Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2018 11:09 AM IST Updated On
date_range 17 Aug 2018 11:09 AM ISTമണ്ണാർക്കാട് പ്രളയത്തിൽ മുങ്ങി
text_fieldsbookmark_border
മണ്ണാർക്കാട്: ശക്തമായ മഴയിലുണ്ടായ ഉരുൾപൊട്ടലിൽ മണ്ണാർക്കാട് പുഴകൾ ഗതിമാറി ഒഴുകി. നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി. ആയിരത്തോളം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. ഉരുൾപൊട്ടലിൽ മൂന്നുപേരെ കാണാതായി. അട്ടപ്പാടി ചുരമിടിഞ്ഞു. ദേശീയപാത 966ൽ വെള്ളക്കെട്ടിനെ തുടർന്ന് ഗതാഗതം നിർത്തിവെച്ചു. വ്യാഴാഴ്ച മണ്ണാർക്കാട് മേഖലയിൽ സ്വകാര്യ ബസുകൾ അടക്കമുള്ളവ സർവിസ് നടത്തിയില്ല. കുമരംപുത്തൂർ കല്ലടി സ്കൂളിന് സമീപത്താണ് രൂക്ഷമായ വെള്ളക്കെട്ടുണ്ടായത്. മൈലാമ്പാടം പൊതുവപ്പാടത്ത് പുലർച്ച നാലു മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. മലവെള്ളപ്പാച്ചിലിനെ തുടർന്ന് പ്രദേശം ഒറ്റപ്പെട്ടു. ഫോറസ്റ്റ് സ്റ്റേഷൻ തകരുകയും ജീവനക്കാരുടെ ബൈക്കുകൾ മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോവുകും ചെയ്തു. പ്രദേശത്തുള്ള മേലേപ്പാടി, താഴെപ്പാടി ആദിവാസി കോളനികളിലേതുൾപ്പെടെ 200ഓളം കുടുംബങ്ങളെ കാരാപ്പാടം എൽ.പി സ്കൂൾ, ഹിദായത്തുസ്വിബിയാൻ മദ്റസ, മദീന ഓഡിറ്റോറിയം എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. രക്ഷാപ്രവർത്തനത്തിനിടെ എട്ട് മണിയോടെ വീണ്ടും ഉരുൾപൊട്ടിയത് ശക്തമായ മലവെള്ളപ്പാച്ചിലിനും തോടിെൻറ ഗതിമാറലിനും ഇടയാക്കി. തെങ്കര മെഴുകുമ്പാറ, പാലക്കയം ചീനിക്കപ്പാറ ഭാഗങ്ങളിലും ഉരുൾപൊട്ടി. പാലക്കയം ജങ്ഷൻ വെള്ളത്തിനടിയിലാണ്. കുളപ്പാടം റോഡിൽ തോട്ടത്തിലും ദേശീയ പാതക്ക് സമീപം ചേലേങ്ങരയിലും മണ്ണിടിച്ചിലുണ്ടായി. ഈ ഭാഗങ്ങളിലെല്ലാം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. മൈലാമ്പാടം കാരാപ്പാടത്തും ഉരുൾപൊട്ടലുണ്ടായി. കാരാപ്പാടം കോളനിയിലെ ആദിവാസി കളുൾപ്പെടെ അമ്പതോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. തെങ്കരയിലെ ആനമൂളി പാലച്ചോട് കോളനിയിൽ ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് പത്തോളം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. വ്യാഴാഴ്ച പുലർച്ചയുണ്ടായ മലവെള്ളപ്പാച്ചിലിൽ കുന്തിപ്പുഴയും നെല്ലിപ്പുഴയും ചെറുതോടുകളും ഗതിമാറിയതോടെ പുഴത്തീരങ്ങളിലെ നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി. നിരവധി വീടുകൾ തകർന്നു. മണ്ണാർക്കാട് മേഖലയിൽ നഗരത്തിലുൾപ്പെടെ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി. ആയിരത്തോളം കുടുംബങ്ങളെയാണ് വിവിധ ഭാഗങ്ങളിലായി ക്യാമ്പുകളിലേക്കായി മാറ്റിയത്. സൈലൻറ് വാലി മലമേഖലയിൽ അർധരാത്രിയുണ്ടായ ശക്തമായ ഉരുൾപൊട്ടലാണ് കുന്തിപ്പുഴ ഏഴ് പതിറ്റാണ്ടിനിപ്പുറം സാക്ഷിയായത്. ഇരുകരളിലേക്കും അഞ്ഞൂറ് മീറ്ററിലധികം ഒഴുകി