Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2018 5:20 AM GMT Updated On
date_range 2018-03-27T10:50:59+05:30മുളയൻകാവിലമ്മ വാദ്യപുരസ്കാരം സമ്മാനിച്ചു
text_fieldsപട്ടാമ്പി: മുളയൻകാവ് ഭഗവതി ദേവസ്വം ഏർപ്പെടുത്തിയ പ്രഥമ മുളയൻകാവിലമ്മ വാദ്യപുരസ്കാരം ചെർപ്പുളശ്ശേരി ശിവന് മുൻ ശബരിമല മേൽശാന്തി തെക്കുംപറമ്പത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി സമ്മാനിച്ചു. പൊന്നാടയും 5555 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മലബാർ ദേവസ്വം ബോർഡ് പ്രസിഡൻറ് ഒ.കെ. വാസു മാസ്റ്റർ സമ്മേളനം ഉദ്ഘാടനം ചെയ്തു. മലബാർ ദേവസ്വം ബോർഡ് ഏരിയ കമ്മിറ്റി ചെയർമാൻ വള്ളൂർ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജാലമന ഗിരീഷ് എമ്പ്രാന്തിരി ഭദ്രദീപം തെളിയിച്ചു. ക്ഷേത്ര ക്ഷേമസമിതി സെക്രട്ടറി വി. അച്യുതൻ റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച തട്ടകത്തിലെ പ്രതിഭകളെ മലബാർ ദേവസ്വം ബോർഡ് ഏരിയ കമ്മിറ്റി അംഗം ഒ. രാമു, കുലുക്കല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ. ഗോപകുമാർ എന്നിവർ ആദരിച്ചു. ക്ഷേത്രത്തിൽ സ്ഥാപിച്ച സി.സി.ടി.വി യൂനിറ്റ് ചെർപ്പുളശ്ശേരി സി.ഐ ദീപകുമാർ ഉദ്ഘാടനം ചെയ്തു. ദേവിയുടെ പ്രതിഷ്ഠനാളിൽ എല്ലാ മാസവും അന്നദാനം നൽകുന്ന പദ്ധതിയിലേക്കുള്ള ആദ്യ സംഭാവന എഴുവന്തല സി.വി. രാജേഷിൽനിന്ന് ക്ഷേമസമിതി പ്രസിഡൻറ് ബാലസുബ്രഹ്മണ്യൻ ഏറ്റുവാങ്ങി. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസർ ദേവദാസ് സ്വാഗതവും തോട്ടിക്കൽ മുരളി നന്ദിയും പറഞ്ഞു. തുടർന്ന് മഹാപ്രസാദ ഊട്ട് നടന്നു. രാവിലെ ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും സോപാന സംഗീതവും നാദസ്വര കച്ചേരിയും വൈകുന്നേരം നിറമാലയും സർവൈശ്വര്യ പൂജയും സഹസ്രദീപ സമർപ്പണവും പഞ്ചവാദ്യവും രാത്രി കലാമണ്ഡലം മോഹനകൃഷ്ണനും സംഘവും അവതരിപ്പിച്ച തുള്ളൽത്രയവും അരങ്ങേറി.
Next Story