പരിശോധിക്കാതെയുള്ള രാസവള പ്രയോഗം; കേരളത്തിൽ മണ്ണി​െൻറ പോഷക ഗുണം കുറയുന്നു

05:38 AM
14/03/2018
പാലക്കാട്: കേരളത്തിൽ മണ്ണിലെ സ്വാഭാവിക മൂലകങ്ങൾ കുറയുന്നതായി നാഷനൽ ബ്യൂറോ ഓഫ് സോയിൽ സർവേയുടെ കണ്ടെത്തൽ. സ്വാഭാവികത നഷ്ടപ്പെടുന്നതിനാൽ മണ്ണി​െൻറ പോഷക ഗുണം കുറയുകയും ഉൽപാദനക്ഷമതയിൽ ഇടിവുണ്ടാവുകയും ചെയ്യും. അമിത രാസവള പ്രയോഗമാണ് മണ്ണിന് ദോഷം ചെയ്യുന്നത്. ശാസ്ത്രീയ ഇടപെടലുണ്ടായില്ലെങ്കിൽ കേരളത്തിലെ കാർഷികോൽപാദനത്തിൽ ഗണ്യമായ കുറവുണ്ടാകുമെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു. കോപ്പർ, സിങ്ക്, ബോറോൺ എന്നീ സൂക്ഷ്മ മൂലകങ്ങളുടെ കുറവാണ് പഠനത്തിൽ കാര്യമായി പ്രതിപാദിക്കുന്നത്. ബോറോണി​െൻറ അളവ് കുറയുന്നത് നെല്ലുൽപാദനത്തെയും സിങ്കി​െൻറ അളവ് കുറയുന്നത് നാളികേര ഉൽപാദനത്തെയുമാണ് പ്രതികൂലമായി ബാധിക്കുക. മണ്ണിൽ അമ്ലത്വവും ഫോസ്ഫറസ് അളവും വർധിക്കുന്നതും ദോഷം ചെയ്യും. പരിശോധിക്കാതെയുള്ള രാസവള പ്രയോഗം മണ്ണിലെ സന്തുലിതാവസ്ഥക്ക് കോട്ടം വരുത്തിയതായി പാലക്കാട് മണ്ണ് സർവേ ഓഫിസർ എ. രതീദേവി പറഞ്ഞു. നൈട്രജനും പൊട്ടാസ്യവും പ്രയോഗിക്കുന്ന അതേ അളവിലാണ് കർഷകർ ഫോസ്ഫറസും ഉപയോഗിക്കുന്നത്. നൈട്രജനും പൊട്ടാസ്യവും പോലെ മണ്ണിൽനിന്ന് ഒഴിഞ്ഞുപോകുന്ന മൂലകമല്ല ഫോസ്ഫറസ്. അതിനാൽ കേരളത്തിലെ മേൽമണ്ണിൽ ഫോസ്ഫറസി​െൻറ അളവ് വളരെ കൂടുതലാണ്. അടുത്ത ഏതാനും വർഷങ്ങളിൽ ഫോസ്ഫറസ് പ്രയോഗിക്കരുതെന്ന് കർഷകർക്ക് നിർദേശം നൽകിയതായും ഇവർ പറഞ്ഞു. സൂക്ഷ്മ മൂലകങ്ങളുടെ കുറവ് കേരളത്തിലെ സുഗന്ധ വ്യഞ്ജന ഉൽപാദനത്തിൽ ഗണ്യമായ ഇടിവുണ്ടാക്കും. കുരുമുളക്, ഏലം, ജാതി എന്നിവയുടെ ഗുണനിലവാരത്തിലും ഉൽപാദന ക്ഷമതയിലും അനുഭവപ്പെട്ട ഇടിവിന് പ്രധാന കാരണം പോഷകഗുണം നഷ്ടപ്പെട്ടതാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. അടിസ്ഥാന മൂലകങ്ങളായ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം (എൻ.പി.കെ) എന്നിവ അനിയന്ത്രിതമായി രാസവളങ്ങളിലൂടെ നൽകിയത് മണ്ണിലെ അമ്ല സ്വഭാവം വർധിക്കാനിടയായി. ഹരിത വിപ്ലവത്തിന് ശേഷമാണ് മണ്ണിൽ ഇത്രയധികം രാസമാറ്റങ്ങൾ ഉണ്ടായതെന്നും പഠനം സൂചിപ്പിക്കുന്നു. പലയിടങ്ങളിലും ദ്വിദീയ മൂലകങ്ങളായ കാത്സ്യം, മഗ്നീഷ്യം, സൾഫർ എന്നിവയുടെ അളവിലും കുറവ് വന്നു. മണ്ണ് പരിശോധനയില്ലാതെയുള്ള രാസവള പ്രയോഗം നിയന്ത്രിക്കുകയാണ് മണ്ണിലെ പോഷകം നിലനിർത്താൻ പ്രധാനമായി ചെയ്യേണ്ടതെന്നും ഗവേഷകർ പറയുന്നു. കാലാവസ്ഥ മാറ്റവും മണ്ണി​െൻറ ഘടനയെ ബാധിക്കും. പൊതുവെ ജൈവികത കുറഞ്ഞ, ഇരുമ്പും മാംഗനീസും കൂടിയ അളവിലുള്ള ചുവന്ന മണ്ണാണ് കേരളത്തിലേതെന്നും പഠനത്തിൽ പറയുന്നു. പ്രജീഷ് റാം
Loading...
COMMENTS