറ പ്രയോജനം ലഭ്യമാക്കാനുള്ള സംവിധാനം നിലവിൽ ജല അതോറിറ്റിക്കില്ല. പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ചു കഴിയുന്നവർക്ക് ഇത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story