Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2018 10:41 AM IST Updated On
date_range 9 Aug 2018 10:41 AM ISTതീര പരിപാലന നിയമം: അഞ്ച് നഗരസഭകളിലും 18 പഞ്ചായത്തുകളിലും നിർമാണ നിയന്ത്രണമുണ്ടാവും
text_fieldsbookmark_border
മലപ്പുറം: തീര പരിപാലന നിയമം (സി.ആർ.ഇസഡ്) നടപ്പായാൽ ജില്ലയിലെ അഞ്ച് നഗരസഭകളിലും 18 ഗ്രാമപഞ്ചായത്തുകളിലും നിർമാണപ്രവർത്തനങ്ങൾക്ക് നിയന്ത്രണമുണ്ടാവും. വേലിയേറ്റ രേഖയുടെ നീളം അനുസരിച്ച് ജില്ലയിൽ കടല്‍തീരത്തോട് ചേര്‍ന്ന് 49.02 ചതുരശ്ര കിലോമീറ്ററും കായല്‍, നദി, കനാൽ തുടങ്ങിയവയോട് ചേര്‍ന്ന് 278.59 ചതുരശ്ര കിലോമീറ്ററുമാണ് നിയമ പരിധിയില്‍ വരുന്നത്. വാഴക്കാട്, വാഴയൂര്‍, ചേലേമ്പ്ര, വള്ളിക്കുന്ന്, തേഞ്ഞിപ്പലം, താനാളൂര്‍, മൂന്നിയൂര്‍, നിറമരുതൂര്‍, ചെറിയമുണ്ടം, വെട്ടം, തലക്കാട്, തൃപ്രങ്ങോട്, മംഗലം, പുറത്തൂര്‍, കാലടി, മാറഞ്ചേരി, വെളിയേങ്കാട്, പെരുമ്പടപ്പ് പഞ്ചായത്തുകളിലും പരപ്പനങ്ങാടി, തിരൂര്‍, താനൂര്‍, പൊന്നാനി, തിരൂരങ്ങാടി നഗരസഭകളിലുമാണ് നിയമം ബാധകമാവുന്ന പ്രദേശങ്ങൾ. അതീവ പ്രാധാന്യമുള്ള സി.ആര്‍.ഇസഡ് ഒന്ന് മുതല്‍ സി.ആര്‍.ഇസഡ് നാല് ബി വരെയുള്ള ഗണങ്ങളില്‍ ജില്ലയിലെ ഭൂമികള്‍ ഉള്‍പ്പെടുന്നുണ്ട്. ഇവിടങ്ങളില്‍ നിര്‍മാണങ്ങള്‍ക്ക് കനത്ത നിയന്ത്രണങ്ങളും വിലക്കുകളും വരും. കണ്ടല്‍ക്കാടുകള്‍, സമുദ്രസംരക്ഷിത മേഖലകള്‍ എന്നിവയാണ് സി.ആര്‍.ഇസഡ് ഒന്നില്‍ ഉള്‍പ്പെടുന്നത്. കടലുണ്ടി-വള്ളിക്കുന്ന് വംശ സംരക്ഷിത മേഖല ഇതില്‍ പെടും. കടലാമകളുടെ പ്രജനന പ്രദേശങ്ങള്‍ സി.ആർ.ഇസഡ് 1 എയിലാണ് വരിക. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലും പരപ്പനങ്ങാടി നഗരസഭയിലുമായി വ്യാപിച്ച് കിടക്കുന്ന ആലുങ്ങല്‍ ബീച്ച് ഈ ഗണത്തിലാണ്. വേലിയേറ്റ വേലിയിറക്ക രേഖകള്‍ക്ക് ഇടയിലുള്ള അന്തര്‍വേലിയേറ്റ രേഖയില്‍ വരുന്ന പ്രദേശങ്ങള്‍ സി.ആര്‍.ഇസഡ് 1 ബിയിലാണ്. നഗരസഭ പരിധിയില്‍ വരുന്നവയോ നിയമപരമായി നിര്‍ദേശിക്കപ്പെട്ടവയോ ആയ നഗരപ്രദേശങ്ങള്‍ സി.ആർ.ഇസഡ് 2ല്‍ ഉള്‍പ്പെടും. പരപ്പനങ്ങാടി, തിരൂര്‍, തിരൂരങ്ങാടി, താനൂര്‍, പൊന്നാനി നഗരസഭകളിലെ വേലിയേറ്റ രേഖ മുതലുള്ള കരപ്രദേശത്തിെൻറ തീരദേശം സി.ആര്‍.ഇസഡ് രണ്ട് മേഖലയിലാണ്. പാര്‍ക്കുകള്‍, കളി സ്ഥലങ്ങള്‍ എന്നിവ ഇതിലുള്‍പ്പെടില്ല. നിയമപരിധിയില്‍ വരുന്ന ജില്ലക്കകത്തെ 18 പഞ്ചായത്തുകളിലെയും അവികസിത മേഖല സി.ആർ.ഇസഡ് മൂന്നിലാണ് വരിക. വേലിയിറക്ക രേഖയില്‍നിന്ന് കടലിലേക്ക് 12 നോട്ടിക്കല്‍ മൈൽ ദൂരം വരെയുള്ള ജലപ്രദേശം സി.ആര്‍.