Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2018 12:08 PM IST Updated On
date_range 11 Aug 2018 12:08 PM ISTകോരയാർ കരകവിഞ്ഞു; വാളയാർ മേഖലയിൽ കനത്ത നാശം
text_fieldsbookmark_border
കഞ്ചിക്കോട്: വേലഞ്ചേരി-കൊട്ടാമുട്ടി മലയിൽ ഉരുൾപ്പൊട്ടിയതിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചലിൽ കോരയാർ കവിഞ്ഞൊഴുകി. പലയിടത്തും വെള്ളപ്പൊക്കമുണ്ടായി. പുഴയുടെ തീരത്തുള്ള വേനോലി പുലച്ചേരി, കൊയ്യാമരക്കാട്, വാട്ടർടാങ്ക്, പഴയ പോസ്റ്റ് ഓഫിസ്, നിഡ ഗാർഡൻ, ആറ്റുപതി, പയറ്റുകാട്, ചുള്ളിമട, കൊട്ടുമുട്ടി എന്നിവിടങ്ങളിലെ ഇരുന്നൂറിലേറെ വീടുകൾ വെള്ളം കയറി നശിച്ചു. വീട്ടുപകരണങ്ങളും വൈദ്യുതോപകരണങ്ങും വാഹനങ്ങളും വെള്ളത്തിനടിയിലായി. ലക്ഷങ്ങളുടെ നാശനഷ്ടമാണ് മേഖലയിലുണ്ടായിട്ടുള്ളത്. പുതുശ്ശേരി പഞ്ചായത്തിൽ വിവിധ വാർഡുകളിലായി ഇരുപതിലേറെ വീടുകൾ ഭാഗികമായും അഞ്ചുവീടുകൾ പൂർണമായും തകർന്നു. അറുപതോളം വ്യാപാര സ്ഥാപനങ്ങളും വെള്ളം കയറിനശിച്ചു. തോടുകളും ചെക്ക്ഡാമുകളും തകർന്ന് വെള്ളം കുത്തിയൊലിച്ച് പലയിടത്തും റോഡുകൾ തകർന്നു. ഗതാഗതം പൂർണമായി നിലച്ചതോടെ കഞ്ചിക്കോട്-വാളയാർ വനയോരമേഖലയിലെ നൂറിലേറെ കുടുംബങ്ങൾ ഒറ്റപ്പെട്ടു. കഞ്ചിക്കോട്, ചിറ്റൂർ സ്റ്റേഷനുകളിലെ അഗ്നിശമനസേനയും വാളയാർ-കസബ സ്റ്റേഷനിലെ പൊലീസും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ജനപ്രതിനിധികളും ചേർന്നാണ് പലയിടത്തും രക്ഷാപ്രവർത്തനം നടത്തിയത്. വീടുകളിൽ വെള്ളം കയറി കോരയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട 15 പേരെ രണ്ടര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ അഗ്നിശമനസേന രക്ഷപ്പെടുത്തി. കൊയ്യാമരക്കാട്, വാട്ടർടാങ്ക് എന്നിവിടങ്ങളിലെ ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെയാണ് കഞ്ചിക്കോട്-ചിറ്റൂർ സ്റ്റേഷനുകളിലെ അഗ്നിശമനസേന സാഹസികമായി രക്ഷപ്പെടുത്തിയത്. ഒഴുക്കിൽപ്പെട്ട കുട്ടികൾ ഉൾപ്പെടെയുള്ളവരെ വടം കെട്ടിയും റബർടിങ് ഉപയോഗിച്ചും ഒഴുക്കിൽനിന്ന് പുറത്തെത്തിക്കുകയായിരുന്നു. പഞ്ചായത്ത് അംഗങ്ങളായ വിനുപ്രിയയുടെ നേതൃത്വത്തിലുള്ള നാട്ടുകാരും സന്നദ്ധ പ്രവർത്തകരും പൊലീസും അഗ്നിശമനസേനക്കൊപ്പം രക്ഷാപ്രവർത്തനത്തിനെത്തി. കഞ്ചിക്കോട് മലനിരകളിലെ ഉരുൾപ്പൊട്ടലിനെ തുടർന്നുണ്ടായ ശക്തമായ മഴവെള്ളപ്പാച്ചലിൽ ചെല്ലങ്കാവ് ഏരിയും കൊട്ടാമുട്ടി, അണപ്പാടം ചെക്ക്ഡാമുകളും വാധ്യാർചള്ള, ആറ്റുപതി തോടുകളും തകർന്നു. വെള്ളം കുത്തിയൊലിച്ചതോടെ വിളവെടുപ്പിനു പാകമായ ഒന്നാം വിളയിലെ ഇരുന്നൂറ് ഹെക്ടറിലേറെ നെൽക്കൃഷി നശിച്ചു. പാടശേഖരങ്ങൾ പൂർണമായി വെള്ളത്തിലായി. വെള്ളപ്പൊക്കത്തിൽ കോരയാർ പുഴയോരത്തെ തൊഴിത്തിൽക്കെട്ടിയ ആറ് പശുക്കൾ ചത്തു. നാല് പശുക്കൾ പുഴയിലെ ഒഴുക്കിൽപ്പെട്ടു. പാരഗൺ സ്റ്റീൽ കമ്പനിക്ക് സമീപം കഴിഞ്ഞദിവസം രാവിലെയോടെയാണ് സംഭവം. കഞ്ചിക്കോട് റെയിൽവേ സ്റ്റേഷൻ മുതൽ ചുള്ളിമട വരെ നീളുന്ന സർവിസ് റോഡ് പൂർണമായി വെള്ളത്തിലായതോടെ ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വെള്ളപ്പൊക്കത്തിലും മഴക്കെടുതിയിലും ദുരിതമനുഭവിക്കുന്നവർക്കായി കഞ്ചിക്കോട് ഗവ. ഹൈസ്കൂളിൽ റവന്യൂ വകുപ്പ് ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. വെള്ളിയാഴ്ച രാത്രിവരെ 15 കുടുംബങ്ങളിലായി 35 പേരെ ഇവിടേക്ക് മാറ്റി പാർപ്പിച്ചു. വൈദ്യുത വിതരണം നിലച്ചതും ജീവനക്കാർ എത്താതിരുന്നതിനാലും കഞ്ചിക്കോട് വ്യവസായ മേഖല പൂർണമായി സ്തംഭിച്ചു. പല കമ്പനികളും അവധി പ്രഖ്യാപിച്ചിരുന്നു. കനത്ത മഴയിൽ വീട് തകർന്നു പറളി: പറളി പഞ്ചായത്തിലെ 16ാം വാർഡിൽ ചക്കാന്തറ തങ്കമ്മയുടെ വീട് വ്യാഴാഴ്ച പുലർച്ച കനത്ത മഴയിൽ തകർന്നു. തങ്കമ്മക്ക് പുറമെ ഇവരുടെ സഹോദരി സരസ്വതിയും മകൾ സുകന്യയും ഇവരുടെ അഞ്ചു വയസ്സായ മകൻ നവനീതുമാണ് ഇവിടെ താമസിക്കുന്നത്. മൂന്ന് സ്ത്രീകളും വിധവകളാണ്. അടുത്ത വീട്ടുകാരുടെ ഔദാര്യത്തിലാണിപ്പോൾ ഇവർ കഴിയുന്നത്. 50 വർഷത്തോളം പഴക്കമുള്ള ഓടിട്ട വീടിെൻറ മൺചുമർ നനഞ്ഞ് കുതിർന്നാണ് തകർന്നുവീണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story