Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2018 10:41 AM IST Updated On
date_range 9 Jan 2018 10:41 AM ISTകാട്ടുതീ തടയാൻ ഇനി ഫയർ ക്രൈസിസ് മാനേജ്മെൻറ് ടീം
text_fieldsbookmark_border
നിലമ്പൂർ: ജില്ലയിലെ കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാനും കാര‍്യക്ഷമമായി നടപ്പാക്കാനും ഫയർ ക്രൈസിസ് മാനേജ്മെൻറ് ടീം രൂപവത്കരിക്കാൻ തീരുമാനം. നിലമ്പൂർ നോർത്ത് ഡിവിഷൻ ഫോറസ്റ്റ് ഓഫിസർ ഡോ. ആർ. ആടലരശെൻറ അധ‍്യക്ഷതയിൽ നിലമ്പൂരിൽ ചേർന്ന വിവിധ വകുപ്പ് മേധാവികളുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം. നിലമ്പൂർ നോർത്ത്, സൗത്ത് ഡിവിഷനുകളിലായാണ് ജില്ലയിലെ വനമേഖല പരന്നുകിടക്കുന്നത്. ജനുവരി 15 മുതൽ മൂന്ന് മാസ കാലയളവാണ് തീപിടിത്ത സാധ്യതയുള്ളതായി വനം വകുപ്പ് കാണുന്നത്. എന്നാൽ, വേനലിെൻറ കാഠിന‍്യം ഏറിവരുന്ന സാഹചര‍്യങ്ങളിൽ പ്രതിരോധ നടപടികൾ നീട്ടും. ഫയർ വാച്ചർമാരുടെ നിയമനം, ബോധവത്കരണം, ജനപങ്കാളിത്തം ഉറപ്പാക്കൽ എന്നിവക്ക് ഇത്തവണ ഊന്നൽ നൽകാനാണ് യോഗ തീരുമാനം. കാട്ടുതീ സാധ‍്യതയേറിയ വനാതിർത്തി പ്രദേശങ്ങളിൽ ഫയർലൈൻ സ്ഥാപിക്കും. വനാതിർത്തികൾ പങ്കിടുന്ന പഞ്ചായത്തുകളിലെ പ്രസിഡൻറുമാരുടെ മേൽനോട്ടത്തിൽ കാട്ടുതീ പ്രതിരോധത്തിന് വാർഡ് തലത്തിൽ പ്രത‍്യേക കമ്മിറ്റി രൂപവത്കരിക്കും. വാർഡ് അംഗങ്ങൾ, ക്ലബ് ഭാരവാഹികൾ, സന്നദ്ധസംഘടന പ്രവർത്തകർ, പരിസ്ഥിതി പ്രവർത്തകർ എന്നിവരുടെ സാന്നിധ‍്യം കമ്മിറ്റികളിൽ ഉറപ്പാക്കും. മനഃപൂർവം കാട്ടിൽ തീയിടുന്നവർക്കെതിരെ വനം നിയമപ്രകാരം കേസെടുക്കും. മൂന്ന് വർഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. വനത്തിനുള്ളിലേക്കുള്ള അനധികൃത കടന്നുകയറ്റം തടയും. ഇതിനായി മൊബൈൽ പട്രോളിങ്, നിരീക്ഷണം, രഹസ‍്യവിവര ശേഖരണം എന്നിവ ശക്തമാക്കും. പൊലീസ്, ഫയർഫോഴ്സ്, റവന‍്യൂ, ആരോഗ‍്യം, ത്രിതല പഞ്ചായത്ത് തുടങ്ങി വിവിധ വകുപ്പുകൾ, വനസംരക്ഷണ സമിതികൾ, എൻ.ജി.ഒകൾ എന്നിവ തമ്മിൽ ഏകോപനമുണ്ടാക്കും. ഇതിനായി പഞ്ചായത്ത് തലത്തിൽ കൺട്രോൾ റൂം ആരംഭിക്കും. ഫയർഫോഴ്സിെൻറയും ബന്ധപ്പെട്ട വനപാലകരുടെയും ഫോൺ നമ്പറുകൾ പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കും. