Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2018 10:50 AM IST Updated On
date_range 9 Feb 2018 10:50 AM ISTവേങ്ങര ജലനിധി കുടിവെള്ള പദ്ധതി മാര്‍ച്ചില്‍ കമീഷന്‍ ചെയ്യുമെന്ന്
text_fieldsbookmark_border
വേങ്ങര: വേങ്ങര, പറപ്പൂർ, ഊരകം ഗ്രാമപഞ്ചായത്തുകളില്‍ കുടിവെള്ള വിതരണത്തിന് ജലനിധിക്ക് കീഴില്‍ പണി നടക്കുന്ന മള്‍ട്ടി ജി.പി കുടിവെള്ള പദ്ധതി മാര്‍ച്ചില്‍ കമീഷന്‍ ചെയ്യുമെന്ന് അധികൃതർ. കടലുണ്ടിപ്പുഴയിലെ കല്ലക്കയത്തുനിന്ന് വെള്ളം ശേഖരിച്ച് വേങ്ങര മിനിയില്‍ സ്ഥാപിച്ചിട്ടുള്ള സംഭരണ ടാങ്കുകള്‍ മുഖേന വിതരണ പൈപ്പ് ലൈനുകളിലൂടെ ഗ്രാമപഞ്ചായത്തിലെ നാലായിരത്തോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതിയാണിത്. എന്നാൽ, റോഡുകള്‍ കീറി വിതരണ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്ന പണി പൂര്‍ത്തിയാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ മാർച്ച് മാസത്തോടെ വിതരണ പൈപ്പ് ലൈനുകളുടെ പണി പൂര്‍ത്തിയായ അത്രയും ഭാഗങ്ങളില്‍ ഭാഗികമായി കുടിവെള്ള വിതരണത്തിന് സംവിധാനമൊരുക്കാനുള്ള തത്രപ്പാടിലാണ് അധികൃതര്‍. സംസ്ഥാനപാതയിലൂടെ പൈപ്പ് ലൈന്‍ കൊണ്ടുപോവുന്നതിന് റോഡ് വെട്ടിക്കീറാന്‍ അനുമതി ലഭിക്കാതിരുന്നതാണ് പണികള്‍ വൈകാന്‍ കാരണമെന്ന് ജലനിധിയുടെ എൻജിനീയറിങ് വിഭാഗം പറയുന്നു. ഗ്രാമീണ റോഡുകള്‍പോലും യഥാസമയം കിടങ്ങുകീറി പൈപ്പ് ലൈന്‍ സ്ഥാപിക്കാനും കീറിയ റോഡുകള്‍ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് പൂർവ സ്ഥിതിയിലാക്കാനും കഴിഞ്ഞിട്ടുമില്ല. സംഭരണ ടാങ്ക് സ്ഥിതിചെയ്യുന്ന വേങ്ങര മിനിയില്‍ പൈപ്പ് ലൈനുകള്‍ കൊണ്ടുപോവുന്നതിനായി വെട്ടിപ്പൊളിച്ച വേങ്ങര കുന്നുംപുറം റോഡ് മാസങ്ങളായി അറ്റകുറ്റപ്പണികള്‍ നടത്താതെ പൊട്ടിപ്പൊളിഞ്ഞ നിലയില്‍ തുടരുകയാണ്. യുദ്ധകാലാടിസ്ഥാനത്തില്‍ പണി പൂര്‍ത്തിയാക്കി മാർച്ച് മാസത്തിനു മുമ്പേ ഭാഗികമായെങ്കിലും പദ്ധതി കമീഷന്‍ ചെയ്യുമെന്ന് ജലനിധി സീനിയര്‍ എന്‍ജിനീയര്‍ ആഷ്‌ലി മാധ്യമത്തോട് പറഞ്ഞു. മാർച്ച് 22 ലോക ജലദിനത്തില്‍ പദ്ധതി ഭാഗികമായെങ്കിലും കമീഷന്‍ ചെയ്യാനാവുമെന്ന് വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. കുഞ്ഞാലിക്കുട്ടിയും പറയുന്നു. സപ്പോർട്ടിങ് ഓർഗനൈസേഷനെതിരെ ജലനിധി വാർഡ് കമ്മിറ്റികൾ വേങ്ങര: സർക്കാർ അനുവദിച്ച ജലനിധി വാർഡുതല കമ്മിറ്റികളെയും പഞ്ചായത്തുതല കമ്മിറ്റികളെയും സഹായിക്കാൻ ഒരു വർഷത്തേക്ക് ചാർജെടുത്ത സപ്പോർട്ടിങ് ഓർഗനൈസേഷൻ ഉദ്യോഗസ്ഥരില്‍നിന്ന് ഒരുതരത്തിലുള്ള സഹായവും ലഭിക്കുന്നില്ലെന്ന് പരാതി. ജലനിധി കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് വാര്‍ഡുതല കമ്മിറ്റികളെ സഹായിക്കാനായി ഈ ഏജന്‍സിക്ക് സര്‍ക്കാര്‍ 23 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും ഈ ടീമില്‍ നിന്ന് ഒരു സഹായവും ലഭിക്കുന്നില്ലെന്നുമാണ് വാര്‍ഡുതല കമ്മിറ്റി ഭാരവാഹികൾ ആരോപിക്കുന്നത്. ജലനിധി പദ്ധതി കമീഷൻ ചെയ്തു കഴിഞ്ഞാൽ, റീഡിങ്ങ് നടത്തേണ്ടതും റീഡിങ്ങിനനുസരിച്ച് ബില്ല് കണക്കാക്കേണ്ടതും ജല ദുർവിനിയോഗം തടയേണ്ടതുമെല്ലാം വാർഡ് കമ്മിറ്റികളാണെന്നും അതിനുള്ള ബോധവത്കരണ ക്ലാസുകളാണ് നടന്നതെന്നും ജലനിധി റീജനൽ പ്രോജക്ട് മാനേജ്മെൻറ് യൂനിറ്റിൽനിന്നുവന്ന ഉദ്യോഗസ്ഥർ പറയുന്നു. കഴിഞ്ഞദിവസം ജലനിധി വിളിച്ചുചേര്‍ത്ത വാർഡുതല പ്രധാന പ്രവർത്തകരുടെയും വാർഡ് അംഗങ്ങളുടെയും യോഗത്തിലാണ് ഉദ്യോഗസ്ഥര്‍ നയം വ്യക്തമാക്കിയത്. സപ്പോർട്ടിങ് ഓർഗനൈസേഷന് വേങ്ങരയില്‍ ഒരു ഓഫിസ് വേണമെന്നും അതില്ലാതെ ദൈനംദിന പ്രശ്നങ്ങളിൽ പരിഹാരം കാണാൻ കഴിയില്ലെന്നും പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ പറയുന്നു. ജലനിധി പദ്ധതി ഉടൻ കമീഷൻ ചെയ്യുമെന്ന് കരുതി നാലായിരത്തി എഴുന്നൂറ് കുടുംബങ്ങൾ കാത്തിരിക്കുമ്പോൾ കമീഷൻ ചെയ്ത് ഒരു വർഷം കഴിഞ്ഞ് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ജലനിധിയുടെ പഠനക്ലാസ് തങ്ങള്‍ക്ക് ആവശ്യമില്ലെന്നുമാണ് ഇവരുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story