Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2018 10:47 AM IST Updated On
date_range 31 March 2018 10:47 AM ISTദേശീയപാത: 45 മീറ്ററിൽ ടോൾ പ്ലാസകൾ നിർമിക്കണമെന്ന് സംസ്ഥാനം; സാധിക്കില്ലെന്ന് അധികൃതർ
text_fieldsbookmark_border
കുറ്റിപ്പുറം: ദേശീയപാതയിലെ ടോൾ പ്ലാസകൾ 45 മീറ്ററിനുള്ളിൽ നിർമിക്കണമെന്ന നിലപാടിലുറച്ച് സംസ്ഥാന സർക്കാർ. എന്നാൽ, കേരളത്തിൽ മാത്രം ഇത്തരത്തിൽ ചെയ്യാനാകില്ലെന്ന് ദേശീയപാത അധികൃതർ വ്യക്തമാക്കി. രാജ്യത്താകെ പാതകളിലെ ടോൾ പ്ലാസകൾ നിർമിക്കുന്നത് ഒരേ മാതൃകയിലാണെന്നാണ് ദേശീയപാത അധികൃതരുടെ വാദം. സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ജില്ല കലക്ടർമാർ, ഡെപ്യൂട്ടി കലക്ടർ (എൽ.എ എൻ.എച്ച്) തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും ദേശീയപാത അധികൃതരും സംബന്ധിച്ച യോഗത്തിലാണ്, ഏറ്റെടുക്കുന്ന 45 മീറ്ററിനുള്ളിൽ ടോൾ പ്ലാസകൾ നിർമിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടത്. ടോൾ പ്ലാസകൾ നിർമിക്കുന്ന സ്ഥലങ്ങളിൽ സർവിസ് റോഡുകൾ വേണ്ടെന്നും സർക്കാർ പ്രതിനിധികൾ അറിയിച്ചു. എന്നാൽ, ടോൾ പ്ലാസകൾ നിർമിക്കുന്നയിടങ്ങളിൽ 60 മീറ്ററിൽ കുറയാത്ത സ്ഥലം വേണമെന്നാണ് ദേശീയപാത അധികൃതരുടെ നിലപാട്. 3.5 മീറ്റർ വീതിയിലാണ് ഓരോ റോഡുകളും നിർമിക്കുന്നത്. ഇത്തരത്തിൽ 14 മീറ്റർ വീതി മാത്രമാണ് റോഡ് നിർമിക്കാനാവശ്യം. ടോൾ പ്ലാസകൾ വരുന്ന സ്ഥലങ്ങളിൽ ആധുനിക രീതിയിൽ താൽകാലിക ഇടത്താവളങ്ങൾ ഒരുക്കേണ്ടതുണ്ട്. സർക്കാർ ഭൂമിയുള്ള സ്ഥലങ്ങളിൽ ഇവ ഉൾപ്പെടാതെയാണ് പലയിടങ്ങളിലും 45 മീറ്റർ അളന്ന് കല്ലിടുന്നത്. കുറ്റിപ്പുറം റെയിൽവേ മേൽപാലത്തിന് ശേഷം ദർഗ സംരക്ഷണമെന്ന പേരിൽ ഇടതുവശം ചേർന്ന് പോകുന്ന റോഡ് സർക്കാർ ഭൂമിയായ കിൻഫ്ര പാർക്കിലെത്തുമ്പോൾ വലതുവശം ചേർന്നാണ് പോകുന്നത്. ഇവിടെയുള്ള ഏക്കർ കണക്കിന് സർക്കാർ ഭൂമിയിൽ തൊടാതെ സ്വകാര്യവ്യക്തികളുടെ ഭൂമിയിലൂടെ പാത കൊണ്ടുപോകുന്നതിലും ദുരൂഹതയുണ്ടെന്നാണാക്ഷേപം. ഓരോ 60 കിലോമീറ്റർ ദൂരത്തിലാണ് ടോൾ പ്ലാസകൾ നിർമിക്കുകയെന്നും ഇവ എവിടെയെല്ലാമാണ് നിർമിക്കാനുദ്ദേശിക്കുന്നതെന്ന് തീരുമാനിച്ചിട്ടില്ലെന്നും ദേശീയപാത പ്രോജക്ട് ഓഫിസർ നിർമൽ 'മാധ്യമ'ത്തോട് പറഞ്ഞു. ടോൾ പ്ലാസകൾ നിർമിക്കുന്ന സ്ഥലങ്ങളിൽ കുറഞ്ഞത് 60 മീറ്റർ വീതി വേണമെന്നും ഇക്കാര്യം പിന്നീട് ചർച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ജില്ലയിൽ ഒരു ടോൾപ്ലാസയാണ് നിർമിക്കാനുദ്ദേശിക്കുന്നത്. മലപ്പുറം ജില്ലയിൽ സ്വാഗതാമാട്ടാണ് നേരത്തെ ഇത് തീരുമാനിച്ചിരുന്നത്. പുതിയ അലൈൻമെൻറ് പ്രകാരം മറ്റൊരിടത്തേക്ക് മാറ്റും. എതിർപ്പ് ഏറുകയാണെങ്കിൽ ഒരു സ്ഥലത്ത് ഒരു ദിശയിലേക്കുള്ള ടോൾ പ്ലാസയും കുറച്ചുമാറി എതിർദിശയിലേക്കുള്ളതും സ്ഥാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story