Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2018 10:56 AM IST Updated On
date_range 3 Jun 2018 10:56 AM ISTഭൂമിക്ക് രേഖ ലഭിക്കാൻ ഓഫിസുകൾ കയറിയിറങ്ങി മടുത്ത് 63കാരൻ
text_fieldsbookmark_border
തിരൂർ: തകർച്ചയിലുള്ള വീട് അറ്റകുറ്റപ്പണി നടത്താൻ താമസിക്കുന്ന ഭൂമിക്ക് രേഖ തേടി 63കാരൻ ഓഫിസുകൾ കയറിയിറങ്ങി ദുരിതം പേറുന്നു. പറവണ്ണ പഴയ പുത്തൻവീട്ടിൽ അബ്ദുസ്സലാമാണ് അധികാരികളുടെ കനിവിനായി കാത്തിരിക്കുന്നത്. 57 വർഷം മുമ്പുണ്ടായ ഇടിമിന്നലിൽ വീട് പൂർണമായി കത്തിനശിച്ചതിനൊപ്പം നഷ്ടമായ രേഖകളുടെ പകർപ്പ് തേടിയാണ് ഇദ്ദേഹം ഓഫിസുകൾ കയറിയിറങ്ങുന്നത്. 85 വർഷമായി പൂർവികർ കൈവശം വെച്ചിരുന്ന ഭൂമിയിലാണ് സലാമും ഭാര്യയും കുടുംബവും കഴിയുന്നത്. ഇരുവരും പ്രായം മൂലം അവശതയനുഭവിക്കുന്നവരും രോഗികളുമാണ്. ഭൂമിക്ക് രേഖയില്ലാത്തതിനാൽ അറ്റകുറ്റപ്പണിക്ക് സർക്കാർ സഹായമോ വായ്പയോ ലഭിക്കുന്നില്ല. ഏത് നിമിഷവും തകർന്ന് നിലംപൊത്താവുന്ന അവസ്ഥയിലായിട്ടുണ്ട് വീട്. ഇതുമൂലം മകന് വിവാഹബന്ധം പോലും ലഭിക്കുന്നില്ലെന്ന് ഇദ്ദേഹം പറയുന്നു. കലക്ടറേറ്റിലും താലൂക്കിലും വില്ലേജിലുമായി കയറി ഇറങ്ങുേമ്പാൾ അധികൃതർ ഓരോ കാരണം പറഞ്ഞ് വട്ടം കറക്കുകയാണ്. ചോർന്നൊലിക്കാത്ത വീട്ടിൽ അന്തിയുറങ്ങണമെന്ന കുടുംബത്തിെൻറ മോഹമാണ് ഇതുമൂലം നീളുന്നത്. ഒട്ടേറെ വർഷം കലക്ടറേറ്റിൽ കയറിയിറങ്ങിയതിന് ഒടുവിൽ 2015 ജനുവരിയിൽ തഹസിൽദാറുടെ റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് നടപടിയെടുക്കാമെന്ന് അറിയിച്ചിരുന്നതായി സലാം പറഞ്ഞു. പിന്നീടും പല ഓഫിസുകളുടെ വാതിലിലും മുട്ടിയെങ്കിലും ആരും കനിഞ്ഞില്ല. ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. നടപടിയെടുക്കാൻ വില്ലേജ് ഓഫിസർക്ക് നിർദേശം നൽകിയതായി മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് മറുപടി ലഭിച്ചു. തുടർനടപടികൾ റവന്യൂ അധികൃതരെടുത്തില്ല. രേഖ നിഷേധിക്കുന്നതിനുള്ള വ്യക്തമായ കാരണം പോലും അധികൃതർ നൽകുന്നില്ലെന്ന് ഹൃദ്രോഗി കൂടിയായ ഇദ്ദേഹം പരാതിപ്പെടുന്നു. നിത്യജീവിതത്തിനും ചികിത്സക്കും പരുങ്ങുന്നതിനിടെയാണ് ഓഫിസുകൾ താണ്ടിയുള്ള ദുരിതവും പേറേണ്ടിവരുന്നത്. മഴ കനത്തതോടെ നെഞ്ചിടിപ്പോടെയാണ് വീട്ടിനകത്ത് കഴിയുന്നത്. ശനിയാഴ്ച തിരൂർ ആർ.ഡി.ഒക്ക് പുതിയ നിവേദനം നൽകി പ്രതീക്ഷയോടെ മടങ്ങിയിരിക്കുകയാണ് ഇദ്ദേഹം. പറവണ്ണയിലെ പുരാതന കുടുംബാംഗമാണ് അബ്ദുസ്സലാം. 57 വർഷം മുമ്പ് ഇടിമിന്നലിൽ അന്ന് താമസിച്ചിരുന്ന കൊട്ടാര തുല്യമായ വീട് കത്തിനശിക്കുകയായിരുന്നു. പിന്നീട് അതേ ഭൂമിയിൽ മറ്റൊരു വീട് നിർമിച്ച് താമസം തുടങ്ങുകയായിരുന്നു. മുതിർന്ന പൗരന്മാർക്ക് വിവിധ സേവനങ്ങൾ ലഭിക്കുമ്പോഴാണ് സ്വന്തം കൂരയൊന്ന് അറ്റകുറ്റപ്പണി നടത്തുന്നതിന് രേഖ തേടി ഇദ്ദേഹം അലയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story