Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2018 11:33 AM IST Updated On
date_range 31 Aug 2018 11:33 AM ISTമലവെള്ളത്തെ ഭയക്കാത്ത യാഹുട്ടി ജീവിതത്തിന് മുന്നിൽ പതറുന്നു
text_fieldsbookmark_border
തിരുനാവായ: ഭാരതപ്പുഴയിലും തൂതപ്പുഴയിലും ചാലിയാറിലുമൊക്കെ ഒഴുക്കിൽപ്പെട്ട് മരിച്ച നിരവധി മൃതദേഹങ്ങൾ കണ്ടെടുക്കുകയും മലവെള്ളത്തെയും കുത്തൊഴുക്കിനെയും ഭയക്കാതെ നിരവധി പേരെ രക്ഷപ്പെടുത്തുകയും ചെയ്ത മനുഷ്യ സ്നേഹി ജീവിതത്തിനു മുന്നിൽ പതറുന്നു. ഇക്കഴിഞ്ഞ പ്രളയത്തിലും തെൻറ സുഹൃത്തുക്കൾക്കൊപ്പം നിരവധി പേരെ മുങ്ങിയ വീടുകളിൽനിന്ന് കരക്കെത്തിച്ച മുങ്ങൽ വിദഗ്ധൻ തിരുനാവായ പാറലകത്ത് യാഹുട്ടിക്കാണ് ഈ ഗതി. കിണറ്റിൽ വീണ അയൽവാസിയായ ബാലനെ 14ാം വയസ്സിൽ രക്ഷിച്ച യാഹുട്ടി ജില്ലയിലെ വിവിധ തഹസിൽദാർമാരുടെയും പൊലീസ് അധികൃതരുടെയും നിർദേശപ്രകാരം വിവിധ പുഴകളിൽ ഒഴുക്കിൽപ്പെട്ട് മരിച്ച ഒട്ടേറെപ്പേരുടെ മൃതദേഹങ്ങൾ മുങ്ങിയെടുത്ത് പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ഒട്ടേറെ സംഘടനകളുടെ ആദരവും ഉപഹാരങ്ങളും നേടിയിട്ടുണ്ട്. ഭാരതപ്പുഴയിൽ മീൻപിടിത്തവും തോണിയിൽ യാത്രക്കാരെ കടത്തലും പിക്അപ് ലോറി ഡ്രൈവർ പണിയുമൊക്കെയായി ജീവിതം നയിച്ചു വന്ന യാഹുട്ടി മൂന്നുവർഷം മുമ്പ് മലപ്പുറം ഡി.ടി.പി.സിയുടെ തീർഥാടകത്തോണി നയിക്കാൻ അർഹത നേടിയെങ്കിലും വേണ്ടത്ര വിജയം നേടാതെ പോവുകയായിരുന്നു. പത്തുവർഷം മുമ്പ് വീട് പണിക്കായി തിരുനാവായ സഹകരണ ബാങ്കിൽ നിന്നെടുത്ത ഒരു ലക്ഷം രൂപയുടെ കടം വീട്ടാനും പലിശയടക്കാനും കഴിയാതെ വന്നതോടെ രണ്ടര ലക്ഷമായി. ഇതിനു പുറതെ തോണി വാങ്ങാനും മറ്റുമായി പലരിൽ നിന്നുമായി വാങ്ങി പണയംവെച്ച ആഭരണങ്ങളുടെ ബാധ്യതയും 1.60 ലക്ഷമായി മാറിയതോടെ ബാങ്ക് ജപ്തി നോട്ടീസയച്ചതാണ് ഈ നിസ്വാർഥ സേവകനെ തളർത്തുന്നത്. നിത്യരോഗിയുമായ മാതാവും ഭാര്യയും മൂന്നു മക്കളുമടങ്ങുന്നതാണ് യാഹുട്ടിയുടെ കുടുംബം. ഭാരതപ്പുഴയിൽ നാവാമുകുന്ദ ക്ഷേത്രപരിസരത്തായി എപ്പോഴും സുരക്ഷാതോണിയുമായി കൂട്ടുകാരൻ ചേരിയിൽ തൗഫീഖുമൊന്നിച്ച് സന്നദ്ധനായിരിക്കുന്ന യാഹുട്ടിക്ക് സുരക്ഷാപ്രവർത്തനങ്ങൾക്കായി ഒരു റബർ ബോട്ട് ലഭിക്കണമെന്നതും ബാങ്കിലെ കടങ്ങൾ അടച്ചുതിർത്ത് വീടിെൻറ ജപ്തി ഒഴിവാക്കണമെന്നതുമാണ് മുഖ്യ ആഗ്രഹങ്ങൾ. ഇതിന് സുമനസ്സുള്ള പ്രവാസികളടക്കമുള്ളവർ കനിയുമെന്ന പ്രതീക്ഷയിലാണ് ഈ ജനസേവകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story