Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 10:47 AM IST Updated On
date_range 2 March 2018 10:47 AM ISTസർക്കാർ തീരുമാനത്തെ താനൂർ നഗരസഭ അട്ടിമറിക്കാൻ ശ്രമിക്കുന്നതായി സി.പി.എം
text_fieldsbookmark_border
താനൂർ: സർക്കാർ തീരുമാനങ്ങളെ ബി.ജെ.പി സഹായത്തോടെ അട്ടിമറിക്കാൻ ശ്രമിക്കുന്ന താനൂർ നഗരസഭ ഭരണസമിതി നിലപാട് പ്രതിഷേധാർഹമാണെന്ന് സി.പി.എം നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. താനൂരുകാരുടെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു ഫയർ സ്റ്റേഷൻ എന്നുള്ളത്. തീരദേശത്ത് കുടിൽ കത്തി വയോധികയും ചെറുമകനും മരിച്ചത് യഥാസമയത്ത് തീയണക്കാൻ കഴിയാത്തതിനാലായിരുന്നു. കഴിഞ്ഞവർഷം താനൂർ ജ്യോതി വളവിൽ വിമാന ഇന്ധനവുമായി പോവുകയായിരുന്ന ടാങ്കർലോറി മറിഞ്ഞും വൻ അഗ്നിബാധയുണ്ടായിരുന്നു. ഈ വേളയിലും കോഴിക്കോട്, പൊന്നാനി, തിരൂർ എന്നിവിടങ്ങളിൽനിന്നായിരുന്നു ഫയർഫോഴ്സ് യൂനിറ്റുകൾ പ്രദേശത്ത് എത്തിയത്. നിയമസഭ ബജറ്റ് സമ്മേളനം നടക്കുന്ന വേളയിലായിരുന്നു അപകടം നടന്നത്. ബജറ്റ് ചർച്ചയിൽ പങ്കെടുത്തുകൊണ്ട് വി. അബ്ദുറഹിമാൻ എം.എൽ.എ ഫയർ സ്റ്റേഷെൻറ ആവശ്യം ശക്തമായി ഉന്നയിച്ചതിെൻറ പശ്ചാത്തലത്തിലാണ് ഫയർ സ്റ്റേഷൻ അനുവദിക്കാൻ തീരുമാനമായത്. എം.എൽ.എയോടുള്ള അന്ധമായ വിരോധത്താൽ വികസന പ്രവർത്തനങ്ങൾ ബി.ജെ.പിയെ കൂട്ടുപിടിച്ച് മുസ്ലിം ലീഗ് അട്ടിമറിക്കുന്ന സ്ഥിതിയാണ് താനൂരിലുള്ളതെന്ന് സി.പി.എം നേതാക്കൾ പറഞ്ഞു. ഫയർ സ്റ്റേഷൻ ഉപയോഗത്തിനായി പൂരപ്പുഴയിൽനിന്നും വെള്ളം ശേഖരിക്കാം എന്ന തീരുമാനം നിലനിൽക്കെ, ഉദ്യോഗസ്ഥർക്ക് പ്രാഥമിക ആവശ്യങ്ങൾക്കായി ഫയർസ്റ്റേഷനായി കണ്ടെത്തിയ സ്ഥലത്ത് നഗരസഭ അനുമതിയോടെ സ്ഥലമുടമ കിണർ കുഴിക്കുകയുണ്ടായി. തീയണക്കുന്നതിനായുള്ള വെള്ളം എടുക്കാനാണ് കിണർ കുഴിക്കുന്നതെന്നും ഫയർ സ്റ്റേഷൻ വെള്ളം ഊറ്റിയെടുത്താൽ പ്രദേശത്തെ കിണറുകളിൽ ഉപ്പുവെള്ളം കയറും എന്നും പറഞ്ഞ് പ്രദേശത്താകെ വ്യാജ പ്രചാരണം നടത്തുകയാണെന്നും നേതാക്കൾ പറഞ്ഞു. നഗരസഭയുടെ അനുമതിയോടെയാണ് കിണർ നിർമാണം ആരംഭിച്ചത്. എന്നാൽ, ദിവസങ്ങൾക്കകംതന്നെ ബി.ജെ.പിയുടെ സമ്മർദത്തിനു വഴങ്ങി കിണർ കുഴിക്കൽ നിർത്തിവെക്കാൻ നഗരസഭ ഭരണസമിതി ആവശ്യപ്പെടുകയായിരുന്നു. താനൂരിലെ ബി.ജെ.പിയും മുസ്ലിം ലീഗും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് തിരിച്ചറിയണമെന്നും വ്യാജ പ്രചാരണങ്ങൾ തള്ളിക്കളഞ്ഞ് കേരള സർക്കാറിെൻറ വികസനപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകണമെന്നും സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ എം. അനിൽകുമാർ, പി. ശങ്കരൻ, താനൂർ ലോക്കൽ സെക്രട്ടറി സമദ് താനാളൂർ, സ്ഥലമുടമ ഗോകുലപാലൻ എന്നിവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story