Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2018 11:06 AM IST Updated On
date_range 17 Aug 2018 11:06 AM ISTഭാരതപ്പുഴ കരകവിഞ്ഞൊഴുകി പട്ടാമ്പി പാലം മുങ്ങി, കൈവരികൾ തകർന്നു, ടൗൺ ഒറ്റപ്പെട്ടു
text_fieldsbookmark_border
പട്ടാമ്പി: 2007ന് ശേഷം കനത്ത പേമാരിയിൽ ഭാരതപ്പുഴ വീണ്ടും കരകവിഞ്ഞൊഴുകി. പട്ടാമ്പി പാലം മുങ്ങി, കൈവരികൾ തകർന്നു, ടൗൺ ഒറ്റപ്പെട്ടു. പതിനൊന്നു വർഷത്തിന് ശേഷം ഒരിക്കൽ കൂടി ഭാരതപ്പുഴ പാലം കവിഞ്ഞൊഴുകിയത് ബുധനാഴ്ച ഉച്ചയോടെയായിരുന്നു. ജില്ലയിലെ വിവിധ ഡാമുകൾ തുറന്നതിനാൽ വൈകുന്നേരത്തോടെ ഒഴുക്ക് ശക്തമായി. വ്യാഴാഴ്ച രാവിലെ സ്ഥിതി അതിഗുരുതരമായി. പുഴയുടെ ഒഴുക്ക് ഭീതിപ്പെടുത്തും വിധം ഉയർന്നു. പാലത്തിെൻറ കൈവരികൾ പകുതിയിലേറെ തകർന്നു. ഒഴുക്കിെൻറ ശക്തിയും ഒഴുകിയെത്തുന്ന മരങ്ങളും മറ്റും പാലത്തിലിടിച്ചതുമാണ് കൈവരികളും പാലത്തിലെ വിളക്ക് കാലുകളും തകർന്നത്. ഉച്ചക്ക് റോഡരികിലെ തറയിലുറപ്പിച്ച ട്രാൻസ്ഫോർമറും ഇലക്ട്രിക് കാലും വീണത് അപായ ഭീഷണിയായി. അൽപനേരത്തിനകം അടുത്ത വൈദ്യുതി കാലു കൂടി വീണു. വെള്ളം കാണാൻ തടിച്ചുകൂടിയവരെ അകറ്റാൻ പൊലീസ് നന്നേ പാടുപെട്ടു. മേലെ പട്ടാമ്പിയിൽനിന്ന് ടൗണിലേക്കുള്ള പ്രവേശനത്തിനും വിലക്കേർപ്പെടുത്തി. പഴയ കടവിൽനിന്ന് വെള്ളം റെയിൽവേ കമാനം വരെയെത്തിയതാണ് ഗതാഗത നിയന്ത്രണം അനിവാര്യമാക്കിയത്. രാവിലെ കടകമ്പോളങ്ങൾ തുറന്നെങ്കിലും പിന്നീട് അടച്ചു. വൈദ്യുതി ബന്ധം നിലച്ചു. ബുധനാഴ്ച രാവിലെ മുതൽ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ച് ഇരു വശത്തും പൊലീസ് കാവലേർപ്പെടുത്തിയിരുന്നു. രാത്രി പതിനൊന്ന് മണിയോടെ പഴയകടവ് വ്യാപാര ഭവെൻറയും പള്ളിപ്പുറം റോഡിലെ നിള ആശുപത്രിയുടെയും ഗ്രൗണ്ട് ഫ്ലോർ വെള്ളത്തിൽ മുങ്ങി. പഴയകടവ് - നമ്പ്രം റോഡ് വെള്ളത്തിലായതോടെ കിഴായൂർ പ്രദേശം ഒറ്റപ്പെട്ടു. രാത്രി പുഴക്കരയിലുള്ളവർക്ക് അധികൃതർ ജാഗ്രത നിർദേശം നൽകി. വിളയൂർ, തിരുവേഗപ്പുറ എന്നിവിടങ്ങളിൽ തൂതപ്പുഴയിലും ഒഴുക്ക് വർധിച്ചു. തിരുവേഗപ്പുറ-ചെമ്പ്ര, കൈപ്പുറം-വിളത്തൂർ റോഡുകൾ വെള്ളം കയറി യാത്ര തടസ്സപ്പെട്ടു. ദുരിതബാധിതരെ പാർപ്പിക്കാൻ നരിപ്പറമ്പ് ഗവ. യു.പി സ്‌കൂളിലും പെരുമുടിയൂർ എ.എൽ.പി സ്‌കൂളിലും പട്ടാമ്പി ഗവ. ഹൈസ്‌കൂളിലും ക്യാമ്പുകൾ തുറന്നു. നരിപ്പറമ്പിൽ 12 കുടുംബങ്ങളിൽ നിന്നായി 55 പേർ ക്യാമ്പിലുണ്ട്. പട്ടാമ്പിയിൽ ഗതാഗത തടസ്സമുണ്ടായതോടെ സ്വകാര്യ ബസുകൾ മേലെ പട്ടാമ്പിയിൽ യാത്ര അവസാനിപ്പിച്ചു. വളാഞ്ചേരി, പെരിന്തൽമണ്ണ ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ പലതും ഓടുന്നില്ല. മറ്റു വാഹനങ്ങൾ വെള്ളിയാങ്കല്ല് വഴി തിരിച്ചുവിട്ടു. ചരക്ക് വാഹനങ്ങൾക്ക് കൊപ്പം-വളാഞ്ചേരി റൂട്ടിൽ യാത്രാനുമതി നിഷേധിച്ചു. ചിത്രം: പട്ടാമ്പിയിൽ ഭാരതപ്പുഴ പാലത്തിന് മുകളിലൂടെ ഒഴുകിയപ്പോൾ സുവർണ ജൂബിലി ഉദ്ഘാടനം മാറ്റി പട്ടാമ്പി: മഴക്കെടുതി നിലനിൽക്കുന്ന സാഹചര്യത്തിൽ പട്ടാമ്പി ഗവ. സംസ്കൃത കോളജിലെ അറബിക് ഡിപ്പാർട്മെൻറ് വെള്ളിയാഴ്ച നടത്താനിരുന്ന സുവർണ ജൂബിലി ഉദ്ഘാടനം സെപ്റ്റംബർ ആദ്യവാരത്തിലേക്ക് മാറ്റിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീലിെൻറ ഓഫിസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story