Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചോരുന്ന തടയണക്ക്...

ചോരുന്ന തടയണക്ക് പാര്‍ശ്വഭിത്തി കെട്ടാന്‍ ഒന്നരക്കോടി: ബജറ്റ് നിര്‍ദേശം അഴിമതിക്ക് വളംവെക്കാനെന്ന്

text_fields
bookmark_border
വേങ്ങര: നിർമാണം പൂര്‍ത്തിയാക്കിയ വര്‍ഷംതന്നെ ജലചോര്‍ച്ച അനുഭവപ്പെട്ട കല്ലക്കയം തടയണയുടെ പാര്‍ശ്വ സംരക്ഷണ ഭിത്തി നിർമിക്കുന്നതിന് ഒന്നരക്കോടി രൂപ വകയിരുത്തിയത് ഈ തടയണയുടെ പേരില്‍ വീണ്ടും അഴിമതി നടത്താനെന്ന് ആരോപണം. നാലര കോടിയോളം രൂപ ചെലവഴിച്ച് 2017ൽ കടലുണ്ടിപ്പുഴയില്‍ കല്ലക്കയത്തു നിർമാണം പൂര്‍ത്തിയാക്കിയ തടയണക്ക് ഒരു വര്‍ഷംപോലും കടലുണ്ടിപ്പുഴയിലെ ജലം തടഞ്ഞു നിര്‍ത്താനായിട്ടില്ല. തടയണയുടെ ചോര്‍ച്ച കാരണം വെള്ളം മുഴുവനായും താഴേക്ക് ഒഴുകിപ്പോവുകയാണ്. കാവിൻമുമ്പിൽ കടവ് പാലത്തിനു താഴ്ഭാഗത്ത് വടക്കുമുറി ജുമാമസ്ജിദ് കടവിനു സമീപം വെള്ളമുള്ള ഭാഗത്താണ് ആദ്യഘട്ടത്തിൽ തടയണക്ക് പദ്ധതിയിട്ടത്. ഇതിനായി ഈ ഭാഗത്ത് പൈലിങ് നടത്തി പാറയുടെ ദൃഢത ഉറപ്പുവരുത്തിയിരുന്നു. എന്നാൽ, കല്ലക്കയത്ത് നേരത്തെ വർഷംതോറും നിർമിച്ചിരുന്ന താൽക്കാലിക തടയണയുടെ ഭാഗത്താണ് തടയണ നിർമിച്ചത്. കടവിന് താഴ്ഭാഗത്ത് തടയണ നിർമിച്ചാൽ കടവ് നഷ്ടമാവുമെന്നതിനാൽ ബാഹ്യശക്തികളുടെ ഇടപെടലാണ് സ്ഥാനമാറ്റത്തിനിടയാക്കിയതെന്ന് അന്നുതന്നെ ആക്ഷേപമുയർന്നിരുന്നു. 4,40,86,156 രൂപ ചെലവിട്ടാണ് കല്ലക്കയത്ത് തടയണ നിർമാണം പൂർത്തീകരിച്ചത്. കേരള വാട്ടർ അതോറിറ്റി പ്രവൃത്തി ടെൻഡർ വിളിച്ച് കോൺക്രീറ്റിലുള്ള ഡിസൈൻ പ്രകാരം നിർമാണമാരംഭിച്ച ശേഷം പിന്നീട് പ്രവൃത്തി തുടരാനാവില്ലെന്ന് കരാറുകാരൻ അറിയിച്ചതിനെ തുടർന്ന് ഷീറ്റ് അടിച്ചിറക്കിയുള്ള പുതിയ ഡിസൈനിലേക്ക് മാറ്റുകയായിരുന്നു. ഇതിനായി പുതുതായി റീടെൻഡർ വിളിക്കുകയും ചുമതല വാട്ടർ അതോറിറ്റിയിൽനിന്നും മാറ്റി മൈനർ ഇറിഗേഷൻ ഇൻഫ്രാസ്ട്രെക്ച്ചർ വകുപ്പിന് മാറ്റിനല്‍കുകയുമായിരുന്നു. ഈ നടപടിയിലും ദുരൂഹതയുള്ളതായി ആക്ഷേപമുണ്ട്. പണി പൂർത്തിയായി ആദ്യ വേനലിൽതന്നെ ഒരു തുള്ളി വെള്ളംപോലും