കയറിയ പുഴ പുലർച്ച സമീപങ്ങളിലെ വീടുകളിലേക്ക് ഇരച്ചുകയറി. പാലത്തിന് സമീപമുള്ള പള്ളിയിലും മദ്റസയിലും വെള്ളം കയറി. കുന്തിപ്പുഴയിൽ വീടിനകത്തേക്ക് വെള്ളം ഇരച്ചുകയറി ഒന്നാം നില പൂർണമായും വെള്ളത്തിലടിയിലായ ഡോക്ടർ കമ്മാപ്പയുടെ വീട്ടിൽ നിന്ന് അഞ്ച് മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് അഗ്നിശമന സേനയും നാട്ടുകാരും പെരിന്തൽമണ്ണയിൽ നിന്ന് റബർ ബോട്ടുകൾ കൊണ്ടുവന്ന് വീട്ടിലുള്ളവരെ രക്ഷപ്പെടുത്തിയത്. മലവെള്ളപ്പാച്ചിലിൽ മിനി ബൈപ്പാസ് റോഡ് പൂർണമായും വെള്ളത്തിനടിയിലായി. ബൈപ്പാസിലെ മാടത്തിങ്കൽ മുഹമ്മദ്, പൂവത്തുംപറമ്പിൽ ബാപ്പുട്ടിയുടെ വീടുകൾ പൂർണമായും തകർന്നു. പല വീടുകളും ഭാഗികമായി തകരുകയും വീട്ടുപകരണങ്ങളും രേഖകളും മറ്റും നശിക്കുകയും ചെയ്തു. പ്രദേശവാസികളെ ബന്ധുവീടുകളിലേക്കും മണ്ണാർക്കാട് ജി.എം.യു.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കും മാറ്റി. മഴയിൽ പ്രദേശത്തെ നിരവധി കിണറുകൾ ഇടിഞ്ഞ് താഴ്ന്നു. പെരിമ്പടാരി ഒന്നാം മൈലിൽ രണ്ട് കിണറുകളും കാവുണ്ടയിൽ ഒരു കിണറുമാണ് പൂർണമായും തകർന്നത്. കൂമ്പാറ-പുല്ലശ്ശേരി, ഞെട്ടരക്കടവ്-പൊമ്പ്ര, അലനല്ലൂർ-കണ്ണംകുണ്ട്, തെങ്കര -കോൽപ്പാടം, കൈതച്ചിറ-മാസപ്പറമ്പ്, കൂട്ടിലക്കടവ്-ശ്രീകൃഷ്ണപുരം ഭാഗങ്ങളിലെ പാലങ്ങൾ വെള്ളത്തിനടിയിലായതോടെ ഗതാഗതം തടസ്സപ്പെട്ടു. പല ഭാഗങ്ങളിലും ഗ്രാമീണ റോഡുകൾ വെള്ളത്തിനടിയിലായി. മുക്കാലി ചുരത്തിൽ കനത്ത മഴയിൽ വീണ്ടും ചുരമിടിഞ്ഞു. ഒമ്പത്, പത്ത് വളവുകളിലാണ് രൂക്ഷമായ മണ്ണിടിച്ചിലുണ്ടായത്. ചുരത്തിലൂടെയുള്ള ഗതാഗതം പൂർണ്മായും തടസ്സപ്പെട്ടു. ഇതോടെ അട്ടപ്പാടി തീർത്തും ഒറ്റപ്പെട്ടു. മണ്ണ് നീക്കാനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും ശക്തമായി തുടരുന്ന മഴ ഭീഷണിയാവുന്നുണ്ട്. മണ്ണാർക്കാട്-കോങ്ങാട്-ടിപ്പുസുൽത്താൻ റോഡിൽ അയ്യപ്പൻകാവിൽ വൻ മരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്സ് എത്തി മരം മുറിച്ച് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. തത്തേങ്ങലം, കൈതച്ചിറ, മാസപ്പറമ്പ് മേഖലകൾ ഒറ്റപ്പെട്ടു. 25 അടിയോളം ഉയരത്തിലേക്കാണ് ഇവിടങ്ങളിലേക്ക് പുഴ ഇരച്ചുകയറിയത്. പ്രദേശത്ത് നിന്ന് നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. പെരിച്ചോളം, പോത്തോഴിക്കാവ്, അരക്കുർശ്ശി ഭാഗങ്ങളും വെള്ളത്തിനടിയിലായി. കുമരംപുത്തൂർ കുളപ്പാടം, ചക്കരക്കുളമ്പ്, പൂന്തുരിത്തി, ഞെട്ടരക്കുണ്ട് ഭാഗങ്ങൾ വെള്ളത്തിനടിയിലാവുകയും നിരവധി വീടുകൾ വെള്ളത്തിനടിയിലാവുകയും ചെയ്തു. കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. 14 ദുരിതാശ്വാസ ക്യാമ്പുകളിലായാണ് ആളുകളെ താമസിപ്പിച്ചിരിക്കുന്നത്. വൈകിയും ശകതമായ മഴ തുടരുകയാണ്. ബുധനാഴ്ച 24 സെ.മീറ്റർ മഴയാണ് മണ്ണാർക്കാട് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story