Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2018 10:32 AM IST Updated On
date_range 8 Feb 2018 10:32 AM ISTp3
text_fieldsbookmark_border
ശ്രീമല്ലീശ്വരം ക്ഷേത്രം ദേവസ്വം ബോർഡ് ഏറ്റെടുക്കുന്നതിനെ എതിർക്കും -ആദിവാസി സംഘടനകൾ ഉത്സവം അഞ്ചംഗ ട്രസ്റ്റിനെ ഏൽപ്പിച്ചത് അംഗീകരിക്കില്ല പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസികള്‍ പരമ്പരാഗതമായി നടത്തുന്ന ചെമ്മണ്ണൂർ ശ്രീമല്ലീശ്വര ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുന്നതിനെതിരെ ആദിവാസി സംഘടനകൾ. ഉത്സവ നടത്തിപ്പ് അഞ്ചംഗ ട്രസ്റ്റിയെ ഏല്‍പ്പിച്ച നടപടി പിന്‍വലിക്കണമെന്നും ജനാധിപത്യ രീതിയില്‍ ഉത്സവം നടത്താൻ കമ്മിറ്റിയെ തെരഞ്ഞെടുക്കണമെന്നും അട്ടപ്പാടിയിലെ മൂപ്പന്‍സ് കൗണ്‍സില്‍, തായ്കുലസംഘം ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ ദേവസ്വം ബോര്‍ഡ് തെരഞ്ഞെടുത്ത അഞ്ചംഗ ട്രസ്റ്റികളില്‍ മൂന്നുപേര്‍ ഉത്സവം നടത്തിപ്പുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്നവരാണ്. ഇവര്‍ക്കെതിരെ മണ്ണാര്‍ക്കാട് തഹസില്‍ദാര്‍, ഒറ്റപ്പാലം സബ്കലക്ടര്‍, കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇവരെ വീണ്ടും ചുമതല ഏൽപ്പിച്ചത് അംഗീകരിക്കില്ലെന്നും അഴിമതിക്ക് കളമൊരുക്കുകയാണെന്നും ഇവർ ആരോപിച്ചു. കാലങ്ങളായി ആദിവാസികള്‍ പാരമ്പര്യ അനുഷ്ഠാനങ്ങളോടെ നടത്തുന്ന ഉത്സവവും ആചാരവും അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുന്നതിനെതിരെ ഒറ്റപ്പാലം സബ് കലക്ടര്‍ ഓഫിസ് ഉപരോധമടക്കമുള്ള സമരപരിപാടികള്‍ നടത്തുമെന്നും അവര്‍ പറഞ്ഞു. മൂപ്പന്‍സ് കൗണ്‍സില്‍ പ്രസിഡൻറ് കുട്ടിയണ്ണന്‍, മല്ലീശ്വരന്‍ കോവിൽ പാരമ്പര്യ ട്രസ്റ്റി യു.സി. കുഞ്ചന്‍, തായ്കുല സംഘം വൈസ് പ്രസിഡൻറ് ഇ.കെ. വഞ്ചി, കെ. ശിവാനി എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു. പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ഇനി ഗ്രീൻ പ്രോട്ടോക്കോളിൽ ചെർപ്പുളശ്ശേരി: ജില്ലയിൽ ഹരിത പെരുമാറ്റച്ചട്ട പ്രകാരമുള്ള ആദ്യ ഉത്സവത്തിനൊരുങ്ങി ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രം. ഫെബ്രുവരി 11 മുതൽ 13 വരെ നടക്കുന്ന ഉത്സവം പൂർണമായും പ്ലാസ്റ്റിക് മുക്തമാക്കാനാണ് ഭാരവാഹികളുടെ തീരുമാനം. ആദ്യഘട്ടമെന്നോണം കഴിഞ്ഞ ദിവസം നടന്ന കൂത്ത് ആഘോഷങ്ങളുടെ ഭാഗമായുള്ള പ്രസാദ ഊട്ടിൽ സ്റ്റീൽ പാത്രങ്ങളിലാണ് സദ്യ വിളമ്പിയത്. പൂജ, വഴിപാട് സാധനങ്ങൾ ഇനിമുതൽ തുണി സഞ്ചികളിൽ മാത്രമേ വിതരണം ചെയ്യൂ. മാലിന്യം നിക്ഷേപിക്കാൻ തെങ്ങോല കൊണ്ട് കുട്ടകൾ സ്ഥാപിക്കും. ഉത്സവശേഷം ക്ഷേത്രം പരിസരത്തെ മുഴുവൻ മാലിന്യവും വളൻറിയർമാർ ശേഖരിച്ച് സംസ്കരിക്കും. ഉത്സവത്തിനെത്തുന്ന വ്യാപാരികൾ വിപണകേന്ദ്രത്തിന് സമീപം മാലിന്യ സംഭരണികൾ സ്ഥാപിക്കും. പ്ലാസ്റ്റിക് തോരണങ്ങൾ, കവാടങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കും. അടുത്തവർഷം മുതൽ ഫ്ലക്സ് പൂർണമായും ഒഴിവാക്കുമെന്നും ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ഉത്സവങ്ങൾക്ക് ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കുന്നത് സംബന്ധിച്ച് ജില്ല കലക്ടർ ഡോ. പി. സുരേഷ് ബാബുവിെൻറ അധ്യക്ഷതയിൽ ക്ഷേത്രം ഭാരവാഹികളുടെയും ആഘോഷ കമ്മിറ്റി ഭാരവാഹികളുടെയും യോഗം ചേർന്നിരുന്നു. ഉത്സവങ്ങൾക്ക് ഹരിത പെരുമാറ്റച്ചട്ടം പാലിക്കണമെന്ന കലക്ടറുടെ നിർദേശാനുസരണമാണ് ക്ഷേത്രം ഭാരവാഹികൾ പുതിയ തീരുമാനം കൈക്കൊണ്ടത്. പുതുതായി അധികാരമേറ്റ മലബാർ ദേവസ്വം ബോർഡ് അംഗങ്ങൾക്ക് ക്ഷേത്രത്തിൽ നൽകിയ സ്വീകരണത്തിലാണ് ഹരിത പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചത്. ചെർപ്പുളശ്ശേരി നഗരസഭ ചെയർപേഴ്സൻ ശ്രീലജ വാഴക്കുന്നത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. മലബാർ ദേവസ്വം ബോർഡ് അംഗങ്ങൾ, ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ പി. ശ്രീകുമാർ, ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസർ പി. ശിവശങ്കരൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story