Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2018 10:32 AM IST Updated On
date_range 1 Jun 2018 10:32 AM ISTദുരിതപ്പെയ്ത്തിൽ തെങ്ങോലക്ക് കീഴെ ഒമ്പത് ജന്മങ്ങൾ
text_fieldsbookmark_border
കരുവാരകുണ്ട്: കാട്ടിൽനിന്ന് പെറുക്കി കൂട്ടിയ കല്ലുകളുപയോഗിച്ച് പണിത മൺതറ. ദ്രവിച്ചു തുടങ്ങിയ പ്ലാസ്റ്റിക് ഷീറ്റിന് മീതെ ഉണങ്ങിയ തെങ്ങോലകൾ വിരിച്ച മേൽക്കൂര. ഏതുസമയത്തും ഒടിഞ്ഞു തൂങ്ങാവുന്ന ഈ കൂരയിൽ അന്തിയുറങ്ങുന്നത് ഒമ്പത് മനുഷ്യജന്മങ്ങൾ. കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് വീട്ടിക്കുന്ന് നെല്ലിക്കലടി പട്ടികവർഗ കോളനിയിൽനിന്നാണ് കരളലിയിക്കുന്ന ഇൗ കാഴ്ച. 70 പിന്നിട്ട കുമാരനും നിത്യരോഗിയായ ഭാര്യ കല്യാണിയും മക്കളും പേരമക്കളുമാണ് നിവർന്നു കിടക്കാൻ പോലും സ്ഥലമില്ലാത്ത ഈ ഒറ്റമുറിച്ചാളയിലെ അന്തേവാസികൾ. നേരമിരുട്ടിയാൽ വീട്ടുമുറ്റത്തെത്തുന്ന കാട്ടാനകളെ ഇവർക്ക് ഭയമില്ല. പോകാൻ പറഞ്ഞാൽ അവ അനുസരിക്കുമത്രെ. എന്നാൽ, കാലവർഷത്തിലെ കാറ്റിനും പെരുമഴക്കും മുന്നിൽ തങ്ങളുടെ ഓലപ്പുര പിടിച്ചു നിൽക്കുമോ എന്നാണിവരുടെ ആധി. കല്യാണിക്ക് സ്വന്തമായി നിൽക്കാൻ പോലും കഴിയില്ല. പാലിയേറ്റിവ് കെയർ പരിചരണത്തിലാണിവർ. മകൻ രാജെൻറ അഞ്ചു മക്കളിൽ ചെറുതിന് പ്രായം ഒന്നര വയസ്സ്. മൂന്നും അഞ്ചും ആറും ഒമ്പതും വയസ്സാണ് മറ്റു മക്കൾക്ക്. കാട്ടുവിഭവങ്ങൾ ശേഖരിച്ചാണ് ഒമ്പത് വയറുകളും പട്ടിണി മാറ്റുന്നത്. രാജന് എപ്പോഴെങ്കിലും ജോലി കിട്ടിയാലായി. റേഷൻ അരി മറ്റൊരിടത്തായതിനാൽ വാങ്ങാറുമില്ല. ആദിവാസികൾക്ക് നീക്കിവെക്കാറുള്ള ഫണ്ടോ മറ്റെന്തെങ്കിലും ആനുകൂല്യങ്ങളോ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് ഇവർ പറയുന്നു. കുമാരന് വലിയ ആഗ്രഹങ്ങളൊന്നുമില്ല. തലചായ്ക്കാൻ ഒരു വീടും അതിൽ വെളിച്ചവും വേനൽക്കാലത്ത് കുടിവെള്ളവും. അത്രമാത്രം. പിന്നെ ഒരപേക്ഷയുണ്ട്, ഇവിടത്തെ മണ്ണിൽനിന്ന് ഇറങ്ങണമെന്ന് മാത്രം പറയരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story