ഇസഡ് 4എ യിലും വേലിയേറ്റ-വേലിയിറക്ക സ്വാധീനം അനുഭവപ്പെടുന്നതുവരെയുള്ള ജലപ്രദേശം നാല് ബിയിലുമാണ്. ഗ്രാമപഞ്ചായത്തുകളിലും മറ്റ് അവികസിത മേഖലകളിലും കടല്‍തീരത്തോട് ചേര്‍ന്ന് വേലിയേറ്റ രേഖയില്‍നിന്ന് 200 മീറ്റര്‍ അകലെ വരെ നിര്‍മാണാനുമതി ലഭിക്കില്ല. പൊതുജന സമ്പര്‍ക്ക പരിപാടി മുഖവിലക്കെടുക്കാതെ ജനപ്രതിനിധികൾ മലപ്പുറം: തീരദേശ പരിപാലന നിയമം നടപ്പാക്കാൻ മുന്നോടിയായി കേരള തീരദേശ പരിപാലന അതോറിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പൊതുജന സമ്പര്‍ക്ക പരിപാടിക്ക് എത്തിയത് ഏതാനും ജനപ്രതിനിധികള്‍. 18 ഗ്രാമപഞ്ചായത്തുകളിലും അഞ്ച് നഗരസഭകളിലും നിയമം ബാധകമാണെന്നിരിക്കെ പങ്കെടുത്തത് 20ല്‍ താഴെ തദ്ദേശ സ്ഥാപന അംഗങ്ങളാണ്. പരപ്പനങ്ങാടി, പൊന്നാനി, താനൂര്‍ നഗരസഭകളില്‍നിന്നും മംഗലം, വെട്ടം, നിറമരുതൂര്‍ തുടങ്ങിയ ഏതാനും പഞ്ചായത്തുകളില്‍നിന്നും മാത്രമാണ് ജനപ്രതിനിധികളെത്തിയത്. മാറഞ്ചേരി ഡിവിഷനെ പ്രതിനിധീകരിക്കുന്ന സമീറ ഇളയേടത്താണ് പങ്കെടുത്ത ഏക ജില്ല പഞ്ചായത്ത് അംഗം. ചില പഞ്ചായത്തുകള്‍ ഉദ്യോഗസ്ഥരെ വിട്ട് കടമ കഴിച്ചു. മത്സ്യത്തൊഴിലാളി സംഘടനകളുടെ പങ്കാളിത്തവും ശുഷ്‌കമായിരുന്നു. തദ്ദേശ സ്ഥാപനങ്ങളില്‍ നിയമത്തിെൻറ കരട് രൂപം ഒരു മാസം മുമ്പ് എത്തിച്ച ശേഷമാണ് പൊതുജനസമ്പര്‍ക്കം സംഘടിപ്പിച്ചത്. നിയമത്തിലുള്‍പ്പെടുന്ന പ്രദേശങ്ങളും നിയമവശവും മനസ്സിലാക്കാനും ആക്ഷേപങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്താനുമുള്ള വേദിയായിരുന്നു ജനസമ്പര്‍ക്കം. നിയമത്തിെൻറ കരട് രൂപം ഭൂപടം സഹിതം ദേശീയ ഭൗമ പഠന കേന്ദ്രം ഡയറക്ടര്‍ ഡോ. കെ.കെ. രാമചന്ദ്രന്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ഓരോ തദ്ദേശ സ്ഥാപനങ്ങളിലും ഉള്‍പ്പെടുന്ന മേഖലകളുടെ ഭൂപടങ്ങളും അവതരിപ്പിച്ചു. എ.ഡി.എം വി. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ല കലക്ടര്‍ അമിത് മീണ, മെംബര്‍ സെക്രട്ടറി ഡോ. വീണ എന്‍. മാധവന്‍ എന്നിവര്‍ സംസാരിച്ചു. പരിസ്ഥിതി എന്‍ജിനീയര്‍ പി. കളൈശരന്‍, ജോയൻറ് സെക്രട്ടറി പ്രസന്നകുമാര്‍, എന്‍വയണ്‍മെൻറ് ഓഫിസര്‍ ഡോ. ജെസ്സി ജ്യോതി, ജില്ല ടൗൺ പ്ലാനർ പി.എ. ഐഷ, ടോം അഗസ്റ്റിന്‍, അനില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇനിയും പരാതിയും ആക്ഷേപവുമുള്ളവർക്ക്് ഏഴു ദിവസത്തിനകം എൻവയൺമെൻറൽ എൻജിനീയർ, പരിസ്ഥിതി കാലാവസ്ത വ്യതിയാന വകുപ്പ്, പള്ളിമുക്ക്, പേട്ട, തിരുവനന്തപുരം -695024 വിലാസത്തിലോ kczmasandtd@gmail. com എന്ന ഇ -മെയിൽ വഴിയോ ബോധിപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story