Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2018 5:20 AM GMT Updated On
date_range 2018-03-27T10:50:59+05:30ഗുണഭോക്താക്കളുടെ ബാങ്ക് വിവരം ശേഖരിച്ചില്ല; അട്ടപ്പാടിയിലെ വരൾച്ച ദുരിതാശ്വാസ വിതരണം പ്രതിസന്ധിയിൽ
text_fieldsഅഗളി: സാമ്പത്തികവർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വരൾച്ച ദുരിതാശ്വാസ ഫണ്ട് ഒരുമിച്ചെത്തിയത് ഉദ്യോഗസ്ഥരെ വലക്കുന്നു. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാത്തതാണ് ഉദ്യോഗസ്ഥരെ ദുരിതത്തിലാക്കിയത്. 31നകം വിതരണം ചെയ്യാനായില്ലെങ്കിൽ തുക പാഴാകുമോ എന്ന ആശങ്കയിലാണ് കർഷകരും കൃഷി വകുപ്പ് ജീവനക്കാരും. 2013, 2014, 2015 വർഷത്തെ വരൾച്ചയെ തുടർന്നുണ്ടായ കൃഷി നാശത്തിനുള്ള സാമ്പത്തിക സഹായമായ 3.5 കോടി രൂപയാണ് കൃഷി വകുപ്പ് അനുവദിച്ചത്. അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകളിലായി 3154 പേർക്കാണ് സാമ്പത്തിക സഹായം ലഭിച്ചത്. എന്നാൽ, ദുരിതാശ്വാസത്തിന് കർഷകർ അപേക്ഷ നൽകിയ സമയത്ത് ഇ-പേമെൻറ് സമ്പ്രദായം ഇല്ലായിരുന്നു. ഇതുമൂലം ബാങ്ക് അക്കൗണ്ട് വിവരം നൽകേണ്ടിയിരുന്നില്ല. പിന്നീട് കൃഷി വകുപ്പ് എല്ലാ സേവനങ്ങളും ഇ-പേമെൻറ് വഴിയാക്കിയെങ്കിലും കർഷകരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയില്ല. നിലവിൽ സാമ്പത്തിക സഹായത്തിന് അർഹരായ കർഷകരെ കണ്ടെത്തി അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കുന്ന തിരക്കിലാണ് ഉദ്യോഗസ്ഥർ. 2017- 2018 സാമ്പത്തിക വർഷം അവസാനിക്കാൻ നാലുദിവസം കൂടിയേ ഉള്ളൂ. ഇതിൽ മൂന്ന് അവധി ദിനങ്ങളും ഉൾപ്പെടും. അവശേഷിക്കുന്ന രണ്ടുദിനംകൊണ്ട് ഗുണഭോക്താക്കളെ കണ്ടെത്താനും അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാനും പ്രയാസമാണെന്നാണ് അധികൃതർ പറയുന്നത്. ഒരാഴ്ചയെങ്കിലും സാവകാശം വേണമെന്നാണ് അധികൃതരുടെ വാദം.
Next Story