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് റേഞ്ച് തലങ്ങളിൽ റേഞ്ച് ഓഫിസർമാരുടെ നേതൃത്വത്തിൽ യോഗങ്ങൾ വിളിച്ചുചേർക്കും. വഴിക്കടവ് റേഞ്ചിൽ ബുധനാഴ്ചയും 16ന് എടവണ്ണ റേഞ്ചിലും 18ന് നിലമ്പൂർ റേഞ്ചിലും യോഗങ്ങൾ വിളിച്ചുചേർക്കും. കാട്ടുതീ സാധ‍്യതയേറെ കാണുന്ന സംരക്ഷിത വനമേഖലയായ നാടുകാണി ചുരത്തിലും പന്തീരായിരം വനമേഖലയിലും പ്രത‍്യേക നിരീക്ഷണം ഉറപ്പാക്കും. മുൻവർഷങ്ങളിൽ ഇൗ ഭാഗങ്ങളിൽ കാട്ടുതീ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല. ചെങ്കുത്തായ ഈ വനപ്രദേശത്ത് കാട്ടുതീ പടർന്നുപിടിച്ചാൽ നിയന്ത്രണവിധേയമാക്കാൻ സാധ‍്യമല്ല. അതിനാൽ തീ പടർന്നുപിടിക്കാതിരിക്കാനുള്ള പദ്ധതികളാണ് ആവിഷ്കരിക്കുക. യോഗത്തിൽ നിലമ്പൂർ നോർത്ത് എ.സി.എഫ് പി. രഞ്ജിത് കുമാർ, എ.ഡി.സി.എഫ് കെ. ശ്രീനിവാസ്, നഗരസഭ ചെയർപേഴ്സൻ പത്മിനി ഗോപിനാഥ്, വികസനകാര‍്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുംതാസ് ബാബു, എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആലീസ് അഅമ്പാട്ട്, ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. ഉസ്മാൻ, ഡെപ‍്യൂട്ടി തഹസിൽദാർ പി. രാജഗോപാലൻ, ഫയർ ഓഫിസർ എം. അബ്ദുൽ ഗഫൂർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി. മോഹൻദാസ്, വഴിക്കടവ്, എടവണ്ണ, നിലമ്പൂർ റേഞ്ച് ഓഫിസർമാരായ കെ. സമീർ, അബ്ദുൽ ലത്തീഫ്, രവീന്ദ്രനാഥ് എന്നിവരും മാധ‍്യമ പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു. പടം:nbr 2- കാട്ടുതീ പ്രതിരോധ പ്രവർത്തനം ആസൂത്രണം ചെയ്യാനായി നിലമ്പൂരിൽ ഡി.എഫ്.ഒ ഡോ. ആർ. ആടലരശെൻറ നേതൃത്വത്തിൽ ചേർന്ന യോഗം കാട്ടുതീ തടയാൻ നാട്ടുകാരുടെ കരുതൽ വേണം -ഡി.എഫ്.ഒ നിലമ്പൂർ: കടുത്ത വേനലിൽ നിലമ്പൂർ മേഖലയിൽ കാട്ടുതീ പടർന്നുപിടിക്കാൻ സാധ‍്യതയേറെയായതിനാൽ വനംവകുപ്പിെൻറ പ്രതിരോധ പ്രവർത്തനങ്ങളിൽ നാട്ടുകാരുടെ സഹകരണവും പങ്കാളിത്തവും വേണമെന്ന് നിലമ്പൂർ നോർത്ത്, സൗത്ത് ഡി.എഫ്.ഒമാർ ആവശ‍്യപ്പെട്ടു. ജനപങ്കാളിത്തത്തോടെ മാത്രമേ കാട്ടുതീ തടയാനാകൂ. അനാവശ‍്യമായി വനത്തിൽ കയറുകയോ അലക്ഷ്യമായി സിഗരറ്റും മറ്റും കാട്ടിൽ വലിച്ചെറിയുകയോ ചെയ്യരുത്. കാട്ടുതീ ശ്രദ്ധയിൽപ്പെട്ടാൽ വനം വകുപ്പിനെ അറിയിക്കണം. വനത്തിലേക്ക് തീ പടർന്നുപിടിക്കാതിരിക്കാനുള്ള കരുതലുകളുണ്ടാവണം. ക്ലബുകൾ, സന്നദ്ധ സംഘടന പ്രവർത്തകർ, രാഷ്ട്രീയ പാർട്ടികൾ, ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കണമെന്നും വനം വകുപ്പിന് വേണ്ട മുഴുവൻ പിന്തുണയും ഈ കാര‍്യത്തിൽ ഉണ്ടാവണമെന്നും ഡി.എഫ്.ഒമാർ ആവശ‍്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story