Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2018 11:02 AM IST Updated On
date_range 23 Jun 2018 11:02 AM ISTവട്ടിപ്പലിശക്കാരെ സമീപിക്കേണ്ട, കുറഞ്ഞ പലിശക്ക് വായ്പയുമായി കുടുംബശ്രീ
text_fieldsbookmark_border
'മുറ്റത്തെ മുല്ല' പദ്ധതിക്ക് 26ന് തുടക്കം പാലക്കാട്: വട്ടിപ്പലിശക്കാരിൽനിന്ന് കുടുംബങ്ങളെ രക്ഷിക്കാൻ ചെറുകിട വായ്പ പദ്ധതിയുമായി സർക്കാർ. മൈക്രോ ഫിനാൻസ് രീതിയിൽ കുടുംബശ്രീ മുഖേന കുറഞ്ഞ പലിശക്ക് വായ്പ നൽകുന്നതിന് 'മുറ്റത്തൊരു മുല്ല' ലഘു ഗ്രാമീണ വായ്പ പദ്ധതിയാണ് നടപ്പാക്കുന്നത്. പാലക്കാട് ജില്ലയിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. ജില്ലയിൽ മൈക്രോ ഫിനാൻസ് വായ്പ കെണിയിൽ കുടുങ്ങി ആറുപേർ ആത്മഹത്യ ചെയ്യുകയും നിരവധി കുടുംബങ്ങൾ കടക്കെണിയിലാകുകയും ചെയ്ത സാഹചര്യത്തിലാണ് പദ്ധതിയുമായി സർക്കാർ രംഗത്തെത്തിയത്. സഹകരണ വകുപ്പിനാണ് നടത്തിപ്പ് ചുമതല. സംസ്ഥാന തല ഉദ്ഘാടനം മണ്ണാർക്കാട് തെങ്കരയിൽ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. തദ്ദേശമന്ത്രി കെ.ടി. ജലീൽ അധ്യക്ഷത വഹിക്കും. എം.ബി. രാജേഷ് എം.പി, എം.എൽ.എമാരായ അഡ്വ. ഷംസുദ്ദീൻ, പി.കെ. ശശി എന്നിവർ പങ്കെടുക്കും. പദ്ധതി പ്രകാരം 1000 രൂപ മുതൽ 25,000 രൂപ വരെയാണ് ഒരാൾക്ക് വായ്പ ലഭിക്കുക. വായ്പ തുക 52 ആഴ്ചകളിലായി അടച്ചുതീർത്താൽ മതി. 12 ശതമാനം പലിശയാണ് ഈടാക്കുക. കുടുംബശ്രീ യൂനിറ്റുകൾ വഴിയാണ് പദ്ധതി നടപ്പാക്കുക. വായ്പക്കാരുടെ എണ്ണമനുസരിച്ച് ഒരു വാർഡിൽ മൂന്ന് കുടുംബശ്രീ യൂനിറ്റുകൾക്ക് വായ്പ നൽകാൻ അനുവാദം നൽകും. വായ്പ ആവശ്യമുള്ളവർക്ക് കുടുംബശ്രീ വീടുകളിലെത്തി വായ്പ നൽകും. ആഴ്ചതോറുമുള്ള തിരിച്ചടവിനും കുടുംബശ്രീ വീടുകളിൽ എത്തും. ഓരോ കുടുംബശ്രീ യൂനിറ്റിനും പ്രാഥമിക സഹകരണ സംഘങ്ങൾ ഒമ്പത് ശതമാനം പലിശ നിരക്കിൽ 10 ലക്ഷം രൂപവരെ നൽകും. വായ്പ തിരിച്ചടവിനായി പാംടോപ് മെഷീനുകൾ ഉപയോഗിക്കും. വായ്പയെടുത്തവർക്ക് രശീതി നൽകും. പദ്ധതിയിലൂടെ ഓരോ കുടുംബശ്രീ യൂനിറ്റിലും മൂന്ന് പേർക്ക് വീതം ജോലി ലഭിക്കും. പദ്ധതിയുടെ സുതാര്യമായ നടത്തിപ്പിന് ഏഴംഗ മോണിറ്ററിങ് കമ്മിറ്റികൾ പ്രവർത്തിക്കും. പഞ്ചായത്ത് പ്രസിഡൻറ് ചെയർമാനും സഹകരണ സംഘം ജോ. രജിസ്ട്രാർ കൺവീനറുമാകും. ലക്ഷ്യം വട്ടിപ്പലിശക്കാരെ തടയൽ ജില്ലയിൽ പിടിമുറുക്കുന്ന വട്ടിപ്പലിശക്കാരിൽനിന്നും സ്വകാര്യ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽനിന്നും ഗ്രാമീണ ജനതയെ രക്ഷിക്കാനാണ് 'മുറ്റത്തൊരു മുല്ല' പദ്ധതിക്ക് സർക്കാർ മുന്നോട്ടുവന്നത്. ഒരു ഈടുമില്ലാതെ 25,000 രൂപ 75-130 ശതമാനത്തിലേറെ പലിശക്കാണ് വട്ടിപ്പലിശക്കാർ നൽകുന്നത്. 10,000 രൂപക്ക് പ്രതിമാസം 600 രൂപയാണ് വട്ടിപ്പലിശക്കാർ ഈടാക്കുന്നത്. 10,000 രൂപ വട്ടിപ്പലിശക്കാരിൽനിന്ന് വായ്പയെടുത്താൽ വർഷത്തിനുള്ളിൽ 17200 രൂപ തിരിച്ചടക്കണം. എന്നാൽ, മുറ്റത്തെ മുല്ല പദ്ധതി പ്രകാരം 11200 രൂപ തിരിച്ചടച്ചാൽ മതി. വടക്കഞ്ചേരി മേഖലയിൽ മൈക്രോ ഫിനാൻസുകാരുടെ കെണിയിൽ കുടുങ്ങി ആറു പേരാണ് സമീപകാലത്ത് ആത്മഹത്യ ചെയ്തത്. മാധ്യമങ്ങൾ വാർത്ത നൽകിയതിനെ തുടർന്ന് സംഭവം മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും ശ്രദ്ധയിൽപ്പെട്ടു. ഗ്രാമീണ ജനതക്ക് പെട്ടെന്ന് കുറഞ്ഞ പലിശ നിരക്കിൽ പണം ലഭ്യമാക്കാനാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി ജില്ലയിൽ വിജയിച്ചാൽ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story