Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2018 10:36 AM IST Updated On
date_range 10 Jun 2018 10:36 AM ISTമഴയിലും കുടിവെള്ളമില്ലാതെ തിരൂർ; വെളിച്ചം തെളിഞ്ഞിട്ട് ദിവസങ്ങളായി
text_fieldsbookmark_border
തിരൂർ: മഴ കനത്തതോടെ തിരൂരിന് തീരാദുരിതം. വെള്ളവും വെളിച്ചവും ഗതാഗത യോഗ്യമായ റോഡുമില്ലാതെ നഗരവാസികൾ യാതനയിൽ. വെള്ളിയാഴ്ച രാത്രിയുണ്ടായ കനത്തമഴയിലും കാറ്റിലും തിരൂരും പരിസരവും ഇരുട്ടിലായി. രണ്ടാഴ്ചയോളമായി തിരൂരിെൻറ വിവിധഭാഗങ്ങളിൽ കുടിവെള്ളം കിട്ടാക്കനിയാണ്. ജലവിതരണ പൈപ്പ് സ്ഥാപിക്കാനായി വെട്ടിപ്പൊളിച്ച പ്രധാന റോഡ് ഇനിയും ഗതാഗത യോഗ്യമാക്കാത്തതും ദുരിതം വർധിപ്പിക്കുന്നു. വെള്ളിയാഴ്ച രാത്രി 11മണിയോടെ അണഞ്ഞ വൈദ്യുതി ഇനിയും പലയിടത്തും എത്തിയിട്ടില്ല. തിരൂർ ഈസ്റ്റ് സെക്ഷൻ പരിധിയിൽ 13 കേന്ദ്രങ്ങളിൽ വൈദ്യുതിലൈൻ പൊട്ടി. ഈസ്റ്റ് ബസാർ, സ്വപ്ന നഗരി ഫീഡറുകളിൽ പൂർണമായും വൈദ്യുതി മുടങ്ങി. പലഭാഗത്തും ശനിയാഴ്ച രാത്രിയും അറ്റകുറ്റപ്പണികൾ നടക്കുകയാണ്. പരമാവധി വേഗത്തിൽ കേടുപാടുകൾ തീർത്ത് വരികയാണെന്നും നാട്ടുകാർ സഹകരിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. െവസ്റ്റ് സെക്ഷൻ പരിധിയിലും മിക്കയിടത്തും ശനിയാഴ്ച വൈകീട്ടോടെയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. പലഭാഗത്തും കേടുപാടുകൾ തീർത്തുവരികയാണ്. ഞായറാഴ്ചയോടെയേ അറ്റകുറ്റപ്പണികൾ പൂർത്തിയാകുകയുള്ളൂ. ആലത്തിയൂർ, പുറത്തൂർ, വെട്ടം സെക്ഷൻ പരിധികളിലും പലയിടത്തും വെള്ളിയാഴ്ച രാത്രി മുതൽ വൈദ്യുതിയില്ല. മഴ പെയ്തെങ്കിലും കുടിവെള്ളത്തിന് വാട്ടർ അതോറിറ്റിയെ ആശ്രയിച്ചിരുന്ന വീടുകളും വ്യാപാര സ്ഥാപനങ്ങളും രണ്ടാഴ്ചയോളമായി വെള്ളമില്ലാതെ പ്രയാസപ്പെടുകയാണ്. പുതുതായി സ്ഥാപിച്ച പൈപ്പ് ലൈനുമായി പഴയ പൈപ്പ് ബന്ധിപ്പിക്കുന്ന പ്രവൃത്തികൾ പൂർത്തിയാകാത്തതാണ് വിനയായത്. നാല് ദിവസത്തിനകം പൂർത്തിയാകുമെന്ന അറിയിപ്പോടെയായിരുന്നു പ്രവൃത്തി ആരംഭിച്ചത്. എന്നാൽ, സമയബന്ധിതമായി പ്രവൃത്തി നടക്കാതിരുന്നത് തിരിച്ചടിയായി. ഇപ്പോഴും പലഭാഗത്തും വെള്ളം കിട്ടാക്കനിയാണ്. നഗരമധ്യത്തിൽ പോലും വെള്ളം ലഭിക്കാത്ത ഭാഗങ്ങളുണ്ട്. രണ്ട് ദിവസത്തിനകം പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് അധികൃതർ പറയുന്നത്. പൈപ്പ് സ്ഥാപിക്കാനായി വെട്ടിപ്പൊളിച്ച സിറ്റി ജങ്ഷൻ-തലക്കടത്തൂർ റോഡിൽ മഴയോടെ യാത്രകൂടുതൽ ദുഷ്കരമായി. വെള്ളം കെട്ടിനിൽക്കുന്നതിനാൽ കുഴി അറിയാതെ വാഹനങ്ങൾ അപകടത്തിൽപെടുന്നതും മലിനജലം യാത്രക്കാരുടെ ദേഹത്തേക്ക് തെറിച്ച് തർക്കങ്ങളുണ്ടാകുന്നതും പതിവാണ്. റോഡ് താൽക്കാലികമായെങ്കിലും ഗതാഗത യോഗ്യമാക്കാനുളള നടപടി പോലും എവിടെയും എത്തിയിട്ടില്ല. നേരേത്ത റോഡ് പ്രശ്നത്തിൽ പൊലീസും ഇടപെട്ടിരുന്നെങ്കിലും വാട്ടർ അതോറിറ്റിയും പൊതുമരാമത്ത് റോഡ് വിഭാഗവും പരസ്പരം പഴിചാരി കൈകഴുകൽ തുടരുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story