തടുത്തുനിർത്താൻ തടയണക്കായിട്ടില്ല. വെള്ളം കെട്ടിനിന്ന സമയത്ത് നിരവധി ഭാഗങ്ങളിൽ കാര്യമായ ചോർച്ചയുമുണ്ടായി. ഇതേത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം തടയണ നിലനില്‍ക്കുന്ന ഏഴാം വാര്‍ഡ് അംഗം ഗ്രാമപഞ്ചായത്ത് ബോര്‍ഡില്‍ കൊണ്ടുവന്ന പ്രമേയത്തെ തുടര്‍ന്ന് അന്വേഷണമാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് വിജിലന്‍സിനെ സമീപിക്കുകയും ചെയ്തു. അഞ്ചു കിലോമീറ്ററിനുള്ളില്‍ താഴ്ഭാഗത്തായി വാക്കിക്കയം റെഗുലേറ്ററി​െൻറ നിർമാണം പുരോഗമിക്കുകയാണ്. ഇതി​െൻറ പണി പൂര്‍ത്തിയായാല്‍ റെഗുലേറ്ററിന് മുകളില്‍ കടലുണ്ടിപ്പുഴയില്‍ ഏഴു കിലോമീറ്ററോളം നീളത്തില്‍ വെള്ളം ശേഖരിച്ചുനിര്‍ത്താന്‍ കഴിയും. അങ്ങനെ വരുമ്പോള്‍ കല്ലക്കയം തടയണതന്നെ അനാവശ്യമായ നിർമിതിയാണെന്ന് അന്നുതന്നെ ആക്ഷേപമുണ്ടായിരുന്നു. തടയണ നിർമാണത്തില്‍ സംഭവിച്ച പാളിച്ച അന്വേഷിച്ച് കാരണക്കാരായവരെ കണ്ടെത്താന്‍ കാര്യമായ ശ്രമമുണ്ടായില്ലെന്നും പരാതിയുണ്ട്. ഇരുമ്പ് തകിടുകള്‍ പുഴയില്‍ കുത്തിനിര്‍ത്തി കരിങ്കല്ലുകള്‍ പാകി നിർമിച്ച തടയണക്ക് ജലം തടുത്തുനിര്‍ത്താനാവില്ലെന്നും ആക്ഷേപമുണ്ടായിരുന്നു. ഇത് കണക്കിലെടുക്കാതെയാണ് അധികൃതര്‍ തടയണ നിർമാണവുമായി മുന്നോട്ടുപോയത്. പുതിയ സര്‍ക്കാറാവട്ടെ ഒട്ടും പ്രയോജനകരമല്ലാത്ത പദ്ധതിയുടെ പാര്‍ശ്വ ഭിത്തി കെട്ടുന്നതിനെന്ന പേരില്‍ വീണ്ടും കോടിക്കണക്കിനു രൂപ വകയിരുത്തിയിരിക്കുന്നു. സാങ്കേതിക തകരാര്‍ നിമിത്തം വെള്ളം തടഞ്ഞുനിര്‍ത്താന്‍ കഴിയാത്ത തടയണക്ക് പാര്‍ശ്വഭിത്തി കെട്ടാനെന്ന പേരിലാണ് ഇപ്പോള്‍ ഫണ്ട് വകയിരുത്തിയിട്ടുള്ളതെന്നും ജലം തടഞ്ഞുനിര്‍ത്താനാവാത്ത തടയണക്ക് ഫണ്ട് നീക്കി വെച്ചതിലൂടെ അധികൃതരുടെ ലക്ഷ്യം തടയണയല്ല എന്ന് വ്യക്തമാവുന്നതായും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. പടം: സംസ്ഥാന ബജറ്റില്‍ പാർശ്വഭിത്തി നിർമാണത്തിന് ഒന്നരക്കോടി വകയിരുത്തിയ കടലുണ്ടിപ്പുഴയിലെ ചോര്‍ച്ചയുള്ള കല്ലക്കയം തടയണ
Show Full Article
TAGS:LOCAL NEWS 
Next Story