Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2018 11:02 AM IST Updated On
date_range 17 Aug 2018 11:02 AM ISTമഴക്കെടുതിയിൽ വിറങ്ങലിച്ച് ഗ്രാമങ്ങൾ
text_fieldsbookmark_border
മണ്ണൂർ: ചവിറ്റിലതോട്ടിൽ പലയിടങ്ങളിലും ബണ്ട് തകർന്നതോടെ റോഡും നെൽപാടങ്ങളും കരകവിഞ്ഞൊഴുകി. ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടതോടെ ഞാറക്കോട് മേഖല ഒറ്റപ്പെട്ടു. മേഖലയിലെ 200ലേറെ കുടുംബങ്ങളുടെ യാത്ര ദുരിതത്തിലായി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ തോട്ടിലെ വെള്ളം കുത്തിയൊലിച്ച് ബണ്ട് തകർന്നതാണ് നെൽപാടങ്ങളും റോഡും വെള്ളത്തിൽ മൂടാൻ കരാണം. ഞാറക്കോട് ചന്ദനപുറം മേഖലയിലെ 150 ഏക്കറോളം നെൽകൃഷി വെള്ളത്തിൽ മുങ്ങി. പത്തിരിപ്പാല: കനത്ത മഴയിൽ റോഡ് ഇടിഞ്ഞുതാഴ്ന്നു. മണ്ണൂർ പെരടിക്കുന്ന് കല്ലുപുറം റോഡാണ് ഇടിഞ്ഞ് തകർന്നത്. യാത്രക്കാർ ഈ വഴി നടന്നുപോകുമ്പോഴാണ് സംഭവം. പാതവക്കിലെ മരവും ഇതോടെ സമീപത്തെ കുളത്തിലേക്ക് കടപുഴകി വീണു. കോങ്ങാട്: മുണ്ടൂർ-ചെർപ്പുളശ്ശേരി സംസ്ഥാന പാതയിൽ കടമ്പഴിപ്പുറം ഖാദി കേന്ദ്രത്തിനടുത്ത് മരം വീണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കാർ തകർന്നു. സംസ്ഥാനപാതയിൽ വാഹനഗതാഗതം തടസ്സപ്പെട്ടു. കാറിലെ യാത്രക്കാരായ രണ്ടുപേർ അദ്ഭുതകരമായി രക്ഷപ്പെട്ടു. കടമ്പഴിപ്പുറം സ്വകാര്യ ജ്വല്ലറി ജീവനക്കാർ സഞ്ചരിച്ച കാറാണ് വ്യാഴാഴ്ച ഉച്ചക്ക് 2.30ന് അപകടത്തിൽപ്പെട്ടത്. ഏകദേശം ഒന്നര മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. മണ്ണാർക്കാട്ട് നിന്ന് അഗ്നിശമന സേനയെത്തി മരം മുറിച്ചുമാറ്റി. പൊലീസ് ഗതാഗതം നിയന്ത്രിച്ചു. മുണ്ടൂർ, പുതുപ്പരിയാരം, കോങ്ങാട്, കേരളശേരി ഗ്രാമപഞ്ചായത്തുകളിലെ പ്രധാന തോടുകൾ നിറഞ്ഞൊഴുകുന്നു. ഉൾനാടൻ ഗ്രാമങ്ങളിൽ വൈദ്യുതി ലൈനുകൾക്ക് മുകളിൽ മരക്കൊമ്പ് പൊട്ടിവീണ് വൈദ്യുതി വിതരണവും തകരാറിലായി. താഴ്ന്ന നിലങ്ങളിൽ കൃഷി നശിച്ചു. മഴ തുടരുന്നതിനാൽ വ്യക്തമായ കണക്ക് രേഖപ്പെടുത്താൻ ഇതുവരെ സാധിച്ചിട്ടില്ല. കേരളശേരി വില്ലേജിൽ ഒരു വീട് തകർന്നു. പുതുപ്പരിയാരം ഗ്രാമപഞ്ചായത്തിലെ 30ഓളം കുടുംബങ്ങളെ പ്രളയഭീഷണി കാരണം പുതുപ്പരിയാരം കമ്യൂണിറ്റി ഹാളിലേക്ക് മാറ്റിപാർപ്പിച്ചു. കാവിൽപ്പാട് എ.എൽ.പി.എസിലെ ക്യാമ്പ് നിർത്തിവെച്ചു. തെയ്യാല, ഇരുപ്പശേരി, പാങ്ങൽ എന്നീ പ്രദേശത്തെ 100 പേരാണ് ക്യാമ്പിലുള്ളത്. ഗാന്ധി നഗർ, പുച്ചിറ എന്നിവിടങ്ങളിലും വെള്ളക്കെട്ട് ഭീഷണിയിലാണ്. കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിലെ പാളമലയിലും പാത്തിമലയിലും വിള്ളൽ പ്രത്യക്ഷപ്പെട്ടു. ഇവിടത്തെ ആറ് വീട്ടുകാരെ ബന്ധുവീടുകളിലേക്ക് മാറ്റിപാർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story